Sorry, you need to enable JavaScript to visit this website.

വായ്പാ തിരിച്ചടവില്‍ ഒരു രൂപ ബാക്കി; മൂന്നര ലക്ഷം രൂപയുടെ പണയ സ്വര്‍ണം ബാങ്ക് തിരികെ നല്‍കുന്നില്ല

ചെന്നൈ- വായ്പ തിരിച്ചടവില്‍ ഒരു രൂപയുടെ കുറവു വരുത്തി എന്ന കാരണം ചൂണ്ടിക്കാട്ടി പണം വച്ച സ്വര്‍ണം ബാങ്ക് തിരികെ നല്‍കുന്നില്ലെന്ന ആരോപിച്ചു യുവാവ് രംഗത്ത്. കാഞ്ചീപുരം സെന്‍ട്രല്‍ കോഓപറേറ്റീവ് ബാങ്കിന്റെ ചെന്നൈയിലെ പല്ലാവരം ശാഖയിലെ ഉപഭോക്താവ് സി കുമാറാണ് പരാതിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. വായ്പയ്ക്കു വേണ്ടി പണയം വച്ച 138 ഗ്രാം സ്വര്‍ണം ബാങ്ക് തിരികെ നല്‍കുന്നില്ലെന്നാണ് പരാതി. വായ്പാ തിരിച്ചടവില്‍ ഒരു രൂപ കുറഞ്ഞു പോയെന്നാണ് ബാങ്ക് അധികൃതരുടെ തടസവാദം. കഴിഞ്ഞ അഞ്ചു വര്‍ഷമായി പണയം വച്ച സ്വര്‍ണം തിരികെ ലഭിക്കാനായി മുട്ടാത്ത വാതിലുകളില്ലെന്നും കുമാര്‍ പറയുന്നു. കുമാറിന്റെ ഹരജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി 14 ദിവസത്തിനകം മറുപടി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

2010 ഏപ്രില്‍ ആറിനാണ് ഹരജിക്കാരന്‍ ആദ്യമായി 131 ഗ്രാം സ്വര്‍ണം പണയം വച്ച് 1.23 ലക്ഷം രൂപ വായ്പ എടുത്തത്. ഇതിനിടെ രണ്ടു തവണ കൂടി പുതിയ വായ്കള്‍ എടുത്തതോടെ തുക 1.65 ലക്ഷം രൂപയായി. ഇതിന് ഈടായി 138 ഗ്രാം സ്വര്‍ണവും ബാങ്കിനു നല്‍കിയിരുന്നു. 2011 മാര്‍ച്ച് 28ന് കുമാര്‍ 131 ഗ്രാം സ്വര്‍ണം പണയപ്പെടുത്തി എടുത്ത ആദ്യ വായ്പ പലിശ സഹിതം തിരിച്ചടച്ചു ക്ലോസ് ചെയ്തു. പിന്നീട് വൈകാതെ മറ്റു രണ്ടു വായ്പകളും തിരിച്ചടച്ചു ക്ലോസ് ചെയ്തു. ഇതിനു ശേഷം ഓരോ അക്കൗണ്ടിലും ഓരോ രൂപ വീതം തിരിച്ചടക്കാന്‍ ബാക്കിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പണയം വച്ച സ്വര്‍ണം ബാങ്ക് തിരികെ നല്‍കാന്‍ കൂട്ടാക്കിയില്ലന്നാണ് കുമാറിന്റെ പരാതി. 

തുച്ഛമായ ഈ തുക അടക്കാന്‍ തയാറായിട്ടും സ്വീകരിക്കാനും പണയ സ്വര്‍ണം തിരികെ നല്‍കാനോ ബാങ്ക് തയാറായില്ലെന്ന് കുമാറിന്റെ അഭിഭാഷകന്‍ എം സത്യന്‍ പറയുന്നു. തന്റെ സ്വര്‍ണത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും കുമാര്‍ കോടതിയില്‍ പറഞ്ഞു.
 

Latest News