ഭാര്യയെ കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

തൊടുപുഴ-ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരിക്കോട്  ഉണ്ടപ്ലാവ് തിമ്മിലില്‍ ഇസ്മായില്‍(64), ഭാര്യ ഹലീമ(56) എന്നിവരാണ് മരിച്ചത്. ഹലീമ നിലത്ത് മരിച്ച നിലയിലും ഇസ്മായില്‍ തൂങ്ങി മരിച്ച നിലയിലുമായിരുന്നു. ജല അതോറിറ്റിയില്‍ ജോലിയുള്ള മകന്‍ മാഹിന്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ്  രാവിലെ പത്തരയോടെ വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും അനക്കം കേള്‍ക്കാത്തതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോള്‍ ഹലീമയുടെ മൃതദേഹം മുറിക്കുള്ളില്‍ നിലത്ത് കിടക്കുന്നത് കണ്ടു. വാതില്‍ തള്ളി തുറന്ന് അകത്ത് കയറിയപ്പോള്‍ ഇസ്മായിലിനെ അടുക്കളയില്‍ തൂങ്ങിയ നിലയിലും കണ്ടെത്തി. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇസ്മായില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതാണെന്നാണ് സൂചനയെന്ന് പോലിസ് പറഞ്ഞു.
ഹലീമയുടെ തലയില്‍ പരിക്കേറ്റ് രക്തം വാര്‍ന്ന് പോയതാണ് മരണകാരണമെന്നാണ് നിഗമനം. കരിമണ്ണൂര്‍ മുളപ്പുറം സ്വദേശികളായ കുടുംബം ഉണ്ടപ്ലാവില്‍ വീട് വാങ്ങി താമസം ആരംഭിച്ചതാണ്. സമീപത്ത് നിരവധി വീടുകളുണ്ട്. രാത്രി വൈകിയാകും സംഭവം നടന്നതെന്നാണ് നിഗമനം. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഖബറടക്കി. മക്കള്‍: മാഹിന്‍, ജംല.

 

 

Latest News