എസ്.എഫ്.ഐ നേതാവ് കുത്തേറ്റു മരിച്ചു; മൂന്നു പേര്‍ കസ്റ്റഡിയില്‍

കൊച്ചി- എറണാകുളം മഹാരാജാസ് കോളേജിലുണ്ടായ വിദ്യാര്‍ഥി സംഘട്ടനത്തില്‍ എസ്.എഫ.്‌ഐ നേതാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍. കോളേജ് മതിലിലെ ചുവരെഴുത്തിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് എസ്.എഫ്.ഐയും ക്യാംപസ് ഫ്രണ്ടും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്. രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥിയും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു (20) ആണ് മരിച്ചത്. എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ്. കുത്തേറ്റ അഭിമന്യുവിനെ തൊട്ടടുത്ത ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ.്എഫ്.ഐ ഇന്നു സംസ്ഥാനവ്യാപക പഠിപ്പുമുടക്ക് പ്രഖ്യാപിച്ചു. സംഘട്ടനത്തില്‍ പരിക്കേറ്റ എഫ്.എഫ്.ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ (19) മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ്.
പോലീസ് കസ്റ്റഡിയിലെടുത്ത  മൂന്ന് പേര്‍ മഹരാജാസ് കോളേജിലെ വിദ്യാര്‍ഥികളല്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് രാത്രി തന്നെ നഗരത്തില്‍ വാഹന പരിശോധന നടത്തിയിരുന്നു. 
കോളേജ് മതിലില്‍ ക്യാംപസ് ഫ്രണ്ടും എസ്.എഫ്.ഐയും മത്സരിച്ച് ചുമരെഴുത്ത് നടത്തിയതാണ് ഏറ്റുമുട്ടലിലെത്തിയത്. ഇന്നു തുടങ്ങുന്ന അധ്യയന വര്‍ഷത്തില്‍ നവാഗതരെ വരവേല്‍ക്കാനായി തയാറാക്കിയ ബോര്‍ഡുകളും നശിപ്പിച്ചുവെന്ന് ഇരുകൂട്ടരും ആരോപിക്കുന്നു. 

Latest News