VIDEO പരീക്ഷ പാസാകാന്‍ വിദ്യാര്‍ഥിനി സെക്‌സിനു വഴങ്ങണം; പ്രൊഫസര്‍ക്കെതിരെ കേസെടുത്തു

ജൗന്‍പൂര്‍- ഉത്തര്‍പ്രദേശില്‍  വിദ്യാര്‍ത്ഥിനിയോട്  ലൈംഗിക ആവശ്യം ഉന്നയിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് കോളേജ് പ്രൊഫസര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.ജൗന്‍പൂരിലെ ടി.ഡി കോളേജില്‍ പുരാതന ചരിത്രം പഠിപ്പിക്കുന്ന പ്രദീപ് സിംഗാണ് ക്യാമറയില്‍ കുടുങ്ങിയത്.
ബിഎഡ്-ടെറ്റ് പരീക്ഷ പാസാക്കുന്നതിനാണ് പ്രൊഫസര്‍ പെണ്‍കുട്ടിയോട് ലൈംഗികാഭിലാഷം ഉന്നയിച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ടി ഡി കോളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.  പ്രദീപ് സിംഗിനെതിരെ ലൈന്‍ ബസാര്‍ പോലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ടി.ഡി കോളേജിലെ പ്രൊഫസര്‍ പ്രദീപ് സിംഗ് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി സംസാരിച്ചതിനാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന്  സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍  സഞ്ജയ് വര്‍മ പറഞ്ഞു.
പ്രദീപ് സിംഗിന് നോട്ടീസ് നല്‍കിയതായി ടി ഡി കോളേജ് പ്രിന്‍സിപ്പല്‍ അലോക് സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വ്യാജ വീഡിയോ ആണെന്നുമാണ് പ്രൊഫസര്‍ മറുപടി നല്‍കിയിരിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി കോളേജ് മാനേജ്‌മെന്റ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest News