ആരോഗ്യ പ്രവർത്തകർക്ക് സംക്ഷണം ഉറപ്പാക്കുന്ന ശക്തമായ നിയമം വേണമെന്ന് ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സംഘടനകൾ ആവശ്യപ്പെടുക സ്വാഭാവികമാണ്. ആശുപത്രിയിലെത്തുന്ന രോഗികളുടെ സംരക്ഷണത്തിനും നിയമം വേണ്ടതല്ലേ? ആരോഗ്യ പ്രവർത്തകർക്കിടയിൽ വലിയ തോതിൽ അഴിമതി നിലനിൽക്കുന്നുണ്ട്. കൈക്കൂലി നൽകാത്തവരെ അവഗണിക്കുന്നത് സാധാരണമാണ്. ഡോക്ടർമാർ സർക്കാർ ആശുപത്രിയെ മറയാക്കി സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനെതിരെ നടപടിയുണ്ടാകണം. ജനത്തിന്റെ പണമാണ് സർക്കാർ ജീവനക്കാർ പറ്റുന്നത്. ജനമാണ് യജമാനന്മാരെന്ന് മറക്കരുത്.
2012 ലെ കേരള ആരോഗ്യരക്ഷ സേവന പ്രവർത്തകരും ആരോഗ്യരക്ഷസേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസ് കൊണ്ടുവന്നതുകൊണ്ട് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പായെന്ന് കരുതാനാകുമോ? ഇവിടെ നിയമത്തിന്റെ കുറവല്ല കുഴപ്പങ്ങൾക്ക് കാരണം. നിയമം ഫലപ്രദമായും നിഷ്പക്ഷമായും നടപ്പാക്കുന്നില്ലെന്നതാണ്. രാഷ്ട്രീയ ഇടപെടലും സംഘടനകളുടെ സമ്മർദവും പണസ്വാധീനവുമെല്ലാം കുറ്റവാളികൾ രക്ഷപ്പെടാനിടയാക്കുന്നു. ഇതിന് മാറ്റം വരുത്തുകയെന്നതാണ് പ്രധാനം. കുറ്റവാളികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കണം.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഹൗസ് സർജൻ ഡോ. വന്ദന ദാസ് പോലീസ് നോക്കിനിൽക്കേ അക്രമിയുടെ കുത്തേറ്റ് മരണപ്പെട്ട സംഭവമാണ് ഇത്തരത്തിൽ ഒരു ഓർഡിനൻസ് വേഗത്തിൽ പുറത്തിറക്കുന്നതിന് കാരണമായത്. ഇവിടെ പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച ഗുരുതരമാണ്. അക്രമിയെ വിലങ്ങണിയിക്കാതെ ആശുപത്രിയിലെത്തിച്ചു. രാത്രി ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ പക്കൽ ആയുധമുണ്ടായിരുന്നില്ല. അക്രമിയിൽനിന്ന് ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കുന്നതിൽ പോലീസ് വലിയ പരാജയമായി. അക്രമിയെ കീഴ്‌പ്പെടുത്താനുള്ള പരിശ്രമമൊന്നും തുടക്കത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇത്തരം വീഴ്ചകളൊക്കെ നിലനിൽക്കുമ്പോൾ നിയമം കൊണ്ടു മാത്രം എല്ലാം പരിഹരിക്കാമെന്ന് വ്യാമോഹിക്കുന്നത് ശരിയല്ല. കണ്ണിൽ പൊടിയിടാനുള്ള നടപടി മാത്രമായി ഈ ഓർഡിനൻസ് മാറാം.
കുറ്റക്കാരായ പോലീസുകാരെ സർവീസിൽനിന്ന് പിരിച്ചുവിടുകയാണ് വേണ്ടത്. ആശുപത്രി ജീവനക്കാരും യുവഡോക്ടറുടെ ജീവൻ സംരക്ഷിക്കാൻ ശ്രദ്ധിച്ചില്ലെന്നത് കുറ്റകരമായ വീഴ്ചയാണ്. അവർക്കെതിരെയും നടപടിയുണ്ടാകണം. കേസിലെ പ്രതിയും എൽ.പി സ്‌കൂൾ അധ്യാപകനുമായ സന്ദീപിനെ സർവീസിൽനിന്ന് പിരിച്ചുവിട്ട് നിയമ പ്രകാരം ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ വേഗത്തിൽ വാങ്ങി നൽകുകയാണ് വേണ്ടത്. ഇയാളെ വെള്ള പൂശാൻ പരിശ്രമിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കണം. അവരുടെ ഉദ്ദേശ്യമെന്തെന്ന് പരസ്യമാക്കണം.
സർക്കാർ ജീവനക്കാർക്കിടയിൽ മയക്കുമരുന്നിനും മദ്യത്തിനും അടിമകളായവരെ സർവീസിൽനിന്ന് പിരിച്ചുവിടണം. കൊച്ചു കുട്ടികളെ സന്ദീപിനെപ്പോലെയുള്ള ക്രിമിനലുകളെയാണ് നമ്മൾ ഏൽപിക്കുന്നതെന്ന കാര്യം മറക്കരുത്. ജീവനക്കാരുടെ സംഘടനകൾ ഇത്തരക്കാരെ സംരക്ഷിക്കാനായി മുന്നോട്ടു വന്നാൽ ഒരു ദാക്ഷണ്യവും കാണിക്കരുത്. സംഘടനയുടെ തനിനിറം ജനങ്ങളുടെ മുമ്പിൽ തുറന്നുകാട്ടണം. അവർക്കെതിരെയും കേസെടുക്കണം. അതിന് തന്റേടം സർക്കാരിനുണ്ടോയെന്നതാണ് ചോദ്യം.ആരോഗ്യ പ്രവർത്തകരും രോഗികളും രോഗികളുടെ ബന്ധുക്കളും തമ്മിലുള്ള സംഘർഷങ്ങൾ അടുത്ത കാലത്തായി വർധിച്ചുവരുന്നുണ്ട്. അതിന്റെ യഥാർഥ കാരണം കണ്ടെത്തി പരിഹാരം കാണുകയാണ് വേണ്ടത്. ആരോഗ്യ പ്രവർത്തകർക്ക് സംക്ഷണം ഉറപ്പാക്കുന്ന ശക്തമായ നിയമം വേണമെന്ന് ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സംഘടനകൾ ആവശ്യപ്പെടുക സ്വാഭാവികമാണ്. ആശുപത്രിയിലെത്തുന്ന രോഗികളുടെ സംരക്ഷണത്തിനും നിയമം വേണ്ടതല്ലേ? ആരോഗ്യ പ്രവർത്തകർക്കിടയിൽ വലിയ തോതിൽ അഴിമതി നിലനിൽക്കുന്നുണ്ട്. കൈക്കൂലി നൽകാത്തവരെ അവഗണിക്കുന്നത് സാധാരണമാണ്. ഡോക്ടർമാർ സർക്കാർ ആശുപത്രിയെ മറയാക്കി സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനെതിരെ നടപടിയുണ്ടാകണം. ജനത്തിന്റെ പണമാണ് സർക്കാർ ജീവനക്കാർ പറ്റുന്നത്. ജനമാണ് യജമാനന്മാരെന്ന് മറക്കരുത്.
അക്രമം നടത്തുതാരായാലും മുഖം നോക്കാതെ കർശന നടപടിയെന്നതാണ് വേണ്ടത്. ഇപ്പോഴുള്ള നിയമം കർശനമായി നടപ്പാക്കണം. ഓരോ വിഭാഗവും അവരുടെ സംരക്ഷണത്തിനായി പ്രത്യേക നിയമത്തിനായി മുറവിളി കൂട്ടുന്ന സ്ഥിതിയുണ്ടാകരുത്. വന്ദന ദാസിന്റെ ക്രൂരമായ കൊലപാതകം ഉണ്ടാക്കിയ നടുക്കത്തിന്റെ പശ്ചാത്തലത്തിലാണ് 2012 ലെ കേരള ആരോഗ്യരക്ഷ സേവന പ്രവർത്തകരും ആരോഗ്യരക്ഷ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസിന്റെ വിജ്ഞാപനം കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയത്. ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിക്കണമെന്നോ അവഹേളിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെ വാക്കുകൾ ഉപയോഗിച്ചാൽ കേസെടുക്കാനുള്ള വ്യവസ്ഥയോടു കൂടിയ വിജ്ഞാപനമാണ് പുറത്തിറങ്ങിയത്. ആരോഗ്യ പ്രവർത്തകരെ വാക്കാൽ അപമാനിച്ചാലും തടവോ പിഴയോ ലഭിക്കുന്ന തരത്തിലുള്ളതാണ് നിയമം.
ആരോഗ്യ പ്രവർത്തകരെ ആക്ഷേപിച്ചതായി പരാതിയുണ്ടായാൽ മൂന്ന് മാസം വരെ തടവ് അല്ലെങ്കിൽ 10,000 രൂപ വരെ പിഴ എന്ന വ്യവസ്ഥയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആരോഗ്യ പ്രവർത്തകരെ കഠിനമായി ദേഹോപദ്രവം ഏൽപിച്ചാൽ ഒരു വർഷം മുതൽ ഏഴു വർഷം വരെ തടവു ലഭിക്കും. ഒന്നു മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴയും ഈടാക്കും. അക്രമം നടത്തുകയോ അതിന് പ്രേരിപ്പിക്കുകയോ പ്രോത്സാഹനം നൽകുകയോ ചെയ്താൽ ആറു മാസം മുതൽ അഞ്ചു വർഷം വരെ തടവുശിക്ഷയും അമ്പതിനായിരം രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള അക്രമം സംബന്ധിച്ച കേസിന്റെ വിചാരണ വേഗത്തിലാക്കാൻ എല്ലാ ജില്ലയിലും ഹൈക്കോടതി അനുമതിയോടെ പ്രത്യേക കോടതികൾ സ്ഥാപിക്കും. ഇതിനായി സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കും. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു രണ്ടു മാസത്തിനുള്ളിൽ കേസന്വേഷണവും ഒരു വർഷത്തിനുള്ളിൽ വിചാരണയും പൂർത്തിയാക്കും. നമ്മെപ്പോലെ അഴിമതിയും സ്വജനപക്ഷാഭേദവും നിറഞ്ഞ ഒരുസമൂഹത്തിൽ ഈ നിയമം ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെയേറെയാണ്.
ആരോഗ്യ പ്രവർത്തകരോടു രോഗികളുടെ ബന്ധുക്കൾ വൈകാരികമായും മോശമായും പ്രതികരിക്കുന്നതു പോലെ തന്നെ ആരോഗ്യ പ്രവർത്തകർ തിരിച്ചും പ്രവർത്തിക്കാറുണ്ട്. രോഗികളോട് മോശമായ പെരുമാറ്റം ഉണ്ടാകാറുണ്ട്. ചില സർക്കാർ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ പാവപ്പെട്ടവരോട് മോശമായി പെരുമാറുന്നതായി പരാതിയുണ്ട്. ഓപറേഷനും മറ്റും കൈക്കൂലി കൊടുക്കുകയെന്നത് സാധാരണമാണ്. ഇങ്ങനെ നൽകാത്തവർക്ക് മോശം പെരുമാറ്റം അനുഭവിക്കേണ്ടതായി വരും. ഇത്തരത്തിലുള്ള സാഹചര്യം നിലനിൽക്കുമ്പോൾ ആരോഗ്യ പ്രവർത്തകർക്ക് അനുകൂലമായി മാത്രമുള്ള നിയമം സമൂഹത്തിൽ വലിയ തോതിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. നമ്മൾ നേരിടുന്ന പ്രതിസന്ധി നിലവിലുള്ള നിയമം പാലിക്കുന്നില്ലയെന്നതാണ്. സ്വാധീനമുള്ളവർ നിയമ ലംഘനം നടത്തുന്നു. ഇതാണ് മാറേണ്ടത്. അക്രമികൾ ആരായാലും അക്രമിയായി കണ്ട് നടപടിയെടുക്കണം.