Sorry, you need to enable JavaScript to visit this website.

ചെങ്കോലിന്റെ രാഷ്ട്രീയം

ചെങ്കോലും കിരീടവും രാജവാഴ്ചയുടെ അധികാര ചിഹ്നങ്ങളാണ്. ഏകാധിപത്യത്തിന്റെ ചോദ്യം ചെയ്യാൻ പാടില്ലാത്ത മുദ്രകൾ കൂടിയാണത്. ചെങ്കോലും കീരീടവും സ്വന്തമാക്കിയ രാജാവിനെ ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ല. രാജാവിന് എന്തും തീരുമാനിക്കാം, കൽപിക്കാം. പ്രജകൾക്ക് അത് അനുസരിക്കുക മാത്രമേ നിവൃത്തിയുള്ളൂ. രാജാവിന്റെ അധികാരത്തെ ചോദ്യം ചെയ്താൽ ഒന്നുകിൽ തലയെടുക്കും അതല്ലെങ്കിൽ ജീവിതാവസാനം വരെ ഇരുട്ടു മൂടിയ തടവറയിലേക്ക് വലിെച്ചറിയപ്പെടും. 
ചെങ്കോലും കിരീടവും അധികാര ചിഹ്നമായി കൊണ്ടുനടന്ന കാലത്തെ ഏകാധിപത്യത്തിന്റെയും ക്രൂരതകളുടെയും കഥകളാണ് നമ്മളും നമുക്ക് മുമ്പ് കടന്നുപോയ തലമുറകളും കേട്ടിട്ടുള്ളത്. പൊടിപ്പും തൊങ്ങലും നിറഞ്ഞ അധികാരക്കഥകൾ തലമുറകൾ കൈമാറി പ്രചരിച്ചുകൊണ്ടേയിരിക്കുന്നു. 
രാജഭരണത്തിൽ നിന്ന് ഇന്ത്യ ജനാധിപത്യത്തിലേക്ക് എത്തിയിട്ട് കാലം കുറെയായെങ്കിലും രാജഭരണത്തിന്റെ തിരുശേഷിപ്പുകൾ ഇപ്പോഴും എവിടെയെല്ലാമോ കിടക്കുന്നുണ്ട്. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും തമ്മിലുള്ള അന്തരത്തിൽ രാജഭരണ കാലത്തിന്റെ അവശിഷ്ടങ്ങൾ ഇടയ്ക്കിടെ പൊന്തി വരാറുമുണ്ട്. അതിനെയെല്ലാം ചെറുത്തു തോൽപിച്ചുകൊണ്ട് ജനാധിപത്യം വിളയാടുന്ന രാജ്യത്തെ വീണ്ടും രാജഭരണത്തിന്റെ ഓർമകളിലേക്കും ഏകാധിപത്യത്തിലേക്കുമെല്ലാം കൂട്ടിക്കൊണ്ടു പോകാനാണ് നരേന്ദ്ര മോഡി ഭരണകൂടത്തിന്റെ നീക്കം. 
രാജഭരണ കാലത്തെ അധികാരക്കൈമാറ്റത്തിന്റെ ചിഹ്നമായ ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നീക്കം അധികാര കേന്ദ്രീകരണത്തെ അടിസ്ഥാനമാക്കിയുള്ള ഏകാധിപത്യ കാലഘട്ടത്തിന്റെ ചില ഓർമപ്പെടുത്തലാണ്. ഇന്ത്യ മതേതര രാജ്യവും വിവിധ ജാതിയിലും മതങ്ങളിലും പെട്ടവർക്ക് അവരുടെ വിശ്വാസങ്ങൾക്കുനുസരിച്ച് ജീവിതം നയിക്കാൻ ഭരണഘടനാപരമായി അവകാശമുള്ള ഇടവുമാണ്. ഇതെല്ലാം ഇന്ത്യയിൽ നിയമപരമായി ഒരു വ്യക്തിക്ക് ലഭിക്കേണ്ട അവകാശങ്ങളാണ്. നാനാത്വത്തിൽ ഏകത്വമെന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നയം. എന്നാൽ ഇതിനെയെല്ലാം ചവിട്ടി മെതിച്ചുകൊണ്ട് രാജ്യത്ത് ഏകാധിപത്യ ഭരണ വ്യവസ്ഥ സൃഷ്ടിക്കാനാണ് മോഡിയുടെ ഭരണകൂടം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്കുള്ള ഒരു പരിണാമം ഇന്ത്യയിൽ മോഡി ഭരണകൂടം നടത്തിക്കൊണ്ടുവരുന്നുണ്ട്. ജാതിയുടെയും മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മാത്രമല്ല കരുതിക്കൂട്ടിയുള്ള പരിണാമ ശ്രമങ്ങൾ നടക്കുന്നത്, മറിച്ച് സമൂഹത്തിന്റെ നാനാതുറകളിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. അതിനുള്ള അടിത്തറ സംഘപരിവാർ ശക്തമായി ഉറപ്പിച്ചു കഴിഞ്ഞു. ഇനി മേലോട്ട് കെട്ടിപ്പൊക്കേണ്ട ചുമതല നരേന്ദ്ര മോഡിക്കും അമിത് ഷാക്കും മറ്റ് സംഘപരിവാർ നേതാക്കൾക്കുമാണ്. അത് അവർ ഭംഗിയായിത്തന്നെ നിർവഹിക്കുന്നുണ്ട്. 
മോഡി ഭരണകൂടം ഏകാധിപത്യത്തിന്റെ ചെങ്കോൽ അണിയുകയാണെന്ന് രാജ്യത്തെ ഓർമപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കാനുള്ള നീക്കമെന്ന് രാഷ്ട്രീയമായി വിവക്ഷിക്കാവുന്നതാണ്. കാരണം ഭരണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും രാജഭരണത്തിന്റെ അധികാര ചിഹ്നമായ ചെങ്കോലും തമ്മിൽ വലിയ തോതിൽ ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. 
പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കാനുള്ള നീക്കത്തെ ആഭ്യന്തര മന്ത്രിയും സംഘപരിവാർ അജണ്ടകൾ രാജ്യത്ത് നടപ്പാക്കുന്നതിലെ ഇപ്പോഴത്തെ ബുദ്ധി കേന്ദ്രവുമായ അമിത് ഷാ രാഷ്ട്രീയമായി വിശേഷിപ്പിക്കുന്നത് എങ്ങനെയെന്ന് നോക്കാം. രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപന വേളയിൽ അധികാരക്കൈമാറ്റത്തെ സൂചിപ്പിക്കുന്ന എന്തെങ്കിലും ആചാരങ്ങൾ ഇന്ത്യയിലുണ്ടോയെന്ന് അന്നത്തെ വൈസ്രോയിയായിരുന്ന മൗണ്ട്ബാറ്റൺ ജവാഹർലാൽ നെഹ്റുവിനോട് ആരാഞ്ഞിരുന്നു. സി. രാജഗോപാലാചാരിയാണ് ചെങ്കോൽ കൈമാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചത്. തുടർന്ന് ചെന്നൈയിലെ സ്വർണാഭരണ വ്യാപാരി വുമ്മിടി ബംഗാരു ചെട്ടി അഞ്ചടി നീളമുള്ള സ്വർണച്ചെങ്കോൽ നിർമിച്ചു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു മുമ്പായി തമിഴ്നാട്ടിലെ തിരുവാവടുതുറൈ എന്ന ശൈവമഠത്തിലെ പൂജാരി ചെങ്കോൽ നെഹ്റുവിന് കൈമാറുകയായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. 
രാജവാഴ്ചയുടെ ചിഹ്നമായതുകൊണ്ടു തന്നെ ചെങ്കോലിന് നെഹ്റു പ്രാധാന്യം നൽകിയിരുന്നില്ല. സ്വാതന്ത്ര്യ പ്രഖ്യാപന വേളയിലെ അതേ ചടങ്ങുകൾ പുതിയ പാർലമെന്റിന്റെ ഉദ്ഘാടനത്തിൽ ആവർത്തിക്കാനാണ് തീരുമാനം. ശൈവമഠത്തിലെ ഇപ്പോഴത്തെ പൂജാരി ചെങ്കോൽ മോഡിക്ക് കൈമാറും. പ്രധാനമന്ത്രി ഇത് പുതിയ പാർലമെന്റിൽ സ്ഥാപിക്കും. രാജ്യത്തിന്റെ അധികാരം പുതിയ പാർലമെന്റിലേക്ക് ഇതോടെ കൈമാറപ്പെടുമെന്നാണ് അമിത് ഷായുടെ അവകാശവാദം. ഇതിലൂടെ പാരമ്പര്യത്തെ കാത്തു സൂക്ഷിക്കുകയും ഇന്ത്യയുടെ എക്കാലത്തെയും സംരക്ഷകർ തങ്ങളാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യുകയാണ് മോഡി - അമിത് ഷാ കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്. 
ജനാധിപത്യം പണ്ടേ തൂത്തെറിഞ്ഞു കളഞ്ഞ ചെങ്കോലിനെ തുടർഭരണത്തിനുള്ള ഉപാധിയാക്കി എങ്ങനെ മാറ്റാമെന്നതിനെക്കുറിച്ചാണ് അവർ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യ ഭരണത്തിന്റെ  യാഥാർത്ഥ നേരവകാശികൾ തങ്ങളാണെന്ന് വരുത്തിത്തീർക്കാനുള്ള രഹസ്യ ശ്രമങ്ങൾ ഇതിനു പിന്നിലുണ്ടെന്ന് തീർച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു. പശുവിനെ അമ്മയാക്കി ഉയർത്തിപ്പിടിച്ചതിലൂടെ ഹൈന്ദവവൽക്കരണത്തിലേക്കുള്ള ഒരു പുതിയ പാത വെട്ടിത്തുറക്കാൻ കഴിഞ്ഞതുപോലെ തന്നെ ചെങ്കോലിനെയും രാഷ്ട്രീയ ആയുധമാക്കാനാണ് സംഘപരിവാറിന്റെ നീക്കം. അതിനുള്ള റിഹേഴ്‌സലുകളെല്ലാം തന്നെ അവർ നടത്തിക്കഴിഞ്ഞിട്ടുണ്ട്. 
പുതിയ പാർലമെന്റ് മന്ദിരത്തെ സർക്കാർ എങ്ങനെയാണ് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതെന്നതിന്റെ തെളിവുകൾ ഇനിയുമുണ്ട്. ഈ രാജ്യത്തെ എല്ലാ ജാതി, മത വിഭാഗങ്ങളുടെ പൊതു സ്വത്തും അഭിമാന ബിംബവുമായ പാർലമെന്റിനെ ഹൈന്ദവതയുടെ ഉൽപന്നമാക്കി മാറ്റാനാണ് നീക്കം. ഉദ്ഘാടന ചടങ്ങുകളിൽ അക്കാര്യം വെളിപ്പെടുന്നുണ്ട്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പൂർണമായും ഹൈന്ദവ മതാചാരപ്രകാരം. ഹിന്ദുമഹാസഭ നേതാവ് വി.ഡി. സവർക്കറുടെ ജന്മദിനമായ മെയ് 28 ന്  രണ്ടു ഘട്ടമായാണ് നടക്കുന്നത്. രാവിലെ പാർലമെന്റ് വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്ക്കു സമീപം യജ്ഞത്തോടെയാണ് ആദ്യഘട്ടം. തുടർന്ന് പൂജ നടക്കും. പ്രധാനമന്ത്രി, ലോക്സഭ സ്പീക്കർ, രാജ്യസഭ ഉപാധ്യക്ഷൻ എന്നിവർ സന്നിഹിതരാകും. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമുണ്ടാകില്ല. പൂജയ്ക്കു ശേഷം പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിക്കും. ഇങ്ങനെയുള്ള ചടങ്ങുകളിലൂടെ ഒരു രാജ്യത്തിന്റെ അഭിമാനവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുന്ന, ജനാധിപത്യത്തിന്റെ പ്രതീകമായ പാർലമെന്റിനെ ഹൈന്ദവ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദുവാക്കി മാറ്റാനാണ് നീക്കം നടക്കുന്നത്. അതായത് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള നീക്കത്തിന്റെ ഒരു ഭാഗമായിത്തന്നെ മനുഷ്യ മനസ്സിനെ സ്വാധീനിക്കാവുന്ന ഇത്തരം പ്രവൃത്തികളെ കാണേണ്ടതുണ്ട്. 
രാജ്യത്തിന്റെ പരമാധികാരി രാഷ്ടപതിയായിരിക്കേ, അവരെക്കൊണ്ട് പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിപ്പിക്കാതെ പ്രധാനമന്ത്രി തന്നെ ഇതിന് തുനിയുന്നതിന്റെ രാഷ്ട്രീയ ലക്ഷ്യമാണ് മറ്റൊന്ന്. രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിന് മുന്നിലെത്തി നിൽക്കേ പുതിയ പാർലമെന്റ് മന്ദിരത്തിലൂടെ വലിയൊരു രാഷ്ട്രീയ മൈലേജ് ഉണ്ടാക്കിയെടുക്കാനുള്ള നീക്കമാണ് ഈ സ്വയം പർവതീകരിക്കൽ. ഇതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തു വന്നിട്ടും പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയിട്ടും പിടിവാശി തുടരുന്നത് തെരഞ്ഞെടുപ്പിലെ ഭയാശങ്കകൾക്കിടയിൽ പുതിയ മോഡി ബ്രാൻഡ് സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ്.

Latest News