തൃശൂർ - തൃശൂരിൽ ഭാര്യാ പിതാവിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. തൃശൂർ കോലഴിയിൽ ശ്രീകൃഷ്ണനാണ് (49) ഭാര്യാ പിതാവിന്റെ കുത്തേറ്റ് മരിച്ചത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
ജനം പരിഭ്രാന്തിയിൽ, നിരോധനാജ്ഞ; അരിക്കൊമ്പനെ തളയ്ക്കാൻ തമിഴ്‌നാട്
കമ്പം (തമിഴ്‌നാട്) - ജനസുരക്ഷയ്ക്ക് വൻ ഭീഷണിയായി കമ്പം നഗരത്തിലിറങ്ങിയ അരിക്കൊമ്പനെന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാൻ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിറക്കി. അരിക്കൊമ്പൻ പ്രശ്‌നക്കാരനാണെന്നും ഇനിയും ജനവാസ മേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകുമെന്നും തമിഴ്‌നാട് ഉത്തരവിൽ വ്യക്തമാക്കി.
മേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്നും 1972-ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടി വച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നും ഉത്തരവിലുണ്ട്. അരിക്കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ളമലയിലെ വരശ്‌നാട് താഴ്‌വരയിലേക്ക് മാറ്റാനാണ് നീക്കം. നാളെ അതിരാവിലെ ഈ ദൗത്യം തുടങ്ങാനാണ് പദ്ധതി.
ശീവില്ലി പുത്തൂർ മേഘമലെ ടൈഗർ റിസർവിന്റെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിനാണ് ദൗത്യ ചുമതല. സംഘത്തിൽ മൂന്ന് കുങ്കിയാനകൾ, പാപ്പാന്മാർ, ഡോക്ടർമാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങൾ എന്നിവർ ഉണ്ടാകും. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് മിഷൻ അരിക്കൊമ്പന് നേതൃത്വം നൽകുക.
തമിഴ്‌നാടിലെ കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ ഇപ്പോൾ പുളിമരതോട്ടത്തിലൂടെ ഓടി നടക്കുകയാണ്. വനം വകുപ്പുദ്യോഗസ്ഥർ ഒരു തവണ ആകാശത്തേക്ക് വെടിവച്ചതോടെ ആന വിരണ്ട് ഓടുകയായിരുന്നു. ജനവാസമേഖലയിലേക്ക് ഇറങ്ങുമോ എന്ന ആശങ്ക നിലവിലുണ്ട്. ഇതേത്തുടർന്നാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്‌നാട് ഉത്തരവിറക്കിയത്.
അതിനിടെ, കമ്പത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കൊമ്പന് വനംവകുപ്പ് ഭക്ഷണം എത്തിച്ച് നല്കി. തെങ്ങോല, വാഴ വെള്ളം എന്നിവയാണ് എത്തിച്ചത്.
ആരും പ്രതീക്ഷിക്കാതെയാണ് അരിക്കൊമ്പൻ കമ്പത്ത് എത്തിയതെന്ന് കമ്പം എം.എൽ.എ എം രാമക്യഷ്ണൻ പ്രതികരിച്ചു. ഉടൻ എസ്.പിയെയും കലക്ടറെയും വിവരം അറിയിച്ചുവെന്നും തുടർന്ന് ഇവർ ഇടപെട്ട് ആനയെ തനിയെ ഒരിടത്ത് എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു,
കേരളം ചിന്നക്കനാലിൽനിന്ന് പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ച അരിക്കൊമ്പൻ തമിഴ് ജനവാസ മേഖലയിൽ ഇറങ്ങിയതിനെ തുടർന്ന് അതീവ ജാഗ്രതാ നിർദേശമാണ് ബന്ധപ്പെട്ടവർ നൽകിയിട്ടുള്ളത്. പുറത്തിറങ്ങരുതന്ന് കമ്പത്തെയും പരിസര പ്രദേശത്തെയും ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് എത്തിയതോടെ ആളുകൾ കടുത്ത പരിഭ്രാന്തിയിലാണ്. കൂക്കി വിളിച്ചും മറ്റും ജനങ്ങൾ ആനയെ ഓടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതുണ്ടാക്കുന്ന പ്രകോപനം ഏതളവിൽ ആകുമെന്നതിൽ ആശങ്കയുണ്ട്. ആന കമ്പം ടൗണിലൂടെ ഓടി ഏതാനും ഓട്ടോ റിക്ഷകൾ തകർത്തിട്ടുണ്ട്.
ഇന്നലെ രാത്രി തമിഴ്‌നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വന മേഖലയിലായിരുന്നു ആന. ഇന്ന് രാവിലെ ആനയുടെ ശരീരത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽനിന്നുള്ള സിഗ്നൽ നഷ്ടമായിരുന്നു. അതിന് പിന്നാലെയാണ് ആന കമ്പം ടൗണിലെത്തിയത്.