സോൾ- വിമാനം ലാന്റ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ യാത്രക്കാരന്റെ ശ്രമം. ദക്ഷിണ കൊറിയയിലെ ഡേഗുവിൽ ഏഷ്യാന എയർലൈൻസ് വിമാനം ലാന്റ് ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് മുപ്പതുകാരൻ എമർജൻസി വാതിൽ തുറന്നത്. ഇതോടെ പരിഭ്രാന്തിയിലായ യാത്രക്കാരിൽ ചിലർക്ക് ശ്വാസ തടസം അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഏതാനും മണിക്കൂറുകൾക്ക് ശേഷം ഇവരെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.
'വിമാനത്തിൽ നിന്ന് വേഗത്തിൽ ഇറങ്ങാൻ ആഗ്രഹിച്ചതിനാലാണ് വാതിൽ തുറന്നതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. അടുത്തിടെ ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് താൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. വിമാനം ഭൂമിയിൽ നിന്ന് ഏകദേശം 700 അടി (213 മീറ്റർ) ഉയരത്തിൽ എത്തിയപ്പോഴാണ് വിമാനത്തിന്റെ വാതിൽ തുറന്നത്. അന്വേഷണത്തിന് ശേഷം കസ്റ്റഡിയിലെടുത്തയാളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.