ഹോട്ടലില്‍ ഒരുമിച്ച് ഭക്ഷണം; ഹിന്ദു യുവാവിനേയും മുസ്ലിം യുവതിയേയും ആള്‍ക്കൂട്ടം കൈകാര്യം ചെയ്തു

ഭോപ്പാല്‍- ഹോട്ടലില്‍നിന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ മുസ്ലിം യുവതിക്കും ഹിന്ദു യുവാവിനും മര്‍ദനം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഹോട്ടലില്‍ നിന്ന് അത്താഴം കഴിച്ച് പുറത്തിറങ്ങുന്നതിനിടെയാണ് ഇവരെ ആള്‍ക്കൂട്ടം മര്‍ദിച്ചത്.  

വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇരുപതോളം പേരടങ്ങുന്ന സംഘം ഇരുവരെയും വളയുകയായിരുന്നു. ഹിന്ദു യുവാവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ മുസ്ലിം യുവതിയെ ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ കാണാം.

തങ്ങളെ വിട്ടയക്കണമെന്ന് യുവതി അഭ്യര്‍ത്ഥിക്കുന്നതും വീഡിയോയില്‍ കാണാം. ഭക്ഷണം കഴിച്ച് ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയ ഇരുവരേയും ജനക്കൂട്ടം പിന്തുടര്‍ന്നുവെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രാജേഷ് രഘുവംശി പറഞ്ഞു.
ഹോട്ടലില്‍നിന്ന് അത്താഴം കഴിക്കുന്ന വിവരം മാതാപിതാക്കളെ അറിയിച്ചിരുന്നതായി യുവതി ജനക്കൂട്ടത്തോട് പറഞ്ഞതായി രഘുവംശി പറഞ്ഞു. ഇതിനിടെ, ഇരുവരേയും രക്ഷിക്കാനെത്തിയ രണ്ട് പേര്‍ക്ക് പരിക്കേറ്റു,  ഒരാളെ ജനക്കൂട്ടത്തില്‍ നിന്ന് ആരോ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഏഴ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
23-26 പ്രായപരിധിയിലുള്ള രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന  ബാക്കിയുള്ളവരെ തിരിച്ചറിയാനും പിടികൂടാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

 

Latest News