Sorry, you need to enable JavaScript to visit this website.

കോവിഡ് കൈകാര്യം ചെയ്തതില്‍ ഒന്നാം  സ്ഥാനത്ത് കേരളം- നീതി ആയോഗിന്റെ റിപ്പോര്‍ട്ട് 

ന്യൂദല്‍ഹി- നിതി ആയോഗ് റിപ്പോര്‍ട്ടില്‍ കോവിഡ് കൈകാര്യം ചെയ്തതില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനമായി കേരളം.  2020-21 വര്‍ഷത്തെ വാര്‍ഷിക ആരോഗ്യസൂചികയില്‍ 19 വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളം ഒന്നാംസ്ഥാനത്തെത്തിയത്. പട്ടികയില്‍ തമിഴ്‌നാട് രണ്ടാം സ്ഥാനവും തെലങ്കാന മൂന്നാം സ്ഥാനവും നേടി. മോശം പ്രകടനം കാഴ്ചവെച്ച  പട്ടികയില്‍ ഏറ്റവും താഴെയുള്ളത് ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്. കേരളം തന്നെയായിരുന്നു കഴിഞ്ഞവര്‍ഷത്തെ റിപ്പോര്‍ട്ടിലും ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.
ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ത്രിപുരയാണ് ഒന്നാമതെത്തിയത്. സിക്കീം രണ്ടാമതും ഗോവ മൂന്നാമതുമെത്തി. അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ താഴെയുള്ളത്. മുന്‍ വര്‍ഷങ്ങളിലെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്. എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലക്ഷദ്വീപ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ദല്‍ഹിയാണ് ഏറ്റവും പിന്നില്‍.
നവജാതശിശുക്കളുടെ മരണനിരക്ക്, ജനനസമയത്തെ ലിംഗാനുപാതം, പ്രതിരോധ കുത്തിവെപ്പ് എന്നിങ്ങനെ 24 ആരോഗ്യ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. 2017-ലാണ് ഓരോ വര്‍ഷമുള്ള പുരോഗതിയുടെയും മൊത്തം പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍ ആരോഗ്യ സൂചിക കണക്കാക്കുന്ന രീതി നിതി ആയോഗ് തുടങ്ങിയത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ലോകബാങ്കിന്റെയും സഹകരണത്തോടെയാണ് സൂചിക തയ്യാറാക്കുന്നത്.

Latest News