Sorry, you need to enable JavaScript to visit this website.

നാട് നടുങ്ങിയ കൊലപാതകം; പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുന്നു, ഇന്ന് കോടതിയില്‍ ഹാജരാക്കും

മലപ്പുറം - നാട് നടുങ്ങിയ ക്രൂരമായ കൊലപാതകത്തില്‍ അറസ്റ്റിലായ പെണ്‍കുട്ടിയടക്കം മൂന്ന് പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്  പോലീസിന്റെ ലക്ഷ്യം. കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യലിനും  തെളിവെടുപ്പിനുമായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.  കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ സ്വദേശി ഏഴൂര്‍ മേച്ചേരി വീട്ടില്‍ സിദ്ദിഖിനെ(58)യാണ് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ മുറിയില്‍ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പാടിയില്‍ കൊക്കയില്‍ ഉപേക്ഷിച്ചത്. മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തില്‍ സിദ്ദിഖിന്റെ ഹോട്ടലില്‍ നേരത്തെ ജീവനക്കാരനായിരുന്ന പാലക്കാട് വല്ലപ്പുഴ സ്വദേശി ഷിബില്‍ (22) ഇയാളുടെ പെണ്‍സുഹൃത്ത്  പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിനി ഖദീജത്ത് ഫര്‍ഹാന (18) ഫര്‍ഹാനയുടെ സുഹൃത്ത് വല്ലപ്പുഴ സ്വദേശി ആഷിഖ് (22) എന്നിവരാണ് പിടിയിലായത്. ഷിബിലും ഫര്‍ഹാനയും ചെന്നൈയില്‍ വെച്ചാണ് പിടിയിലായത്. ഇവരെ ഇന്നലെ രാത്രിയോടെ തന്നെ തിരൂരിലെത്തിച്ചിരുന്നു.
കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഹണിട്രാപ്പാകാനുള്ള സാധ്യതയാണ് പോലീസ് മുന്നില്‍ കാണുന്നത്. ഹോട്ടല്‍ മുറിയില്‍ പ്രതികളുമായുള്ള തര്‍ക്കത്തില്‍ സിദ്ദിഖ് കൊല്ലപ്പെട്ടതാകാനാണ് സാധ്യത. കൊലപാത ശേഷമാണ് മൃതദേഹം പുറത്തേക്ക് കടത്തനായി ട്രോളി ബാഗുകള്‍ കൊണ്ടു വന്നതെന്നതും അബദ്ധം പറ്റി ഉടന്‍ കോഴിക്കോട്ട് എത്തണമെന്ന് ഫര്‍ഹാന സുഹൃത്തായ ആഷിഖിനെ ഫോണില്‍ വിളിച്ചു പറഞ്ഞെന്ന മൊഴിയും പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടന്നതെന്ന സൂചനയാണ് നല്‍കുന്നത്. പാലക്കാട് അട്ടപ്പാടിയിലെ ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് രണ്ട് ബാഗുകളിലായി കണ്ടെടുത്ത സിദ്ധിഖിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടക്കുകയായിരുന്നു. മൃതദേഹം കോരങ്ങത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
കഴിഞ്ഞ മെയ് 18നാണ് സിദ്ധിഖ് തിരൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മൊബൈല്‍ ഫോണില്‍ തുടര്‍ച്ചയായി വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനിടയില്‍ സിദ്ധിഖിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വലിയ തുക പിന്‍വലിച്ചതായുള്ള മൊബൈല്‍ സന്ദേശം പോലീസിന് ലഭിക്കുകയും ചെയ്തു. ഉപ്പയെ കാണാനില്ലെന്ന് പറഞ്ഞ് സിദ്ധിഖിന്റെ മകന്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 
കോഴിക്കോട്ടെത്തിയ സിദ്ധിഖ് മെയ് 18 ന് എരഞ്ഞിപ്പാലത്തെ ഡി കാസെ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുക്കുകയാണുണ്ടായത്. രണ്ടു മുറികള്‍ സിദ്ദിഖിന്റെ പേരില്‍ ബുക്ക് ചെയ്തിരുന്നു. ഒരു മുറി മരുമകള്‍ക്ക് വേണ്ടിയാണെന്നാണ് ഹോട്ടല്‍ അധികൃതരോട് പറഞ്ഞത്. സിദ്ദിഖ് എത്തി ഏതാനും സമയം കഴിഞ്ഞപ്പോള്‍ ഷിബിലും ഫര്‍ഹാനയും ഹോട്ടലില്‍ എത്തി മറ്റൊരു മുറിയില്‍ പ്രവേശിക്കുകയായിരുന്നു. ഇവര്‍ എത്തിയ ശേഷം സിദ്ധിഖിനെ പിന്നീട് പുറത്തേത്തേക്ക് കണ്ടിട്ടില്ലെന്നും മുറിക്കുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ഹോട്ടല്‍ ജീവനക്കാര്‍ പോലീസിന് നല്‍കിയ മൊഴി.
മെയ്് 19 നാണ് സിദ്ധിഖിനെ ഹോട്ടല്‍ മുറിയില്‍ വെച്ച് കൊലപ്പെടുത്തി മൃതദേഹം രണ്ട് ട്രോളി ബാഗുകളിലാക്കി പുറത്തേക്ക് കൊണ്ടു പോയതെന്ന് പോലീസ് പറയുന്നു. ഉച്ചയക്ക് 3.09 നും 3.19 നും രണ്ട് ട്രോളി ബാഗുകള്‍ പുറത്തേക്ക് കൊണ്ടു പോകുന്നത് ഹോട്ടലിലെ സിസിടിവിയില്‍ തെളിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ശരീര ഭാഗങ്ങള്‍ വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഒരു ബാഗില്‍ കുത്തി നിറക്കുകയായിരുന്നു, കാലുകള്‍ മാത്രം മുറിക്കാതെ മറ്റൊരു ബാഗിലും കയറ്റിയതായി പോലീസ് പറഞ്ഞു. അതിന് ശേഷം ഷിബിലും ഫര്‍ഹാനയും സിദ്ദിഖിന്റെ കാറെടുത്ത് ബാഗുകള്‍ ഡിക്കിയില്‍ കയറ്റിയ ശേഷം ഓടിച്ചു പോകുകയായിരുന്നു. 
അട്ടപ്പാടിയിലെത്തിയ ഇവര്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ ബാഗുകള്‍ ചുരത്തിന്റെ ഒന്‍പതാം വളവില്‍ ഉപേക്ഷിക്കുകയാണുണ്ടായതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. അതിന് ശേഷം കാര്‍ ചെറുതുരുത്തിയില്‍ ഉപേക്ഷിച്ച് ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും ഇവിടെ നിന്ന്  ചെന്നൈയിലേക്ക്  ട്രെയിനില്‍ പോകുകയുമായിരുന്നു. സിദ്ദഖിന്റെ മകന്റെ പരാതിയില്‍ അന്വേഷണം തുടങ്ങിയ തിരൂര്‍ പോലീസിന് പ്രതികളെക്കുറിച്ചും ഇവര്‍ ചെന്നൈയിലേക്ക് കടന്നതിനെക്കുറിച്ചും വിവരം ലഭിച്ചു. തുടര്‍ന്ന് ചെന്നൈ പോലീസിനും റെയില്‍വേ പോലീസിനും  വിവരം കൈമാറുകയായിരുന്നു. ചെന്നൈയിലെ എഗ്മോര്‍ സ്‌റ്റേഷനില്‍ നിന്ന്  നിന്ന് ജാംഷെഡ്പൂരിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്. ഇവരുടെ കൈയ്യില്‍ നിന്ന് ഒരു ബാഗും 16,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. 
സിദ്ധിഖിന്റെ ഒളവണ്ണയിലേ ഹോട്ടലിലെ മേല്‍ നോട്ടക്കാരനായിരുന്ന ഷിബില്‍ രണ്ടാഴ്ച മാത്രമാണ് ഇവിടെ ജോലിയെടുത്തത്. ഷിബിലിന്റെ സ്വഭാവം ശരിയല്ലെന്ന് മറ്റു ജീവനക്കാര്‍ പരാതിതിപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ പിരിച്ചു വിടുകയായിരുന്നു. ഷിബിലും ഫര്‍ഹാനയും നേരത്തെ തന്നെ പരിചയക്കാരായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഫര്‍ഹാന ഷിബിലിനെതിരെ പോക്‌സോ കേസ് നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.
സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് പ്രതികള്‍ കോഴിക്കോട്ടെയും മലപ്പുറം ജില്ലയിലെയും വിവിധ എ ടി എം കൗണ്ടറുകളില്‍ നിന്ന് രണ്ടു ദിവസത്തിനകം രണ്ടു ല്ക്ഷം രൂപയോളം പിന്‍വലിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 

Latest News