ജോലി വാഗ്ദാനം ചെയ്ത് ഒന്‍പത് കോടിയിലേറെ രൂപ തട്ടിയ ബി ജെ പി വനിതാ നേതാവ് പിടിയില്‍

ദിസ്പൂര്‍(ആസാം) - ജോലി വാഗ്ദാനം ചെയ്ത് ഒന്‍പത് കോടിയിലേറെ രൂപ തട്ടിയ ബി ജെ പി വനിത നേതാവ് പൊലീസ് പിടിയിലായി. അസമിലെ കര്‍ബി ആങ്‌ലോംഗ്  ജില്ലയിലെ ബി ജെ പി നേതാവും കിസാന്‍ മോര്‍ച്ച സെക്രട്ടറിയുമായ മൂണ്‍ ഇംഗ്ടിപിയാണ് പിടിയിലായത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളോടൊപ്പമുള്ള ഫോട്ടോ ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പിന് കളമൊരുക്കിയത്. വര്‍ഷങ്ങളായി നടന്നുവരുന്ന തട്ടിപ്പിലൂടെ പലരില്‍ നിന്നായി ഒമ്പതു കോടിയിലധികം രൂപ മൂണ്‍ കൈക്കലാക്കിയിട്ടുണ്ടെന്നാണ് പരാതിയുള്ളത്. സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു മൂണ്‍ ഇംഗ്ടിപി യുവാക്കളില്‍ നിന്നും പണം തട്ടിയത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അടക്കമുള്ള ബി ജെ പി നേതാക്കളുമായി തനിക്ക് അടുപ്പമുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇവര്‍ അറസ്റ്റിലായതിന് പിന്നാലെ നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ബി ജെ പിയില്‍ നിന്ന് ഇവരെ പുറത്താക്കി.

 

Latest News