VIDEO - പിണറായി പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ വന്നു നോക്കണം, അവിടെയൊരു സഖാവ് തൂങ്ങിമരിച്ചിട്ടുണ്ട്-കെ.എം ഷാജി

മലപ്പുറം- സ്വത്തും സമ്പാദ്യവുമെല്ലാം സി.പി.എമ്മിനും ഇ.എം.എസ് അക്കാദമിക്കും എഴുതി നൽകിയ ഒരു സഖാവ് തൂങ്ങി മരിച്ചത് സി.പി.എം ഭരിക്കുന്ന മലപ്പുറം ജില്ലയിലെ പുളിക്കൽ പഞ്ചായത്ത് ഓഫീസിലാണെന്നും അഴിമതിക്ക് എതിരെ സന്ധിയില്ലെന്ന പിണറായി വിജയന്റെ വാക്കുകൾ കാപട്യമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പുളിക്കൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ റസാഖ് പയമ്പ്രോട്ട് തൂങ്ങി മരിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു കെ.എം ഷാജി. അഴിമതിക്കെതിരെ സന്ധിയില്ലെന്ന് ഇന്നലെയാണ് പിണറായി വിജയൻ പ്രഖ്യാപിച്ചത്. മിസ്റ്റർ പിണറായി വിജയൻ. തൂങ്ങിമരിച്ചത് ഒരു ലീഗുകാരനല്ല, കോൺഗ്രസുകാരനുമല്ല, ഒരു സഖാവാണ്. ആർജവമുണ്ടെങ്കിൽ പുളിക്കൽ പഞ്ചായത്ത് ഓഫീസിലെത്തണമെന്നും ഷാജി ആവശ്യപ്പെട്ടു. 

പുളിക്കൽ പഞ്ചായത്ത് ഓഫീസിലെത്തി തൂങ്ങി മരിച്ച സഖാവിനെ തന്റെ സമ്പാദ്യമെല്ലാം ഇ.എം.എസ് അക്കാദമിക്ക് വേണ്ടി എഴുതിക്കൊടുത്ത കൃത്യമായ രാഷ്ട്രീയ ബോധ്യമുള്ള സഖാവായിരുന്നു റസാഖ്. മോയിൻ കുട്ടി വൈദ്യർ സ്മാരക മന്ദിരത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച ആളായിരുന്നു റസാഖ്. എസ്.ഡി.പി.ഐക്കാരന്റെ ഫാക്ടറി പരിരക്ഷിക്കാൻ കൂട്ടുനിൽക്കുന്നത് പുളിക്കൽ പഞ്ചായത്ത് സി.പി.എം ഭരണസമിതിയാണ്. തന്റെ ശരീരം മുഴുവൻ മെഡിക്കൽ വിദ്യാർഥികൾക്ക് വിട്ടുകൊടുക്കാൻ തീരുമാനിച്ചയാളായിരുന്നു റസാഖ്. ഇനി ഒന്നും പറയാൻ ഇല്ലെന്നും പൊരുതാൻ ആർജവം ബാക്കിയില്ലാത്തതിനാലും വേറെ പ്രതീക്ഷയില്ലാത്തതിനാലും പഞ്ചായത്ത് ഓഫീസിൽ ആ മനുഷ്യൻ തൂങ്ങി മരിച്ചു. എവിടെയാണ് ഒരു ഭരണകൂടം നിലകൊള്ളുന്നത് എന്ന് ആലോചിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച രാവിലെയാണ് പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ മാധ്യമ പ്രവർത്തകൻ കൂടിയായ റസാഖ് തൂങ്ങി മരിച്ചത്. പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ നിരന്തരം ആരോപണം ഉന്നയിച്ചിരുന്ന പൊതുപ്രവർത്തകൻ കൂടിയായിരുന്നു സി.പി.എം നേതാവ് കൂടിയായ റസാഖ്. വൻ പ്രതിഷേധമാണ് റസാഖിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്നത്.
 

Latest News