ആര്‍ട്ട് ഓഫ് ലിവിംഗ് ക്യാമ്പില്‍ മര്‍ദനം; പെണ്‍ സുഹൃത്തിനെ കാണാന്‍ കയറിയ യുവാവ് പിടിയില്‍

തൊടുപുഴ-ആര്‍ട്ട് ഓഫ് ലിവിംഗ് ദ്വിദിന ക്യാമ്പില്‍ അതിക്രമിച്ച് കയറി യുവാവിനെ മര്‍ദിച്ചയാള്‍ പിടിയില്‍. ഇടവെട്ടി വടക്കയില്‍ ഇമ്രാന്‍ ഹബീബിനെ (18) ആണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വെമ്പിള്ളി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. തൊടുപുഴ ആനക്കൂടുള്ള സ്വകാര്യ സ്‌കൂളിലായിരുന്നു ക്യാമ്പ്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. വൈകുന്നേരങ്ങളില്‍ ഇവരുടെ രക്ഷിതാക്കളെയും പ്രവേശിപ്പിക്കും. ഇമ്രാന്‍ തന്റെ പെണ്‍ സുഹൃത്തിനെ കാണാനാണ് ക്യാമ്പില്‍ കയറിയത്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കവേ സമീപമിരുന്ന ക്യാമ്പ് വളന്റിയറായ വെമ്പിള്ളി സ്വദേശിയായ 19കാരനുമായി തര്‍ക്കത്തിലാവുകയും പാത്രമുപയോഗിച്ച് മുഖത്തടിക്കുകയുമായിരുന്നുവെന്ന്  പോലീസ് പറഞ്ഞു. പ്രതിയെ ജാമ്യത്തില്‍ വിട്ടു. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദിന്റെ മകനാണ് പ്രതി. നാലുമാസം മുമ്പ് നാട്ടുകാരനായ ഒരാളെ ഇത്തരത്തില്‍ അകാരണമായി ആക്രമിച്ചതിനടക്കം ഇമ്രാനെതിരെ കേസുണ്ട്.

 

Latest News