പോക്‌സോ കേസ് പ്രതിയായ യുവാവിന് പ്രകൃതിവിരുദ്ധ പീഡനം; മുന്‍ സി.ഐ സര്‍വീസില്‍നിന്ന് നീക്കുന്നു

തിരുവനന്തപുരം-പോക്‌സോ കേസില്‍ പ്രതിയായ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ അയിരൂര്‍ പൊലീസ് സ്‌റ്റേഷനിലെ മുന്‍ സിഐ ആര്‍.ജയസനിലിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നു. സര്‍വീസില്‍നിന്ന് നീക്കം ചെയ്യാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ഡിജിപി നോട്ടിസ് നല്‍കി. ഏഴു ദിവസത്തിനകം മറുപടി നല്‍കണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതായി കണക്കാക്കും.

പോക്‌സോ കേസില്‍ പ്രതിയായ 27 വയസ്സുകാരനെ കേസില്‍നിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് ജയസനില്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു യുവാവ്. സി.ഐ പീഡിപ്പിച്ച വിവരം യുവാവ് ബന്ധുക്കളോട് പറഞ്ഞിരുന്നു.

പ്രതിയില്‍നിന്ന് പണം തട്ടിയെടുത്തെങ്കിലും സിഐ കേസ് പിന്‍വലിച്ചില്ലെന്ന് എഫ്‌ഐആറില്‍ പറയുന്നു. തുടര്‍ന്ന് സിഐയുടെ നിര്‍ദേശപ്രകാരം യുവാവിനെതിരെ പോക്‌സോ കേസ് ചുമത്തി റിമാന്‍ഡ് ചെയ്തു. ജാമ്യം ലഭിച്ചയുടന്‍ യുവാവ്  സിഐക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

2010 മുതല്‍ ജയസനില്‍ വിവിധ കേസുകളില്‍ ആരോപണ വിധേയനും വകുപ്പുതല നടപടികള്‍ നേരിട്ടയാളുമാണെന്ന് ഡിജിപിയുടെ നോട്ടിസില്‍ പറയുന്നു. കുപ്രസിദ്ധ ഗുണ്ട കരാട്ടെ സുരേഷില്‍നിന്ന് കൈക്കൂലി വാങ്ങിയതും റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ വ്യാജക്കേസ് റജിസ്റ്റര്‍ ചെയ്തതും അടക്കം വകുപ്പുതല നടപടികള്‍ നേരിട്ട അഞ്ച് കേസുകളുടെ കാര്യം നോട്ടിസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

Latest News