Sorry, you need to enable JavaScript to visit this website.

ഒമാന്‍ മധ്യസ്ഥത: ഇറാനും ബെല്‍ജിയവും തടവുകാരെ പരസ്പരം കൈമാറി

ടെഹ്‌റാന്‍- ഇറാനില്‍ തടവിലാക്കപ്പെട്ട ഒരു ബെല്‍ജിയന്‍ സഹായ പ്രവര്‍ത്തകനെയും ബെല്‍ജിയത്തില്‍ തടവിലാക്കിയ ഒരു ഇറാന്‍ നയതന്ത്രജ്ഞനെയും ഒമാന്‍ മധ്യസ്ഥതയിലുള്ള കരാറിനെത്തുടര്‍ന്ന് വെള്ളിയാഴ്ച മോചിപ്പിച്ചതായി ഇരുപക്ഷവും അറിയിച്ചു.
2022 ഫെബ്രുവരിയില്‍ ഇറാന്‍ സന്ദര്‍ശനത്തിനിടെ സന്നദ്ധ സേവകന്‍ ഒലിവിയര്‍ വാന്‍ഡെകാസ്റ്റീലിനെ അറസ്റ്റ് ചെയ്യുകയും ചാരവൃത്തി ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ജനുവരിയില്‍ 40 വര്‍ഷം തടവിനും 74 ചാട്ടവാറടിക്കും  ശിക്ഷിക്കുകയും ചെയ്തിരുന്നു.
ഇറാന്‍ നയതന്ത്രജ്ഞന്‍ അസദുള്ള അസ്സാദി ഫ്രാന്‍സില്‍ 2021 ല്‍ ഒരു ബോംബ് ഗൂഢാലോചന പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് ബെല്‍ജിയത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു.
ബെല്‍ജിയന്‍, ഇറാന്‍ അധികൃതര്‍ വാന്‍ഡെകാസ്റ്റീലിനും അസദിക്കുമെതിരായ കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പരസ്പരം ആരോപിച്ചിരുന്നു.
ഒലിവിയര്‍ വാന്‍ഡെകാസ്റ്റീല്‍ ബെല്‍ജിയത്തിലേക്കുള്ള യാത്രയിലാണ്. ഉടന്‍ അദ്ദേഹം രാജ്യത്തത്തിച്ചേരുമെന്ന് ബെല്‍ജിയന്‍ പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഡി ക്രൂ പ്രസ്താവനയില്‍ പറഞ്ഞു. ഇന്നലെ രാത്രി ഒലിവിയറിനെ ഒമാനിലേക്ക് കൊണ്ടുപോയി, അവിടെ ബെല്‍ജിയന്‍ സൈനികരും നയതന്ത്രജ്ഞരും അടങ്ങുന്ന ഒരു സംഘം അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തുന്നതിനും സാധ്യമായ ഏറ്റവും മികച്ച അവസ്ഥയില്‍ തിരിച്ചെത്താന്‍ അദ്ദേഹത്തെ പ്രാപ്തരാക്കുന്നതിനുമായി അദ്ദേഹം നിരവധി മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനായി- ഡി ക്രൂ കൂട്ടിച്ചേര്‍ത്തു.
ഇറാനിയന്‍ വിദേശകാര്യ മന്ത്രി ഒരു ട്വിറ്റര്‍ പോസ്റ്റില്‍ അസദിയെ വിശേഷിപ്പിച്ചത് 'അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ട നമ്മുടെ രാജ്യത്തിന്റെ നിരപരാധിയായ നയതന്ത്രജ്ഞന്‍' എന്നാണ്. അദ്ദേഹം ഉടന്‍ തന്നെ ഇറാനിലേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അസദിന്റെ മോചനം ബെല്‍ജിയത്തിന്റെ ഭരണഘടനാ കോടതിയുടെ വിധിയുടെ ലംഘനമാണെന്നു നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്‍ (എന്‍.സി.ആര്‍.ഐ) പറഞ്ഞു. ശിക്ഷ അവസാനിക്കുന്നതിന് 15 വര്‍ഷം മുമ്പ് അസാദിയെ മോചിപ്പിച്ചത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
തടവുകാരെ മോചിപ്പിച്ച് ബ്രസല്‍സില്‍ നിന്നും ടെഹ്റാനില്‍ നിന്നും വെള്ളിയാഴ്ച ഒമാനി തലസ്ഥാനമായ മസ്‌കറ്റിലേക്കും തുടര്‍ന്ന് അവരുടെ സ്വദേശങ്ങളിലേക്കും കൊണ്ടുപോകുന്നതിന് ധാരണയിലെത്തിയതായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാനുമായും പാശ്ചാത്യ രാജ്യങ്ങളുമായും ഒമാന് മികച്ച ബന്ധമുണ്ട്. തടവുകാരുമായുള്ള കൈമാറ്റം പോലുള്ള കാര്യങ്ങളില്‍ മധ്യസ്ഥനായി മുമ്പും ഒമാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Latest News