ഡോ.വന്ദനക്ക് മികച്ച ചികിത്സ ലഭ്യമാക്കിയില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യൂദല്‍ഹി - കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തില്‍, കടുത്ത വിമര്‍ശവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ. ആക്രമണം നടന്നയുടന്‍ ഡോ. വന്ദനക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ ചൂണ്ടിക്കാട്ടി. മണിക്കൂറുകള്‍ എടുത്താണ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഡോ. വന്ദന കൊലക്കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് മാതാപിതാക്കള്‍ക്ക് പരാതിയുണ്ട്. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തുമായി കൂടിക്കാഴ്ച നടത്തുമെന്നും രേഖ ശര്‍മ വ്യക്തമാക്കി.
ഡോ. വന്ദന ആക്രമിക്കപ്പെട്ടപ്പോള്‍ പോലീസ് ഇടപെട്ടതിലും പ്രശ്‌നങ്ങളുണ്ടെന്ന് രേഖാ ശര്‍മ ചൂണ്ടിക്കാട്ടി. വന്ദനയെ രക്ഷിക്കാന്‍ ഒരു ശ്രമവും ആരുടെയും ഭാഗത്ത് നിന്നു ഉണ്ടായില്ല. പരുക്കേറ്റ അക്രമിയെ നാലു പേര്‍ക്ക് പിടികൂടാനോ തടയാനോ കഴിഞ്ഞില്ല. വന്ദന രക്ഷപ്പെടുത്തമെന്ന് അഭ്യര്‍ഥിച്ചിട്ടും ആരും സഹായിക്കാനുണ്ടായിരുന്നില്ല. ആക്രമിക്കപ്പെട്ട ആശുപത്രിയില്‍ പ്രാഥമിക ചികിത്സ പോലും വന്ദനക്ക് നല്‍കിയില്ല. ഇത്രയധികം ദൂരം വന്ദനക്ക് ചികിത്സ നല്‍കാന്‍ കൊണ്ടുപോയത് ആരുടെ തീരുമാനമായിരുന്നുവെന്നും അവര്‍ ചോദിച്ചു.
കേരളാ പോലീസിന് ഒരു പെണ്‍കുട്ടിയെപോലും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും രേഖ ശര്‍മ കുറ്റപ്പെടുത്തി. പോലീസ് അന്വേഷണത്തില്‍ വന്ദനയുടെ മാതാപിതാക്കള്‍ക്ക് പരാതിയുണ്ട്. അവര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നു. ഒരു കോടി രൂപ കുടുംബം ധനസഹായം ആവശ്യപ്പെട്ടുവെന്നത് തെറ്റായ കാര്യമാണെന്നും അവര്‍ വെളിപ്പെടുത്തി.
ഡോ. വന്ദനയുടെ കടുത്തുരുത്തിയിലെ വീട്ടില്‍ രേഖ ശര്‍മ സന്ദര്‍ശനം നടത്തിയിരുന്നു. വന്ദനയുടെ പിതാവ് കെ.ജി. മോഹന്‍ദാസ്, അമ്മ വസന്തകുമാരി എന്നിവരുമായി അര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തിലെ അതൃപ്തി വന്ദനയുടെ പിതാവ് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം. വന്ദനയുടെ സഹപ്രവര്‍ത്തകരെയും അന്വേഷണ ഉദ്യോഗസ്ഥരെയും നേരില്‍ക്കണ്ട് വിവരങ്ങള്‍ തേടുമെന്ന് അവര്‍ അറിയിച്ചിരുന്നു.

 

Latest News