അഭിഷേക് ബാനര്‍ജിക്കെതിരായ വിധിയില്‍ സ്റ്റേയില്ല

ന്യൂദല്‍ഹി- അധ്യാപക നിയമന ക്രമക്കേടില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാതെ സുപ്രീംകോടതി. ഹൈക്കോടതി വിധിക്കെതിരേ ബാനര്‍ജി നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് ജെ.കെ മഹേശ്വരി, പി.എസ് നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. കോടതി അവധിക്ക് ശേഷം ജൂലൈ പത്തിന് ഹരജിയില്‍ വാദം കേള്‍ക്കാമെന്നും വ്യക്തമാക്കി. കേസില്‍ കഴിഞ്ഞ ദിവസം അഭിഷേക് ബാനര്‍ജിയെ സി.ബി.ഐ എട്ടു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
2016ല്‍ ബംഗാളിലെ വിദ്യാഭ്യാസ മേഖലയില്‍ ആയിരക്കണക്കിന് അധ്യാപകരെ നിയമിച്ചതുമായി ബന്ധപ്പെട്ടതാണ് നിയമന കുംഭകോണം. റിക്രൂട്ട്‌മെന്റ് പ്രക്രിയയിലെ അപാകം ആരോപിച്ച് ഹൈക്കോടതിയില്‍ നിരവധി ഹരജികള്‍ ഫയല്‍ ചെയ്തു. കൂടാതെ നിരവധി കേസുകള്‍ കോടതി എടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ അഭിഷേകിനോട് അറസ്റ്റിലായവരുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചതായി സി.ബി.ഐ പറഞ്ഞു. നിയമന ക്രമക്കേടുകളില്‍ ഉള്‍പ്പെട്ട പണമിടപാടാണ് ഇ.ഡി പരിശോധിക്കുന്നത്. താന്‍ അഴിമതി നടത്തിയതായി തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ അഭിഷേക് ബാനര്‍ജി സി.ബി.ഐയെ നേരത്തേ വെല്ലുവിളിച്ചിരുന്നു.

 

Latest News