Sorry, you need to enable JavaScript to visit this website.

അധിനിവേശത്തിന്റെ തൃശൂർ മോഡൽ

ചെറിയൊരു ഇടവേളക്കു ശേഷം ജുഡീഷ്യൽ ആക്ടിവിസം വീണ്ടും സജീവമാകുകയാണോ? തീർച്ചയായും ജനാധിപത്യത്തിന്റെ മറ്റു തൂണുകൾ ജീർണിച്ചുകൊണ്ടിരിക്കുന്ന വേളയിൽ ജുഡീഷ്യറിയിൽ വിശ്വാസമർപ്പിച്ചിരിക്കുന്നവർ നിരവധിയാണ്. ചിലപ്പോഴൊക്കെ ആ വിശ്വാസം തെറ്റാറുമില്ല. ചില സന്ദർഭങ്ങളിലാകട്ടെ, ജനാധിപത്യ മൂല്യങ്ങളെ പോലും മറികടന്നു കോടതികൾ ഇടപെടുന്നതും കാണാം. അതു കണ്ട് ചിലരൊക്കെ കൈയടിക്കുമെങ്കിലും ആത്യന്തികമായി അത് ജനാധിപത്യ സംവിധാനത്തിനു ദോഷമേ ചെയ്യൂ എന്നു പറയാതിരിക്കാനാവില്ല. 
തൃശൂർ നഗരത്തിന്റെ തിലകക്കുറിയെന്നു പറയാവുന്ന തേക്കിൻകാട് മൈതാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ഹൈക്കോടതി വിധിയാണ് ഇതെഴുതാനുള്ള ഇപ്പോഴത്തെ കാരണം. 
വിധി വന്ന് ഏതാനും ദിവസമായെങ്കിലും ഉത്തരവാദപ്പെട്ട ഒരു പ്രസ്ഥാനവും അതിനോട് പ്രതികരിക്കുകയോ അപ്പീൽ പോകുമെന്നു പ്രഖ്യാപിക്കുകയോ ചെയ്തു കണ്ടില്ല. ദേവസ്വത്തിന്റെയും തൃശൂർ കോർപറേഷന്റെയും നിയന്ത്രണത്തിലുള്ള മൈതാനം ഇനി ദേവസ്വം ആവശ്യങ്ങൾക്കല്ലാതെ  ഉപയോഗിക്കാൻ  കോടതിയുടെ അനുമതി വേണം എന്നതാണ് വിധിയുടെ ഹൈലൈറ്റ്. ദേവസ്വം ബോർഡിന് കിട്ടുന്ന അപേക്ഷകൾ കോടതിയിൽ ഹാജരാക്കി മുൻകൂർ അനുമതി വാങ്ങണം.  പൊതു പരിപാടികൾ മൈതാനത്ത് നടത്തരുതെന്നും ഉത്തരവിലുണ്ട്. തീർച്ചയായും മൈതാനത്തിനകത്ത് രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ പാടില്ല,  മൈതാനം പൂർണമായും പ്ലാസ്റ്റിക് മാലിന്യ മുക്തമായിരിക്കണം, പരസ്യ ബോർഡുകളും പാടില്ല തുടങ്ങി ആർക്കും എതിർപ്പുണ്ടാകാനിടയില്ലാത്ത കാര്യങ്ങളും വിധിയിലുണ്ട്. 
വടക്കുംനാഥൻ ക്ഷേത്രത്തിനു ചുറ്റും 65 ഏക്കറിൽ പരന്നു കിടക്കുന്നതാണ് തേക്കിൻകാട് മൈതാനം. ചുറ്റുമുള്ള സ്വരാജ് റൗണ്ട് രണ്ടു കിലോമീറ്റർ വരും.  കൊച്ചിൻ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതാണ് ഈ സ്ഥലം. ഭരണ കാര്യങ്ങളിൽ കോർപേറഷനും പങ്കുണ്ട്. ലോകത്ത് ഒരു നഗരത്തിലും കാണാത്ത വിധം ആകർഷകമായ ഒന്നാണ് തേക്കിൻകാട് മൈതാനവും സ്വരാജ് റൗണ്ടും റൗണ്ടിലേക്കുള്ള രാജവീഥികളും കൈവഴികളും.  ശക്തൻ തമ്പുരാനും തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പല കഥകളും ഇതുമായി ബന്ധപ്പെട്ടു പറയാറുണ്ട്. അവയെന്തായാലും തൃശൂർ നഗരത്തിന്റെ സൗന്ദര്യവും ജനങ്ങളുടെ ആശ്വാസവും ശുദ്ധവായുവുമാണ് വിശാലമായ ഈ മൈതാനം. 
എന്നാൽ അതു തകർക്കാനുള്ള നീക്കം പലതവണ അധികാരികളിൽ നിന്നുണ്ടായിട്ടുണ്ട്. സൗന്ദര്യവൽക്കരണത്തിന്റെ പേരിലാണ് പലപ്പോഴും വിശാലമായ മൈതാനത്തിന്റെ യഥാർത്ഥ സൗന്ദര്യം തകർക്കാൻ ശ്രമിക്കാറുള്ളത്. കൂടാതെ മൈതാനത്തെ തകർക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കുള്ള ശ്രമവും പലപ്പോഴും നടക്കുന്നു. 
വിശാലമായ മൈതാനത്ത് കെട്ടിട നിർമാണങ്ങൾക്കായും വാഹന പാർക്കിംഗിനായുമുള്ള നീക്കങ്ങൾ പലപ്പോഴും നടന്നു. എന്നാൽ മൈതാനം അതേപടി നിലനിർത്തണമെന്നാവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭങ്ങൾക്കു മുന്നിൽ മിക്ക ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. അപ്പോഴും വാട്ടർ അതോറിറ്റിയുടെ ഓഫീസ് പോലുള്ള ചില സ്ഥാപനങ്ങൾ മൈതാനത്ത് സ്ഥാപിക്കപ്പെട്ടു. 
അതിനിടയിലാണ് ഏതാനും വർഷം മുമ്പ് മൈതാനത്തിന്റെ ജനകീയവും മതേതരവുമായ മുഖം നഷ്ടപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പ്രതിഷേധങ്ങളെ അവഗണിച്ച് തേക്കിൻകാട് മൈതാനം എന്നതിനു പകരം വടക്കുംനാഥ ക്ഷേത്രമൈതാനം എന്ന ബോർഡ് സ്ഥാപിച്ചായിരുന്നു തുടക്കം. അതാകട്ടെ ഒരു കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി ദേവസ്വം പ്രസിഡന്റായിരിക്കുമ്പോൾ. തുടർന്ന് പലപ്പോഴും മൈതാനത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കാനും സാംസ്‌കാരിക - രാഷ്ട്രീയ പരിപാടികൾ തടയാനുമുള്ള നീക്കങ്ങൾ സജീവമായി. സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ ഒപ്പന പോലുള്ള ജനപ്രിയ ഇനങ്ങൾ തേക്കിൻകാട് മൈതാനിയിലെ ഒന്നാം നമ്പർ വേദിയിൽ നിന്നു മാറ്റിയിരുന്നു. 
2019 ഡിസംബർ 15 മുതൽ തൃശൂരിൽ നടന്ന ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അനുബന്ധ പരിപാടികൾക്ക് തേക്കിൻകാട് നിഷേധിച്ചതിന്റെ പിറകിലും ഇക്കൂട്ടരുടെ ഇടപെടലാണെന്നാണ് റിപ്പോർട്ട്. 
ജാതിമതഭേദമെന്യേ ലക്ഷങ്ങൾ പങ്കെടുക്കുന്ന തൃശൂർ പൂരത്തിന്റെ മുറ്റം, സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ നിരവധി ചരിത്ര നിമഷങ്ങൾ, അതിനു ശേഷവും അഖിലേന്ത്യാതലത്തിൽ തന്നെ ശ്രദ്ധേയമായ നിരവധി രാഷ്ട്രീയ സംഭവങ്ങൾ എന്നിവക്കെല്ലാം സാക്ഷിയാണ് ഈ മൈതാനം. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പതാക ഉയർത്തുന്നതും ജില്ലയിൽ ഗാഡ് ഓഫ് ഓണർ സ്വീകരിക്കുന്നതും ഈ മൈതാനത്തുതന്നെ. 
മൈതാനിയിൽ ചിത്രം വരച്ചുള്ള പരിശീലനത്തിനെത്തിയ ഫൈനാർട്സ് കോളേജിലെ വിദ്യാർത്ഥിനീ  വിദ്യാർത്ഥികളെ ബൈക്കുകളിലെത്തിയ സദാചാര ഗുണ്ടകൾ മർദിച്ച് ഓടിച്ച സംഭവത്തിനെതിരെയായിരുന്നു സമരം. പുഞ്ചിരി സമരം എന്നു പേരിട്ട സമരത്തിൽ ഫൈനാർട്സ് കോളേജിലെയും സ്‌കൂൾ ഓഫ് ഡ്രാമയിലെയും വിദ്യാർത്ഥികൾക്കു പുറമെ നഗരത്തിലെ മറ്റു കോളേജുകളിലെയും വിദ്യാർത്ഥികൾ പങ്കെടുത്തു. ചിത്രംവരകളും പാട്ടുകളും നാടകങ്ങളുമൊക്കെയായി തികച്ചും സർഗാത്മകമായിട്ടായിരുന്നു പുഞ്ചിരി സമരം നടന്നത്.  സദാചാരത്തിന്റെ പേരിൽ അക്രമം കാണിക്കുന്നവർക്ക് പുഞ്ചിരി കൊണ്ട് പ്രതിരോധം തീർത്ത്  നടന്ന 'പുഞ്ചിരി ബുധൻ' കൂട്ടായ്മ പുതുതലമുറയുടെ നവരാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായി.. 
കുറച്ചുപേർ ഉറക്കെ പാട്ടുപാടി. മറ്റു ചിലർ പടം പിടിച്ചു. കുറച്ചുപേർ ആസ്വദിച്ചിരുന്ന് വരച്ചു. 'ഒരുമിച്ചിരിക്കരുത് എന്നു പറയുന്നവരോട്, ഞങ്ങളിതാ ഒരുമിച്ചിരിക്കുന്നു' എന്നവർ പ്രഖ്യാപിക്കാതെ പ്രഖ്യാപിച്ചു.  പാടരുത് എന്നു പറയുന്നവരോട് അവർ സ്നേഹത്തോടെ പാടി.  തമ്മിൽ മിണ്ടരുത് എന്നു പറയുന്നവരോട് ഞങ്ങളിതാ മിണ്ടുന്നു എന്നവർ മിണ്ടിപ്പറഞ്ഞു. വിദ്യാർത്ഥികളെ സദാചാര ഗുണ്ടകളുടെ സംഘം തല്ലിപ്പായിച്ച നടപടിക്കെതിരെയുള്ള സമാധാന പ്രതിഷേധമായിരുന്നു പുഞ്ചിരി ബുധൻ.  വിദ്യാർത്ഥികൾക്കു പുറമെ സാംസ്‌കാരിക പ്രവർത്തകരും പുഞ്ചിരിച്ചുകൊണ്ട് കൂട്ടായ്മയിൽ പങ്കെടുത്തു. ഉദ്ഘാടനം ചെയ്യാൻ സാറാ ജോസഫെത്തി. 
ഇത്തരമൊരു പശ്ചാത്തലത്തിൽ വേണം ഹൈക്കോടതിയിലെത്തിയ ഹരജിയെയും വിധിയെയും നോക്കിക്കാണാൻ. 

Latest News