Sorry, you need to enable JavaScript to visit this website.

നിറം മാറുന്ന എൻ.ഡി.ടി.വി

ഇന്ത്യൻ ടെലിവിഷൻ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ എൻ.ഡി.ടി.വിയും സാഫ്രൺ ജേണലിസത്തിന്റെ പിടിയിൽ അമർന്നുകഴിഞ്ഞു. ഏറ്റവും അവസാനം, കയ്ക്കുന്ന ഒരു വാർത്ത വായിച്ച് സാറ ജേക്കബ് എന്ന മാധ്യമ പ്രവർത്തകയും എൻ.ഡി.ടി.വിയോട് വിടപറഞ്ഞു. ഇന്ത്യൻ മാധ്യമങ്ങൾ, പ്രത്യേകിച്ച് ടെലിവിഷൻ ചാനലുകൾ, ന്യൂട്രാലിറ്റി എന്ന കാതലായ തത്വം ഉപേക്ഷിച്ച് മാധ്യമ പ്രവർത്തനത്തിന്റെ ഒരു പുതിയ രൂപത്തിലേക്ക് നീങ്ങുകയാണ്. നാലാം സ്തംഭം എന്ന ആശയവും ജനാധിപത്യത്തിന്റെ സന്തുലിതാവസ്ഥക്കായുള്ള പ്രവർത്തനവും ഇവിടെ പാർശ്വവത്കരിക്കപ്പെടുന്നു.

ഇരുപത്തിമൂന്ന് വർഷത്തെ സുരഭിലമായ മാധ്യമ പ്രവർത്തനത്തിന് ശേഷം എൻ.ഡി.ടി.വി ജേണലിസ്റ്റ് സാറ ജേക്കബ് സൈൻഓഫ് ചെയ്ത് പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പ് അവതരിപ്പിച്ച ഒരു വാർത്തയുണ്ട്. അത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ചുള്ളതായിരുന്നു. പാപ്പുവ ന്യൂഗിനിയിൽ പ്രധാനമന്ത്രിയുടെ കാൽതൊട്ടു വന്ദിച്ച ദമ്പതികളെക്കുറിച്ചുള്ള വാർത്ത. വീഡിയോ സഹിതം എൻ.ഡി.ടി.വി ആ വാർത്ത അവതരിപ്പിച്ചത് സവിശേഷമായ രീതിയിലായിരുന്നു.
വാർത്തയുടെ തലക്കെട്ട് തന്നെ 'പ്രധാനമന്ത്രി എങ്ങനെയാണ് സ്ത്രീകളോട് ആദരവ് കാണിക്കുന്നത്' എന്നായിരുന്നു. പാപ്പുവ ന്യൂഗിനിയിൽ തന്റെ കാൽക്കൽ വീണ ദമ്പതികളെ പ്രധാനമന്ത്രിയും താണുവണങ്ങിയെന്നും സ്ത്രീകളോട് മോഡി എന്നും ഇങ്ങനെയാണ് പെരുമാറുക എന്നും വാർത്ത തുടരുന്നു. തുടർന്ന് തന്റെ അമ്മയുടെ കാൽക്കൽ മോഡി വണങ്ങുന്നതു മുതൽ നിരവധി വനിതകൾക്ക് മുമ്പിൽ ആദരവോടെ തലകുനിക്കുന്നതു വരെയുള്ള വീഡിയോകൾ കാണിച്ച് വലിയൊരു പ്രസംഗം തന്നെ റിപ്പോർട്ടർ നടത്തുന്നു. മോഡി ഭക്തിയുടെ സ്വരവിന്യാസങ്ങൾ യഥാതഥം വിളക്കിച്ചേർത്ത ആ വാർത്ത റിപ്പബ്ലിക് ടി.വിയിലാണെങ്കിൽ അത്ഭുതപ്പെടാനില്ല. എന്നാലിത് പ്രണയ് റോയിയുടെ എൻ.ഡി.ടി.വിയിലാണ്.


ആ വാർത്ത മനസ്സില്ലാ മനസ്സോടെയാണ് വായിക്കുന്നതെന്ന് സാറ ജേക്കബിന്റെ മുഖഭാവത്തിൽനിന്ന് വ്യക്തമാണ്. അതിന് ശേഷം അവർ എൻ.ഡി.ടി.വിയുടെ പടിയിറങ്ങി. ഇന്ത്യൻ ടെലിവിഷൻ വാർത്ത സംപ്രേഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു മാധ്യമം കാവികലക്കി നൽകിയ ഒരു വാർത്തയുടെ കയ്പും അസ്വസ്ഥതയും അനുഭവിച്ചുകൊണ്ടുള്ള ആ പടിയിറക്കം അദാനി-മോഡി യുഗത്തിലെ മാധ്യമങ്ങൾ എങ്ങനെയായിരിക്കും എന്നതിന് മികച്ച ഉദാഹരണമായി.
മതനിരപേക്ഷതയോട് പ്രതിബദ്ധതയുള്ള നിരവധി മാധ്യമ പ്രവർത്തകർ എൻ.ഡി.ടി.വിയുടെ പടിയിറങ്ങുകയാണ്. രവീഷ് കുമാറിനെപ്പോലെയും സാറയെപ്പോലെയും ചിലർ അക്കാര്യം പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞുവെങ്കിൽ പലരുടെയും മടക്കം നിശ്ശബ്ദമായാണ്. സ്ഥാപനത്തിന്റെ ഓഹരികളിലധികവും സ്വന്തമാക്കിയ അദാനി ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും മികച്ച മാധ്യമ സ്ഥാപനത്തിന്റെ ചരമക്കുറിപ്പെഴുതുകയാണ്. പതുക്കെ പതുക്കെ കാവിവത്കരിക്കപ്പെടുന്ന എൻ.ഡി.ടി.വി പൂർണമായും ഒരു സംഘി ചാനലായി മാറാൻ അധിക സമയമെടുക്കില്ല. 
ഏതാനും ആഴ്ചകളായി എൻ.ഡി.ടി.വിയിലെ വാർത്ത പരിപാടികൾ ശ്രദ്ധിക്കുന്നവർക്ക് ഈ മാറ്റം വ്യക്തമായി മനസ്സിലാകും. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയെയും അനാവശ്യമായി പുകഴ്ത്തിയുള്ള നിരവധി പരിപാടികളാണ് ഇപ്പോൾ അവർ സംപ്രേഷണം ചെയ്യുന്നത്. സാറ ജേക്കബ് കല്ലുകടിയോടെ വായിച്ച ആ പാപ്പുവ ന്യൂഗിനി വാർത്ത പോലെ, എല്ലാ വാർത്തകളെയും മോഡി സ്തുതികളാൽ നിറക്കാൻ വെമ്പുന്ന ഒരു എഡിറ്റോറിയൽ ശ്രമം സുവ്യക്തമാണ്. സത്യമറിയാനും അത് പ്രഖ്യാപിക്കാനുമുള്ള അവസാനത്തെ അവസരവും ജനങ്ങൾക്ക് നഷ്ടമാകുന്നു എന്നർഥം. 
അദാനി ഗ്രൂപ്പ് ഏറ്റെടുത്ത തൊട്ടുടനെ തന്നെ എൻ.ഡി.ടി.വിയുടെ നിറം മാറാൻ തുടങ്ങിയിരുന്നു. വാർത്താവതരണത്തിൽ സാമാന്യമായ ഒരു മധ്യമ നിലപാട് അനുവർത്തിക്കാൻ പ്രണോയ് റോയ് എക്കാലത്തും ശ്രമിച്ചിരുന്നു. മധ്യത്തിൽനിന്ന് വലത്തോട്ട് നീങ്ങുന്നതിന്റെ സൂചനകൾ അപ്രതീക്ഷിതമല്ലെങ്കിലും, ഒട്ടൊരു നടുക്കത്തോടെയല്ലാതെ പ്രേക്ഷകർക്കും നിഷ്പക്ഷമായി വസ്തുതകൾ അറിയാനും വിശകലനം ചെയ്യാനും താൽപര്യമുള്ളവർക്കും കാണാനാവില്ല. ഇന്ത്യ ടുഡേ, സീ ന്യൂസ്, എ.ബി.പി ന്യൂസ് തുടങ്ങി ബി.ജെ.പി ചായ്‌വ് പ്രകടമായുള്ള ടെലിവിഷൻ ചാനലുകളുടെ നിരയിലേക്ക്  എൻ.ഡി.ടി.വിയും നീങ്ങുകയാണ്. പ്രണോയ് റോയിയും രാധികയും രാജി പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം, സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നയ്യ ചെങ്കൽവരയൻ എന്നിവരെ ഡയറക്ടർമാരായി നോമിനേറ്റ് ചെയ്യാൻ ആർ.ആർ.ആർ ഹോൾഡിംഗിന്റെ ബോർഡ് അനുമതി നൽകി. ഇവരെല്ലാം അദാനി ഗ്രൂപ്പിന്റെ നോമിനികളായിരുന്നു. ചാനലിന്റെ ആണിക്കല്ലുകളായി നിലയുറപ്പിച്ച അർപ്പണ ബോധമുള്ള മാധ്യമ പ്രവർത്തകർ ഇതോടെ എൻ.ഡി.ടി.വി വിടാൻ ആരംഭിച്ചു.
എൻ.ഡി.ടി.വിയുടെ പ്രൈംടൈം പ്രോഗ്രാമിന്റെ അവതാരകനും മുതിർന്ന ഹിന്ദി മാധ്യമ പ്രവർത്തകനും അവതാരകനുമായ രവീഷ് കുമാർ ഡിസംബർ ഒന്നിന് തന്റെ വിടവാങ്ങൽ പ്രഖ്യാപിച്ചു.
എൻ.ഡി.ടി.വിയുടെ ഹിന്ദി നെറ്റ്‌വർക്കിൽ 27 വർഷത്തോളം ജോലി ചെയ്ത രവീഷ് കുമാർ, കത്തുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ വാചാലനാകാത്ത, ശുഷ്‌കാന്തിയും സ്പഷ്ടതയും ഉള്ള അവതാരകൻ എന്ന നിലയിൽ പ്രശസ്തി നേടിയ ആളായിരുന്നു. സമീപ വർഷങ്ങളിൽ ബി.ജെ.പിയും സഖ്യകക്ഷികളും മുന്നോട്ടുവെച്ച മുസ്‌ലിം വിരുദ്ധ നയങ്ങൾക്കിടെ അദ്ദേഹം ആതിഥേയത്വം വഹിച്ച ജനപ്രിയ സായാഹ്ന പരിപാടി ദശലക്ഷക്കണക്കിന് ആളുകൾ കണ്ടു. സർക്കാരിനെ പ്രതിരോധിക്കുകയും ഹിന്ദു-മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ വിശേഷിപ്പിക്കാൻ അദ്ദേഹം ഒരു പ്രയോഗം പോലും ഉണ്ടാക്കി- ഗോഡി മീഡിയ. മാധ്യമ പ്രവർത്തകരാകാൻ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പഠിക്കുന്നവർ ബ്രോക്കർമാരായി പ്രവർത്തിക്കാൻ നിർബന്ധിതരാകുന്നുവെന്നാണ് രാജിവെച്ച ശേഷം കുമാർ പറഞ്ഞത്. 
അധികാര കേന്ദ്രത്തോട് അടുത്ത് നിൽക്കുന്ന മാധ്യമ പ്രവർത്തകരെ അദാനി ഗ്രൂപ്പ് നിയമിക്കും എന്നതിനാൽ എൻ.ഡി.ടി.വി കാവിവൽക്കരിക്കപ്പെടുന്നത് സമയത്തിന്റെ മാത്രം പ്രശ്‌നമാണ്. പ്രസാർ ഭാരതി അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾ സർക്കാരിന്റെ കാവിവൽക്കരണത്തിൽ ഞെരിഞ്ഞമർന്നുകഴിഞ്ഞു. ആർ.എസ്.എസിന്റെ നേരിട്ടുള്ള പിടിത്തത്തിലേക്ക് സർക്കാർ വാർത്താവിതരണ സംവിധാനം പൂർണമായി മാറിക്കഴിഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ജനാധിപത്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. മാധ്യമങ്ങൾ ഭരണാധികാരികളുടെ മൃദുലക്ഷ്യമായി മാറിയ നിരവധി സംഭവങ്ങളുണ്ട്. സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ ഇരുണ്ട ഘട്ടമായാണ് അടിയന്തരാവസ്ഥയെ കണക്കാക്കുന്നത്. രണ്ടാമത്തെ ഇരുണ്ട ഘട്ടത്തിലൂടെയാണ് ഇന്ത്യൻ മാധ്യമങ്ങൾ ഇപ്പോൾ കടന്നുപോകുന്നത്. മാധ്യമങ്ങളുടെ നിലനിൽപിന് ഭീഷണി ഉയർത്തുകയല്ല, അവയെ പലതരം സമ്മർദങ്ങളാൽ കൈപ്പിടിയിലൊതുക്കുന്ന പുതിയ തന്ത്രമാണ് അരങ്ങേറുന്നത്. വഴങ്ങാത്തവയെ പണം കൊടുത്തു വാങ്ങി സ്വന്തമാക്കും. ഇന്ത്യൻ മാധ്യമങ്ങൾ, പ്രത്യേകിച്ച് ടെലിവിഷൻ ചാനലുകൾ, ന്യൂട്രാലിറ്റി എന്ന കാതലായ തത്വം ഇല്ലാതെ പത്രപ്രവർത്തനത്തിന്റെ ഒരു പുതിയ രൂപത്തിലേക്ക് നീങ്ങുകയാണ്. നാലാം സ്തംഭം എന്ന ആശയവും ജനാധിപത്യത്തിന്റെ സന്തുലിതാവസ്ഥക്കായുള്ള പ്രവർത്തനവും പാർശ്വവത്കരിക്കപ്പെടുന്നു. പകരം, മുഖ്യധാര മാധ്യമങ്ങൾ സ്ഥാപനത്തിനും അധികാരികൾക്കും കൈത്താങ്ങായി മാറുന്നു. ഇത് കേവലം ഇന്ത്യയുടെ മാത്രം കാര്യമല്ല, ആഗോള പ്രതിഭാസം തന്നെയാണ് എന്നതാണ് യാഥാർഥ്യം. സാഫ്രൺ ജേണലിസത്തിന്റെ പുതിയ കാലത്തേക്ക് പതുക്കെ നാം കാലെടുത്തുവെച്ചുകഴിഞ്ഞു. സത്യവും മിഥ്യയും തിരിച്ചറിയാത്ത ഒരു കാലത്തിന്റെ ഭ്രമാത്മക വിലയങ്ങളിൽ അഭിപ്രായവും നിലപാടുകളും ലയിച്ചുചേരുന്ന സന്ദിഗ്ധാവസ്ഥയിലേക്ക് രാജ്യം എത്തിച്ചേരുകയാണ്.

Latest News