Sorry, you need to enable JavaScript to visit this website.

മാതാവിനെ ഫോണിലൂടെ അസഭ്യം  പറയാന്‍ വിസമ്മതിച്ചതിന് കൊടുംപീഡനം 

തിരുവനന്തപുരം- വെള്ളായണി കാര്‍ഷിക കോളേജില്‍ വിദ്യാര്‍ത്ഥിനി ദീപികയെ സഹപാഠി ആക്രമിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ ശക്തമായ വകുപ്പുകള്‍ ചുമത്തി പോലീസ് എഫ്‌ഐആര്‍. പ്രതിയായ സഹപാഠി ലോഹിതയ്‌ക്കെതിരെ ഭീഷണിപ്പെടുത്തുക, ആക്രമിച്ച് പരിക്കേല്‍പ്പിക്കുക, പൊള്ളലേല്‍പ്പിക്കുക തുടങ്ങിയവ ഉള്‍പ്പെടെ ആറ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദീപിക ക്രൂരമമായ അക്രമങ്ങള്‍ക്കാണ് ഇരയായതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ദീപികയോട് മാതാവിനെ ഫോണിലൂടെ അസഭ്യം പറയാന്‍ ലോഹിത ആവശ്യപ്പെട്ടു. ഇത് സമ്മതിക്കാതെ വന്നതോടെ ആക്രമണം തുടങ്ങിയെന്നാണ് പരാതി.
നാലാം വര്‍ഷ വിദ്യാര്‍ത്ഥികളായ ഇരുവരും ഹോസ്റ്റലില്‍ ഒരേമുറിയിലായിരുന്നു. ലോഹിതയെയും, പീഡനത്തിന് കൂട്ടു നിന്ന നിഖില്‍(22), ജിന്‍സി(22) എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ലോഹിതയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കോളേജിലെ അദ്ധ്യാപകന്‍ പ്രൊഫ. പോളിന്റെ സഹായത്തോടെയാണ് ലോഹിതയെ പോലീസ് ചോദ്യം ചെയ്തത്. ഹോസ്റ്റല്‍ മുറിയിലും തെളിവെടുത്തതായി തിരുവല്ലം എസ്.എച്ച്.ഒ രാഹുല്‍ രവീന്ദ്രന്‍ പറഞ്ഞു.

സംഭവത്തെ പറ്റി പോലീസ് പറയുന്നത്:

സമ്പന്ന കുടുംബത്തില്‍ നിന്നുള്ള ലോഹിത ദീപികയെക്കൊണ്ട് പല ജോലികളും ഭീഷണിപ്പെടുത്തി ചെയ്യിക്കുമായിരുന്നു. സഹികെട്ട ദീപിക അനുസരിക്കാന്‍ വിസമ്മതിച്ചതോടെ, കഴിഞ്ഞ ഒരു മാസമായി ലോഹിത ശാരീരികമായി ഉപദ്രവിച്ചുവരികയാണ്. കൊന്നുകളയുമെന്ന് ലോഹിത ഭീഷണിപ്പെടുത്തിയതുകാരണം ദീപിക പുറത്ത് പറഞ്ഞിരുന്നില്ല. ചിറ്റൂര്‍ നദിയാല കാശിനായകം ക്ഷേത്രത്തിന് സമീപം കൊണ്ടപള്ളി സ്വദേശിയാണ് ദീപിക.
ഈ മാസം18നാണ് കൊടുംപീഡനം നടന്നത്. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി ദീപികയുടെ തലയില്‍ പല ഭാഗത്തായി ഇടിച്ചു. തുടര്‍ന്ന് കസേരയില്‍ പിടിച്ചിരുത്തി കൈകള്‍ ഷാള്‍ ഉപയോഗിച്ച് കെട്ടിയിട്ടു. തക്കാളിക്കറി വച്ചിരുന്ന ചൂട് പാത്രമെടുത്ത് മുഖത്ത് വയ്ക്കാന്‍ ശ്രമിക്കവെ തല വെട്ടിത്തിരിച്ചപ്പോള്‍ കറി വീണ് ശരീരത്തിന്റെ പല ഭാഗത്തും പൊള്ളലേറ്റു. കലികയറിയ ലോഹിത കറിപ്പാത്രം വീണ്ടും ചൂടാക്കി ദീപികയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് ടീ ഷര്‍ട്ടിന്റെ പിറകുവശം ഉയര്‍ത്തി മുതുകത്ത് വച്ച് പൊള്ളിച്ചു. പൊള്ളലേറ്റ ഭാഗങ്ങളില്‍ മുളക്‌പൊടി വിതറി. ശരീരമാസകലം ഇടിച്ചു വേദനിപ്പിച്ചശേഷമാണ് കെട്ടഴിച്ചുവിട്ടത്. ദീപിക കാലില്‍ വീണ് ഇനി ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചപ്പോള്‍ കാല്‍ കൊണ്ട് മുഖത്ത് തൊഴിച്ചു. പീഡനം പുറത്തു പറഞ്ഞാല്‍ ജീവനൊടെ വച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തി.
അടുത്ത ദിവസം ഹോസ്റ്റല്‍ മുറിയില്‍ നിന്ന് രക്ഷപ്പെട്ട ദീപിക ബസില്‍ കോട്ടയത്തും, അവിടെ നിന്ന് നാട്ടുകാരുടെ സഹായത്തോടെ ട്രെയിനില്‍ ആന്ധ്രയിലെ വീട്ടിലും എത്തുകയായിരുന്നു. സംഭവമറിഞ്ഞ വീട്ടുകാര്‍ കോളേജിലെത്തി അന്വേഷിച്ചതോടെയാണ് പീഡന വിവരം പുറത്തായത്. മുറിവ് ഉള്‍പ്പെടെ ദീപിക വീഡിയോയില്‍ പകര്‍ത്തി കോളേജ് അധികൃതര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുകയും ചെയ്തു. 
 

Latest News