ചോദ്യം: എന്റെ ഇഖാമയിൽ നാഷണാലിറ്റി തെറ്റായാണ് കൊടുത്തിരിക്കുന്നത്. അതു തിരുത്താൻ എന്താണു ചെയ്യേണ്ടത്?
ഉത്തരം: തെറ്റ് തിരുത്തുന്നതിന് ഒറിജിനൽ പാസ്‌പോർട്ടും ഇഖാമയുമായി ജവാസാത്ത് ഓഫീസിനെ സമീപിക്കുകയാണ് വേണ്ടത്. പക്ഷേ നിങ്ങൾക്കു നേരിട്ട് ജവാസാത്ത് ഓഫീൽ പോകാൻ കഴിയില്ല. അതിന് സ്‌പോൺസറുടെ സഹായം തേടണം. ആദ്യം ജവാസാത്ത് ഓഫീസിൽ നിന്ന് സ്‌പോൺസർ മുൻകൂട്ടി അനുമതി തേടണം. അതിനു ശേഷം നിശ്ചയിക്കപ്പെട്ട സമയം സ്‌പോൺസറോ, അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തിയ ആളോ ജവാസാത്ത് ഓഫീസിൽ ഈ രേഖകളുമായി പോയാൽ തെറ്റ് തിരുത്താനാവും. കറക്ഷൻ വരുത്തിയ ശേഷം പുതിയ ഇഖാമ കാർഡ് ജവാസാത്ത് നൽകുകയും ചെയ്യും.
ജവാസാത്ത് സേവനം ഉപയോഗിച്ചില്ലെങ്കിൽ ഫീസ് മടക്കി ലഭിക്കൽ
ചോദ്യം: ജവാസാത്ത് സേവനത്തിനായി അടച്ച ഫീസ് സേവനം ഉപയോഗിക്കാത്ത സാഹചര്യത്തിൽ മടക്കിക്കിട്ടുമോ? അങ്ങനെയെങ്കിൽ എന്താണ് ചെയ്യേണ്ടത്?
ഉത്തരം: ജവാസാത്ത് സേവനത്തിനായി ബാങ്ക് വഴി അടച്ച പണം സേവനം ഉപയോഗിച്ചില്ലെങ്കിൽ മടക്കി ലഭിക്കും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ലോഗിൻ ചെയ്ത് സദാത് ഓപ്ഷൻ എടുക്കുക. അതിൽ റീ ഫണ്ട് ഓപ്ഷൻ ക്ലിക്ക് ചെയ്താൽ മതി. നിങ്ങൾ അടച്ച തുക മൂന്നോ ആറോ പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ മടക്കി ലഭിക്കും.
നവജാത ശിശുവിന്റെ ജനന സർട്ടിഫിക്കറ്റ് ലഭിക്കാൻ
ചോദ്യം: എനിക്ക് ഒരു കുട്ടി ജനിച്ചു. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് സിവിൽ അഫയേഴ്‌സ് ഓഫീസിൽനിന്ന് ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?
ഉത്തരം: നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റ് ഇപ്പോൾ എളുപ്പം ലഭ്യമാണ്. അബ്ശിർ ലോഗിൻ ചെയ്ത ശേഷം സിവിൽ അഫയേഴ്‌സ് ഓഫീസ് അക്കൗണ്ടിൽ ക്ലിക്ക് ചെയ്യുക. അതിലെ രജിസ്‌ട്രേഷൻ ഓഫ് ന്യൂ ബോൺ വിഭാഗത്തിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തുക. (കുട്ടിയുടെ പേര്, മാതാപിതാക്കാളുടെ പേര് തുടങ്ങിയ വിവരങ്ങൾ). അതിനു ശേഷം സിസ്റ്റം എപ്പോൾ നിങ്ങളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ലഭ്യമാവുമെന്ന വിവരം അറിയിക്കും. അതനുസരിച്ച് ഓഫീസിൽ പോയി സർട്ടിഫിക്കറ്റ് വാങ്ങിയാൽ മതിയാവും.






