Sorry, you need to enable JavaScript to visit this website.

നടന്നത് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര കൊലപാതകം, പ്രതികളെ പിടിച്ചത് തമിഴ്‌നാട് പോലീസ്


മലപ്പുറം - തിരൂര്‍ സ്വദേശിയായ ഹോട്ടലുടമയെ കൊലപ്പെടുത്തി കഷണങ്ങളാക്കി അട്ടപ്പാടിയിലെ കൊക്കയില്‍ തള്ളിയ സംഭവത്തില്‍ പ്രതികളായ ഷിബിലി (22)യെയും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന(18)യെയും പിടികൂടിയത് തമിഴ്‌നാട് പോലീസ്. കേരള പോലീസ് നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ ചെന്നെ പോലീസ് ഇവരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലുടമയായ തിരൂര്‍ സ്വദേശി സിദ്ധിഖിനെ (58)  കൊന്നു കഷണങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പാടിയിലെ കൊക്കയില്‍ ഉപേക്ഷിച്ചതായി ഇവര്‍ തന്നെയാണ് പോലീസിനോട് പറഞ്ഞത്. മലപ്പുറത്ത് നിന്ന് പോലീസ് സംഘം എത്തി ഇവരെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. അതിന് ശേഷം തിരൂരിലേക്ക് കൊണ്ടു വരും. സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളിയാണ് ഷിബിലി. എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. നാളെ മലപ്പുറം എസ്പി മൃതദേഹം വെട്ടിമുറിച്ചു ഉപേക്ഷിച്ച സ്ഥലത്തെത്തും. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. സംഭവത്തിന് ശേഷം ഇന്നലെ മുതല്‍ പ്രതികള്‍ ഒളിവിലായിരുന്നു. സിദ്ധിഖിനെ കാണാനില്ലെന്ന മകന്റെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിലേക്ക് എത്തിയിരിക്കുന്നത്. സംഭവം ഹണി ട്രാപ്പാണോ എന്നടക്കം വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് പറയുന്നത്.

 

Latest News