വൈറ്റ് ഹൗസിനു സമീപം ട്രക്ക് ഇടിച്ചു കയറ്റിയ ഇന്ത്യന്‍ വംശജന്‍ കസ്റ്റഡിയില്‍ തുടരും

വാഷിംഗ്ടണ്‍- വൈറ്റ് ഹൗസിന് സമീപം സുരക്ഷാ ബാരിയറില്‍ ട്രക്ക് ഇടിച്ചുകയറ്റിയ ഇന്ത്യന്‍ വംശജനായ 19 കാരനെ അടുത്തയാഴ്ചവരെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സായ് വര്‍ഷിത് കണ്ടുല ഓടിച്ചിരുന്ന ട്രക്കില്‍നിന്ന് നാസി പതാക കണ്ടെത്തിയതിനു പുറമെ പ്രതി അഡോള്‍ഫ് ഹിറ്റ്‌ലറെ പുകഴുത്തുകയും ചെയ്തിരുന്നു. അടുത്തയാഴ്ച വാദം കേള്‍ക്കുന്നത് വരെ കസ്റ്റഡിയില്‍ പാര്‍പ്പിക്കാന്‍ യു.എസ്. ഫെഡറല്‍ ജഡ്ജിയാണ് ഉത്തരവായത്. യുഎസ് മജിസ്‌ട്രേറ്റ്  റോബിന്‍ മെറിവെതറാണ് പ്രാരംഭ വാദം കേട്ടത്. കേസ് മേയ് 30 ലേക്ക് മാറ്റിവെച്ചു.
യുഎസ് സ്റ്റേറ്റായ മിസോറിയില്‍ നിന്നുള്ള സായ് വര്‍ഷിത് തിങ്കളാഴ്ച വൈകിട്ടാണ് വൈറ്റ് ഹൗസിനു സമീപം ലഫായെറ്റ് സ്‌ക്വയറിലെ സുരക്ഷാ ബാരിയറിലേക്ക് യുഹാള്‍ ബോക്‌സ് ട്രക്ക് ഇടിച്ചുകയറ്റിയത്.  ആര്‍ക്കും പരിക്കില്ല. വാടകയ്ക്ക് എടുത്ത വാഹനത്തില്‍ നിന്ന് സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയിരുന്നില്ല. യു.എസ് പ്രസിഡന്റ് ബൈഡനെ കൊല്ലണമെന്ന് പറഞ്ഞ യുവാവ് ആറു മാസമായി ആക്രമണത്തിന്റെ ആസൂത്രണത്തിലായിരുന്നുവെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു.
വൈറ്റ് ഹൗസില്‍ എത്തുക, അധികാരം പിടിച്ചെടുക്കുക, രാഷ്ട്രത്തിന്റെ ചുമതല വഹിക്കുക എന്നിവ ലക്ഷ്യമാക്കി ആറ് മാസത്തോളം ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.

 

Latest News