Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുഞ്ഞിനെ താലോലിച്ച് മന്ത്രി വീണ ജോര്‍ജ്; ആദിവാസി ജീവിതം തൊട്ടറിഞ്ഞ് ഇടമലക്കുടിയില്‍

ഇടമലക്കുടി സന്ദര്‍ശനത്തിനിടെ ആദിവാസി കുടിയിലെ കുഞ്ഞിനെ താലോലിക്കുന്ന ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

മൂന്നാര്‍- ആദിവാസി ജീവിതം തൊട്ടറിഞ്ഞ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇടമലക്കുടിയില്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയുടെ സന്ദര്‍ശനം ആദിവാസി ജനതക്ക് ആവേശമായി.
രാവിലെ ഏഴിന് മൂന്നാറില്‍ നിന്ന് പുറപ്പെട്ട മന്ത്രി ഇഡ്ഡലിപ്പാറക്കുടിയിലെത്തുമ്പോള്‍ സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ 26 കുടികളില്‍ നിന്നും  മന്ത്രിയെക്കാണാനായി ഒട്ടേറെപ്പേരെത്തിയിരുന്നു. പഞ്ചായത്തിലെ ആദ്യ കുടിയായ ഇഡ്ഡലിപ്പാറക്കുടിയിലെ സ്‌കൂള്‍ മുറ്റത്ത് ഗോത്രസമൂഹത്തിന്റെ  സ്വീകരണം ഏറ്റുവാങ്ങിയാണ് മന്ത്രി സന്ദര്‍ശനം ആരംഭിച്ചത്. തുടര്‍ന്ന് കുടിയിലെ എല്‍ പി സ്‌കൂളും അങ്കണവാടിയും സന്ദര്‍ശിച്ച മന്ത്രി സ്ത്രീകളോടും കുട്ടികളോടും കുശലാന്വേഷണം നടത്തി. മുതുവാന്‍ വിഭാഗക്കാരായ 108 കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ നാലാം ക്ലാസ് വരെ പഠിക്കുന്നതിന് സൗകര്യങ്ങളുണ്ട്. കമ്യൂനിറ്റി ഹാളില്‍ ഒത്തുകൂടിയ കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച മന്ത്രി കുടിയിലെ സൗകര്യങ്ങളും വിലയിരുത്തി. കുടിയില്‍ നിന്ന് പുറത്തുപോയി പഠിക്കുന്ന കുട്ടികളുടെ പഠനവിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി അവര്‍ക്ക് പ്രോത്സാഹന വാക്കുകളും പകര്‍ന്ന് നല്‍കിയ ശേഷമാണ് സൊസൈറ്റിക്കുടിയിലെ ഉദ്ഘാടന വേദിയിലേക്ക്  തിരിച്ചത്.
11 മണിയോടെ സൊസൈറ്റിക്കുടിയിലെത്തിയ മന്ത്രിയെക്കാത്ത് പ്രായമായവരടക്കം ഒട്ടേറെ പേര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയിരുന്നു. മന്ത്രിയെ ആവേശത്തോടെ സ്വീകരിച്ച അവര്‍ ആവശ്യങ്ങളും പരാതികളും പറഞ്ഞ് മന്ത്രിയുടെ ചുറ്റും കൂടി. പലര്‍ക്കും മന്ത്രിയോടൊത്ത് ചിത്രമെടുക്കണമെന്നായിരുന്നു ആവശ്യം. എല്ലാവര്‍ക്കുമൊത്ത് ചിത്രമെടുക്കാന്‍ സമയം കണ്ടെത്തിയ മന്ത്രി പ്രായമായവരുടെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം യാഥാര്‍ത്ഥ്യമായതോടെ സൗജന്യമായി രക്ത പരിശോധനകളടക്കം നടത്തുവാനുള്ള സൗകര്യം ഉണ്ടാകുമെന്നും ഇതിന് എല്ലാവരും സജ്ജരാകണമെന്നും ഓര്‍മ്മപ്പെടുത്തിയ മന്ത്രി കൊച്ചു കുട്ടികളെയും താലോലിച്ചു.  
ആദ്യമായി മന്ത്രിയെ  കണ്ടതിന്റെ സന്തോഷത്തില്‍ കുശലം ചോദിച്ചെത്തിയ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികളായ അരുണിനോടും ബിനുവിനോടും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ വീണ ജോര്‍ജ് ഇരുവര്‍ക്കുമൊപ്പം സെല്‍ഫിയുമെടുത്തു. പ്രദേശവാസികളായ ഊരുമൂപ്പന്‍ ദേവേന്ദ്ര കാണി, അളകമ്മ, പഞ്ചമി, നദിയ, ചന്ദനം തുടങ്ങി നിരവധി പേരോട് കുടിയിലെ ജീവിത സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഉദ്ഘാടനച്ചടങ്ങിന് ശേഷം അങ്കണവാടിയിലെ കുട്ടികളോടൊപ്പം 'ഒന്നാം നാള്‍ ഉല്ലാസയാത്ര പോയി' എന്ന പാട്ടു പാടിയും തമാശപറഞ്ഞും ഏറെ സമയം ചിലവഴിച്ച മന്ത്രി അങ്കണവാടി ടീച്ചറോട് കുട്ടികള്‍ക്ക് നല്‍കുന്ന പോഷാകാഹാരങ്ങളുടെ വിശദാംശങ്ങളും ആരാഞ്ഞു. ഉച്ചക്ക് രണ്ട് മണിയോടെ കുടിയില്‍ നിന്ന് ഉച്ചഭക്ഷണവും കഴിച്ചാണ് മന്ത്രി മടങ്ങിയത്. എ രാജ എം എല്‍ എയും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
 

 

 

Latest News