ശില്‍പിയും എഴുത്തുകാരനുമായ സി.ജി പ്രിന്‍സ് വീട്ടില്‍ മരിച്ച നിലയില്‍

തൃശൂര്‍ - ശില്‍പിയും എഴുത്തുകാരനുമായ സി.ജി പ്രിന്‍സ് (62) അന്തരിച്ചു.  ചെമ്പൂക്കാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചിത്രകാരനും കവിയും ഡോക്യുമെന്ററി സംവിധായകനുമായിരുന്ന പ്രിന്‍സ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികനായിരുന്നു.
തൃശൂര്‍ ചെമ്പൂക്കാവില്‍ ചിറമ്മല്‍ ജോര്‍ജ്ജ് ലില്ലി ദമ്പതികളുടെ മകനായി 1961 ജൂലൈ 22ന് ജനനം. മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. തൃശൂര്‍ ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ സി ജി പ്രിന്‍സ് സെന്റ് തോമസ് കോളജില്‍ നിന്ന് ബിഎ ഇംഗ്ലീഷ് സാഹിത്യത്തിലും ചരിത്രത്തിലും ബിരുദം നേടി.
2015ല്‍ തൃശൂര്‍ നെഹ്‌റു പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള 16 അടി ഉയരമുള്ള സ്റ്റീലില്‍ രൂപം നല്‍കിയ ആന പ്രിന്‍സിന്റെ പ്രധാന കലാസൃഷ്ടികളിലൊന്നാണ്. അടുക്കളയിലെ പൊട്ടിയ പാത്രങ്ങളും സ്പൂണുകളുപയോഗിച്ച് നിര്‍മ്മിച്ച 'ബേര്‍ഡ്‌സ് ഫ്രം മൈ മോംസ് കിച്ചന്‍ കബോര്‍ഡ്' സീരീസ്, 2018ലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി 1000 ചതുരശ്ര അടി ക്യാന്‍വാസില്‍ ചെയ്ത 'ഫ്‌ലവേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍' പെയിന്റിംഗ് എന്നിവയും സി ജി പ്രിന്‍സിന്റെ സൃഷ്ടികളാണ്. നാടന്‍ കലകളുടെ പ്രചാരകനും പ്രമുഖ ഫോക്‌ലോറിസ്റ്റുമായിരുന്ന ഡോ. ചുമ്മാര്‍ ചൂണ്ടലിനെക്കുറിച്ച് സി ജി പ്രിന്‍സ് തയ്യാറാക്കിയ ഡോക്യുമെന്ററി 'നാടോടി നൊമാഡ്' ചുമ്മാര്‍ ചൂണ്ടലിനെപ്പറ്റി മാത്രമല്ല നാടന്‍ കലാരൂപങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരുന്നു.
2000ലും 2005ലും കെനിയ, 2008ല്‍ യുഎസ്എ, 2015ല്‍ കേരള സംഗീത നാടക അക്കാദമി എന്നിവിടങ്ങളില്‍ ഇദ്ദേഹത്തിന്റെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കെനിയ, യുഎസ്എ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ആര്‍ട്ട് ഗാലറികളില്‍ സി ജി പ്രിന്‍സിന്റെ ശില്‍പങ്ങളുണ്ട്. സംസ്‌കാരം വെള്ളി ഉച്ച തിരിഞ്ഞ് 3.30ന് തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ സെമിത്തേരിയില്‍.

 

Latest News