കുനോ ദേശീയോധ്യാനത്തിലെ ചീറ്റകളുടെ മരണം തുടര്‍ക്കഥയാകുന്നു; രണ്ട് കുഞ്ഞു ചീറ്റകള്‍ കൂടി ചത്തു

ഭോപാല്‍- കുനോ ദേശീയ പാര്‍ക്കിലെ രണ്ട് ചീറ്റക്കുഞ്ഞുങ്ങള്‍ കൂടി ചത്തു. കഴിഞ്ഞ ദിവസം ഒരു ചീറ്റക്കുഞ്ഞ് ചത്തതിന് പിന്നാലെയാണ് രണ്ടെണ്ണം കൂടി ചത്തത്. 

നമീബിയയില്‍ നിന്നും ഗര്‍ഭിണിയായെത്തിയ ജ്വാല ജന്മം നല്‍കിയ നാല് ചീറ്റക്കുഞ്ഞുങ്ങളിലും മൂന്നും ഇതിനകം ചത്തു. പോഷകാഹാരക്കുറവാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമികമായി ലഭ്യമാകുന്ന വിവരം. രണ്ടു മാസമാണ് ചീറ്റക്കുഞ്ഞുങ്ങളുടെ പ്രായം. 

പ്രസവത്തിലെ നാലില്‍ മൂന്നും ചത്തതോടെ ബാക്കിയുള്ള ഒന്നിനെ പാല്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ ചികിത്സ നല്‍കാന്‍ നമീബിയയിലേയും ദക്ഷിണാഫ്രിക്കയിലേയും വിദഗ്ധ മൃഗഡോക്ടര്‍മാരുമായി ബന്ധപ്പെടുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 

ഇതോടെ മൂന്നു കുഞ്ഞുങ്ങളും മൂന്ന് മുതിര്‍ന്ന ചീറ്റകളും കുനോ ദേശീയോദ്യാനത്തില്‍ ചത്തു. നമീബിയയില്‍ നിന്നും എത്തിച്ചവയായിരുന്നു മുതിര്‍ന്ന ചീറ്റകളെയെല്ലാം. 

പെണ്‍ ചീറ്റകളായ സാഷ മാര്‍ച്ച് 27നും ദക്ഷ മെയ് ഒന്‍പതിനും ആണ്‍ ചീറ്റ ഉദയ് ഏപ്രില്‍ 23നുമാണ് ചത്തത്. ചീറ്റകള്‍ തുടര്‍ച്ചയായി ചാവുന്നതില്‍ സുപ്രിം കോടതി കഴിഞ്ഞയാഴ്ച ആശങ്ക പ്രകടിപ്പിക്കുകയും അവയെ രാജസ്ഥാനിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

Latest News