ഹൈദരാബാദ്- മേദക് ജില്ലയിലെ നര്‍സാപൂരില്‍ 'ജയ് ശ്രീറാം' മുദ്രാവാക്യം മുഴക്കി മുസ്ലിം യുവാവിനെയും കുടുംബാംഗങ്ങളെയും ആക്രമിച്ച കേസില്‍ ബിജെപി കൗണ്‍സിലര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
സംഭവം നടന്നത് മേയ് ഏഴിനായിരുന്നുവെങ്കിലും സംഭവത്തിന്റെ വീഡിയോ വ്യാഴാഴ്ച ട്വിറ്ററില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം നടന്ന ദിവസം തന്നെ കേസെടുത്തിരുന്നുവെന്ന് പോലീസ് പറയുന്നു.
കാവി വസ്ത്രധാരികളായ ഒരു സംഘം മുഹമ്മദ് ഇമ്രാനെയും (31) മാതാവിനെയും സഹോദരിയെയും ജയ്ശ്രീറാം മുഴക്കി കമിക്കുന്നതാണ് വീഡിയോ. എന്നാല്‍ മര്‍ദനത്തില്‍ ഇമ്രാന്റെ സഹോദരിയുടെ ഗര്‍ഭം അലസിയെന്ന ആരോപണം ആക്രമണ കേസുമായി ബന്ധിപ്പിക്കാന്‍ പോലീസ് വിസമ്മതിച്ചു.
സംഭവത്തെത്തുടര്‍ന്ന്, പ്രതികളിലൊരാളെ ആക്രമിച്ചതിന് ഇമ്രാനെ അന്ന് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. തുടര്‍ന്ന് തന്നെയും കുടുംബത്തെയും ആക്രമിച്ചവര്‍ക്കെതിരെ ഇമ്രാാന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു.
ഒരു റെസ്‌റ്റോറന്റില്‍ ജോലി ചെയ്യുന്ന ഇമ്രാന്‍ എച്ച്.പി ഗ്യാസ് വിതരണക്കാരനായ ലിംഗവുമായി (28) വഴക്കിട്ടതാണ് സംഭവങ്ങളുടെ തുടക്കമെന്ന് നര്‍സാപൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഒഴിഞ്ഞ ഗ്യാസ് സിലിണ്ടര്‍ എത്തിക്കാനാണ് ലിംഗത്തോട് ആവശ്യപ്പെട്ടതെങ്കിലും പകരം നിറച്ചത് കൊണ്ടുവന്നതാണ് ഇരുവരും തമ്മില്‍ വഴക്കിനു കാരണമായത്. തുടര്‍ന്ന് ഇമ്രാന്‍ ലിംഗത്തെ ചെരിപ്പ് കൊണ്ട് അടിച്ചുവെന്ന് സിഐ പറഞ്ഞു. ഇതിനു പിന്നാലെ ലിംഗം ഒരു സംഘം ആളുകളെ കൊണ്ടുവന്നു.'ജയ് ശ്രീറാം' മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടെത്തിയ കാവി വസ്ത്രധാരികളുടെ കൂട്ടത്തല്‍ ബി.ജെ.പി കൗണ്‍സിലര്‍ ഗോദ രാജേന്ദറും ഉണ്ടായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഇമ്രാനും ബിജെപി കൗണ്‍സിലര്‍ ഉള്‍പ്പെടെ 11 അക്രമികള്‍ക്കുമെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇമ്രാന്‍ മാത്രമാണ് അറസ്റ്റിലായത്.
11 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അവര്‍ക്ക് നോട്ടീസ് അയച്ചു. ഇരു കക്ഷികളെയും വിളിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചതായും സി.ഐ പറഞ്ഞു.
അതേസമയം, സംഭവത്തെ അപലപിച്ച മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് (എംബിടി) വക്താവ് അംജദുല്ലാ ഖാന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹമൂദ് അലിയും എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസിയും ഉള്‍പ്പെടെയുള്ള മുസ്‌ലിം നേതാക്കളുടെ മൗനത്തെ ചോദ്യം ചെയ്തു.
ഇമ്രാന്‍ ലിംഗത്തെ അടിച്ചത് ശരിയായില്ലെന്ന് സമ്മതിക്കുമ്പോള്‍ തന്നെ പ്രതികാരത്തിനായി ആള്‍ക്കൂട്ടത്തെ കൊണ്ടുവരുന്നത് ഗുണ്ടായിസമാണെന്ന് അദ്ദേഹം പറഞ്ഞു.