Sorry, you need to enable JavaScript to visit this website.

വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റില്‍ കൊണ്ടുവന്ന് നിക്ഷേപിക്കരുതെന്ന് ജീവനക്കാര്‍ക്ക് താക്കീത്

തിരുവനന്തപുരം - വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റില്‍ കൊണ്ടുവന്ന് നിക്ഷേപിക്കരുതെന്ന് ജീവനക്കാര്‍ക്ക് താക്കീത് നല്‍കി സംസ്ഥാന സര്‍ക്കാര്‍. വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ആവശ്യമെങ്കില്‍ വേസ്റ്റ് ബിന്നുകള്‍ സിസിടിവി പരിധിയില്‍ ആക്കുമെന്നും നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുന്നു. സെക്രട്ടേറിയറ്റ് വളപ്പില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കി സംരക്ഷിക്കരുത്, ഓഫീസില്‍ വെള്ളക്കുപ്പികളില്‍ അലങ്കാര ചെടി വളര്‍ത്തരുത് തുടങ്ങിയ നിര്‍ദേശങ്ങളും സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് സെല്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ ഉണ്ട്. സെക്രട്ടേറിയറ്റ് കാമ്പസിനുള്ളിലെ നായ ശല്യം സംബന്ധിച്ച് പരാതികള്‍ ഏറെയാണെന്നും സര്‍ക്കുലറില്‍ പറയുന്നു. സെക്രട്ടേറിയറ്റിലെ ചില ജീവനക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും സന്ദര്‍ശകര്‍ക്കും ഇതിനോടകം നായയുടെ കടിയേറ്റിട്ടുണ്ട്. സെക്യൂരിറ്റി വിഭാഗത്തിലേയും സെക്രട്ടേറിയറ്റിലെ ജീവനക്കാരില്‍ ചിലരും നായകള്‍ക്ക് ഭക്ഷണം നല്‍കുകയും അവയെ പരോക്ഷമായി സംരക്ഷിക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അവ ഇവിടം വിട്ട് പോകാന്‍ മടിക്കുകയും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണിയായി വിഹരിക്കുകയും ചെയ്യുന്നത്. ഇനി മുതല്‍ ആരും തന്നെ സെക്രട്ടേറിയറ്റ് കാമ്പസിനുള്ളില്‍ ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടരുതെന്നും സര്‍ക്കുലറില്‍ താക്കീത് നല്‍കുന്നു. 

 

Latest News