പ്രതിശ്രുത വധുവിനെ സംശയം; വെടിവെച്ചു കൊന്ന ശേഷം നദിയില്‍ ചാടിയ യുവാവ് അറസ്റ്റില്‍

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ പ്രതിശ്രുത വധുവിനെ അവളുടെ മാതാപിതാക്കളുടെ മുന്നില്‍ വെച്ച് വെടിവച്ചു കൊന്ന യുവാവ് നാട്ടുകാരില്‍നിന്ന് രക്ഷപ്പെടാന്‍ നദിയില്‍ ചാടി. എന്നാല്‍ വിദഗ്ധരായ നീന്തല്‍ക്കാര്‍ ഇയാളെ ഉടന്‍ തന്നെ കരക്കെത്തിച്ചു. മകളുമായി തര്‍ക്കിച്ച യുവാവ് ക്ഷുഭിതനായെന്നും ഉടന്‍ തോക്കെടുത്ത് വെടിവെച്ചുവെന്നുമാണ് ഇരുപതുകാരിയുടെ പിതാവ് പോലീസിനോട് പറഞ്ഞത്.   
പ്രതാപ്ഗഢ് ജില്ലയിലെ കാതര്‍ ഗ്രാമത്തിലാണ് സംഭവം.  
കാതര്‍ ഗ്രാമത്തിലെ കരിഷ്മ സിംഗ് (20) ആണ് കൊല്ലപ്പെട്ടത്.  ഇന്ദ്രപൂര്‍ കുവാര്‍ കത്രയില്‍ താമസിക്കുന്ന റിങ്കൂ സിംഗ് എന്ന രാകേഷാണ് പ്രതി. ഇയാളെ പ്രതാപ്ഗഡിലെ പാട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ (സിഎച്ച്‌സി) പ്രവേശിപ്പിച്ചു.
അനാവശ്യ വിഷയങ്ങളില്‍ മകളുമായി രാകേഷ് വാക്കുതര്‍ക്കം പതിവായിരുന്നുവെന്നും മകളെ സംശയമായിരുന്നുവെന്നും പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.  പുലര്‍ച്ചെ അഞ്ച് മണിയോടെ യുവതിയുടെ വീട്ടിലെത്തി പ്രതി വഴക്കുണ്ടാക്കി. മാതാപിതാക്കള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ചെവിക്കൊണ്ടില്ല. പ്രകോപിതനായ പ്രതി യുവതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. യുവതിയുടെ മാതാപിതാക്കളും പ്രായപൂര്‍ത്തിയാകാത്ത ഒരു സഹോദരിയും സംഭവത്തിന് സാക്ഷിയായി.

 

Latest News