Sorry, you need to enable JavaScript to visit this website.

ട്വിറ്ററിലെ അവഹേളനം: നിസ്സഹായരായി മന്ത്രി സുഷമയുടെയും ഭര്‍ത്താവ് സ്വരാജിന്റേയും പ്രതികരണം

ന്യൂദല്‍ഹി- പാസ്‌പോര്‍ട്ട് പുതുക്കാനെത്തിയ മിശ്രവിവാഹിതരായ ദമ്പതികളെ അവഹേളിക്കുകയും മതവിദ്വേഷപരമായി പെരുമാറുകയും ചെയ്ത് പാസ്‌പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തതിന് ഹിന്ദുത്വ വര്‍ഗീയവാദികളുടെ കടുത്ത അവഹേളനത്തിനിരയായ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഭര്‍ത്താവ് മുന്‍ഗവര്‍ണര്‍ സ്വരാജ് കൗശലും തങ്ങളുടെ നിസ്സഹായത വ്യക്തമാക്കുന്ന പ്രതികരണവുമായി രംഗത്തെത്തി. 

തനിക്കെതിരായ ട്വീറ്റുകള്‍ കഴിഞ്ഞ ദിവസം മന്ത്രി സുഷമ ലൈക്ക് അടിച്ച് മാര്‍ക്ക് ചെയ്തിരുന്നു. ഇത്തരം ട്വീറ്റുകള്‍ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യവുമായി ഒരു ട്വിറ്റര്‍ പോളിലൂടെയാണ് സുഷമയുടെ പ്രതികരണം. ഇതുവരെ 57 ശതമാനം പേര്‍ അവഹേളന പോസ്റ്റുകള്‍ക്കെതിരെ വോട്ടു ചെയ്തിട്ടുണ്ട്. അവഹേളനത്തെ പിന്തുണച്ചു കൊണ്ട് 43 ശതമാനം പേരും ഇതുവരെ വോട്ടു ചെയ്തിട്ടുണ്ട്. ബിജെപി ഉന്നത നേതാവും ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയില്‍ ഉന്നത പദവിയും വഹിക്കുന്ന സുഷമ സ്വരാജിന് ട്വിറ്റര്‍ പോളിലൂടെ പൊതുജനത്തിന്റെ സഹായം തേടേണ്ടി വന്നിരിക്കുന്നുവെന്നാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കടുത്ത വിദ്വേഷപരവും വര്‍ഗീയവുമായ ട്വീറ്റുകളുമായി ബിജെപി, സംഘപരിവാര്‍ അനുകൂലികളാണ് സുഷമയ്‌ക്കെതിരെ രംഗത്തുള്ളത്. ഇതു നിര്‍ത്താന്‍ ബിജെപി ഐടി സെല്ലിനോട് ആവശ്യപ്പെടാന്‍ പോലും സുഷമയ്ക്ക് കഴിയുന്നില്ലെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആദിത്യ മേനോന്‍ ഒരു ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി.

മന്ത്രി സുഷമയുടെ ഭര്‍ത്താവും മുന്‍ മിസോറാം ഗവര്‍ണറുമായ സ്വരാജ് കൗശലും വൈകാരികമായി പ്രതികരണവുമായി ട്വീറ്റ് ചെയ്തു. ദല്‍ഹി ഐഐടി ബിരുദധാരിയെന്നു സ്വയം പരിചയപ്പെടുത്തുന്ന മുകേശ് ഗുപ്ത എന്നയാള്‍ അങ്ങേയറ്റം മോശമായ രീതിയില്‍ സുഷമയെ അവഹേളിച്ചതിനാണ് സ്വരാജ് കൗശല്‍ വൈകാരികമായി മറുപടി പറഞ്ഞത്. 'സുഷമ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ എന്തു കൊണ്ട് ഒരു അടി കൊടുത്തു കൂട? മുസ്ലിം പ്രീണനം നിര്‍ത്താനും മുസ്ലിംകള്‍ ബിജെപിക്ക്് ഒരിക്കലും വോട്ടു ചെയ്യില്ലെന്നും അവരെ പഠിപ്പിക്കുകയും വേണം' എന്നായിരുന്നു മുകേശിന്റെ അവഹേളന ട്വീറ്റ്. 

'താങ്കളുടെ വാക്കുകള്‍ ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു,' എന്നാണ് സ്വരാജ് കൗശല്‍ ഇതിനോട് പ്രതികരിച്ചത്. കുടുംബത്തില്‍ സുഷമയ്ക്ക് ഉന്നത സ്ഥാനമാണുള്ളതെന്നും തന്റെ അമ്മ അര്‍ബുദം ബാധിച്ച് ആശുപത്രിയില്‍ കിടക്കുമ്പോള്‍ എംപിയും മുന്‍ മന്ത്രി ആയിട്ടു പോലും ഒരു വര്‍ഷത്തോളം ആശുപത്രില്‍ നിന്ന് മരിക്കുന്നതു വരെ അവരെ ശുശ്രൂഷിച്ചതും സുഷമയാണെന്നും ഭര്‍ത്താവ് സ്വരാജ് ട്വീറ്റിലൂടെ മറുപടി പറഞ്ഞു.  തന്റെ അച്ഛന്റെ ആഗ്രഹ പ്രകാരം അദ്ദേഹത്തിന്റെ ചിതയ്ക്ക് തീകൊളുത്തിയത് സുഷമയാണ്. ഞങ്ങള്‍ അവരെ ആദരിക്കുന്നു. ഇത്തരത്തിലുള്ള വാക്കുകള്‍ അവര്‍ക്കെതിരെ ഉപയോഗിക്കരുത്. കുടുംബത്തില്‍ നിന്നും രാഷട്രീയ, അഭിഭാഷക രംഗങ്ങളിലേക്ക് ആദ്യമായി ചുവടുവച്ചവരാണ് ഞങ്ങള്‍. പ്രാര്‍ത്ഥനകളെല്ലാം അവര്‍ക്കു വേണ്ടിയാണ്. താങ്കളുടെ ഭാര്യയോട് എന്റെ സ്‌നേഹാദരങ്ങള്‍ അറിയിക്കുക,' മറ്റൊരു ട്വീറ്റിലൂടെ സ്വരാജ് കൗശല്‍ തങ്ങളെ അവഹേളിച്ചയാള്‍ക്ക് വൈകാരികമായി മറുപടി നല്‍കി.
 

Latest News