Sorry, you need to enable JavaScript to visit this website.

രഷ്ട്രപതിയെ ക്ഷണിക്കാത്തത് ഭരണഘടനാ ലംഘനം; സുപ്രീം കോടതിയില്‍ ഹരജി

ന്യൂദല്‍ഹി- പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ  രാഷ്ട്രപതി തന്നെ ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകന്‍ സി ആര്‍ ജയ സുകിന്‍ ആണ് ഹരജി നല്‍കിയത്. രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കാത്തതിനാല്‍ ലോക്‌സഭ സെക്രട്ടേറിയേറ്റ് ഭരണഘടനാലംഘനം നടത്തിയെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
    മേയ് 18ന് ലോക്‌സഭാ സെക്രട്ടറി ജനറല്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുമെന്നാണ് പറയുന്നത്. ഈ ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ഭരണഘടന ലംഘനമാണെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നത്. ഭരണഘടനയിലെ അനുച്ഛേദം 79 പ്രകാരം പാര്‍ലമെന്റ് എന്നത് രാഷ്ട്രപതിയും ഇരുസഭകളും ഉള്‍പ്പെടുന്നതാണ്. അതിനര്‍ത്ഥം, രാജ്യത്തിന്റെ പ്രഥമ പൗരനായ രാഷ്ട്രപതിക്ക് പാര്‍ലമെന്റ് സമ്മേളനങ്ങള്‍ വിളിക്കാനും നിര്‍ത്തി വെക്കാനുമുള്ള അധികാരമുണ്ടെന്നാണ്. പ്രധാനമന്ത്രിയേയും മറ്റ് മന്ത്രിമാരെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്. അതിനാല്‍, ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് അപമാനവും ഭരണഘടനാ ലംഘനവുമാണെന്ന് ഹരജിക്കാരന്‍ വ്യക്തമാക്കുന്നു.
    ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ പ്രസ്താവന ഏകപക്ഷീയമായ രീതിയിലാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഹരജിയിലുണ്ട്. 'ഇന്ത്യയുടെ പ്രസിഡന്റായ ദ്രൗപതി മുര്‍മുവിനെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. എക്സിക്യൂട്ടിവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യറി, അടിയന്തരാവസ്ഥ, സൈനിക കാര്യങ്ങള്‍ തുടങ്ങിയവ രാഷ്ട്രപതിയുടെ അധികാരങ്ങളാണ്.'ഹര്‍ജിയില്‍ പറയുന്നു. പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് 19 പ്രതിപക്ഷ പാര്‍ട്ടികളാണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
    'പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെ പൂര്‍ണമായും മാറ്റിനിര്‍ത്തുന്നത് ഗുരുതരമായ അപമാനം മാത്രമല്ല, ജനാധിപത്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണവുമാണ്. രാഷ്ട്രപതിയില്ലാതെ പാര്‍ലമെന്റിന് പ്രവര്‍ത്തിക്കാനാകില്ല. എന്നിട്ടും അവരെ കൂടാതെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. ഈ മാന്യതയില്ലാത്ത പ്രവൃത്തി രാഷ്ട്രപതിയുടെ ഉന്നത പദവിയെ അപമാനിക്കുകയും ഭരണഘടനയുടെ അന്തസ് ലംഘിക്കുകയും ചെയ്യുന്നു. രാഷ്ട്രം അതിന്റെ ആദ്യ വനിതാ ആദിവാസി പ്രസിഡന്റിനെ ആഘോഷിക്കുന്ന മനോഭാവത്തെയാണ് ഇത് ദുര്‍ബലപ്പെടുത്തുന്നത്.' പ്രതിപക്ഷ പാര്‍ട്ടികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 

Latest News