Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യൻ ഐ.ടി മേഖലയിൽ തളർച്ച; 60,000 കരാർ തൊഴിലാളികൾക്ക് ജോലി നഷ്ടമായി

ഇന്ത്യയിൽ ഐ.ടി മേഖലയിൽ 60,000 പുറം കരാർ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടതായി കണക്ക്. രാജ്യത്തുടനീളമുള്ള 120ലധികം റിക്രൂട്ട്‌മെന്റ് ഏജൻസികളെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ സ്റ്റാഫിംഗ് ഫെഡറേഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലാണ് ഇന്ത്യയുടെ ഐ.ടി മേഖലയിൽ ഇത്രയും കരാർ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടത്. കമ്പനികൾ കോൺട്രാക്ടർമാർ വഴി ജോലിക്കെടുത്ത തൊഴിലാളികളുടെ ജോലികൾ മുൻ വർഷത്തേക്കാൾ 7.7 ശതമാനം കുറഞ്ഞു. അതേസമയം, നിർമാണം, ലോജിസ്റ്റിക്‌സ്, റീട്ടെയിൽ മേഖലകളിലെ നിയമനത്തെ പ്രതിസന്ധി ബാധിച്ചിട്ടില്ല. ഈ മേഖലകളിൽ നിയമനം തടസ്സമില്ലാതെ തുടരുന്നുണ്ട്. 
ഐ.ടി ഫ്‌ളെക്‌സി സ്റ്റാഫിംഗ് മേഖലയിലെ തൊഴിലുകളിലുണ്ടായ ഇടിവ്  ഐ.ടി റിക്രൂട്ട്‌മെന്റിലെ ആഗോള മാന്ദ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് 120 ലധികം റിക്രൂട്ട്‌മെന്റ് ഏജൻസികളെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ സ്റ്റാഫിംഗ് ഫെഡറേഷൻ പ്രസിഡന്റ് ലോഹിത് ഭാട്ടിയ പറഞ്ഞു.
കോവിഡ് മഹാമാരി കാലത്ത് 194 ബില്യൺ ഡോളറിന്റെ സോഫ്റ്റ്‌വെയർ ബിസിനസിനെ ഓൺലൈൻ ഷോപ്പിംഗും റിമോട്ട് വർക്കിംഗും ഏറെ സഹായിച്ചിരുന്നു. ഇതിനുശേഷം ജീവനക്കാർ ഓഫീസുകളിലേക്ക് മടങ്ങിയതും റഷ്യ-ഉക്രൈൻ യുദ്ധം യൂറോപ്പിലെ ഇടപാടുകാരെ ബാധിച്ചതുമാണ് ഈ വർഷം മാന്ദ്യത്തിനു കാരണമായത്.  
കുതിച്ചുയരുന്ന പണപ്പെരുപ്പവും വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും ഉക്രൈൻ യുദ്ധത്തിന്റെ ആഘാതവും ഇന്ത്യയിലെ ഐ.ടി രംഗത്തെ വളർച്ചക്ക് അറുതി വരുത്തുമെന്ന് ജെ.പി മോർഗൻ വിശകലന വിദഗ്ധർ കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് സമയത്ത് ഇന്ത്യയുടെ ഐ.ടി മേഖല കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാകുമെന്നാണ് മുന്നറിയിപ്പ്. 
ഐ.ടി മേഖലയിലെ കരാർ തൊഴിലാളികളുടെ നിയമനം മാർച്ച് പാദത്തിൽ ആറു ശതമാനമാണ് കുറഞ്ഞത്. സോഫ്റ്റ് വെയർ വ്യവസായത്തിൽ മൂന്നാം കക്ഷി വഴി കരാർ തൊഴിലാളികളെ നിയമിക്കുന്നത്  അടുത്ത കുറച്ച് പാദങ്ങളിൽ ദുർബലമായി തുടരുമെന്ന് ലോഹിത് ഭാട്ടിയ  പറഞ്ഞു.
ഏപ്രിലിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് തുടർച്ചയായി നാലാം മാസവും 8.11 ശതമാനമായി ഉയർന്നുവെന്നാണ് മുംബൈ ആസ്ഥാനമായുള്ള സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമിയുടെ കണക്ക്. തൊഴിലില്ലായ്മ നിരക്ക് മാർച്ചിൽ 7.8 ശതമാനമായിരുന്നു. 
മറ്റ് മേഖലകളിലും കരാർ തൊഴിലാളികളുടെ മൊത്തത്തിലുള്ള ആവശ്യം കുറഞ്ഞതായി ഇന്ത്യൻ സ്റ്റാഫിംഗ് ഫെഡറേഷൻ പറയുന്നു. 
മാർച്ചിൽ അവസാനിച്ച 2022-23 സാമ്പത്തിക വർഷത്തിൽ 1,77,000 ജോലികളാണ് ഉൾപ്പെടുത്തിയത്. എന്നാൽ മുൻ വർഷം ഇത് 2,30,000 തൊഴിലാളികളായിരുന്നു.

Latest News