Sorry, you need to enable JavaScript to visit this website.

വികസിത രാജ്യങ്ങൾ തമ്മിൽ ഡ്രോൺ യുദ്ധങ്ങൾ പ്രവചിച്ച് എലോൺ മസ്‌ക്

ആയുധങ്ങൾ നിർമിക്കാൻ സർക്കാരുകൾ കൃത്രിമ ബുദ്ധി ഉപയോഗിക്കും

ലോകമെമ്പാടുമുള്ള സർക്കാരുകൾ ആയുധങ്ങൾ വികസിപ്പിക്കുന്നതിന് കൃത്രിമബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിക്കുമെന്നും ഇനിയങ്ങോട്ട് ഡ്രോൺ യുദ്ധങ്ങളായിരിക്കുമെന്നും കോടീശ്വരനും ടെസ്‌ല സി.ഇ.ഒയുമായ എലോൺ മസ്‌ക് പറഞ്ഞു. 
വികസിത രാജ്യങ്ങൾ ആയുധ നിർമാണത്തിന് കൃത്രിമ ബുദ്ധിയെ കൂടുതൽ ആശ്രയിക്കുമെന്നാണ് കരുതുന്നത്. ഡ്രോൺ ശേഷിയുള്ള രാജ്യങ്ങൾ തമ്മിലുള്ള ഭാവി യുദ്ധങ്ങൾ ഡ്രോണുകൾ ഉപയോഗിച്ചായിരിക്കും. ഏതൊരു മനുഷ്യനെക്കാളും വേഗത്തിൽ പ്രതികരിക്കാൻ കഴിയുന്ന അത്യാധുനിക ആയുധങ്ങൾ യുദ്ധഭൂമിയിൽ നൽകാൻ കൃത്രിമ ബുദ്ധിക്ക് കഴിയുമെന്നും എലോൺ മസ്‌ക് കൂട്ടിച്ചർത്തു.  
ലണ്ടനിൽ നടന്ന വാർഷിക വാൾസ്ട്രീറ്റ് ജേണലിന്റെ സി.ഇ.ഒ കൗൺസിൽ ഉച്ചകോടിയിൽ വീഡിയോ ലിങ്ക് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. 
നാഗരികത ശക്തമാണെന്നും ഒന്നും താഴെയിറക്കാൻ കഴിയില്ലെന്നുമുള്ള  അനുമാനത്തിലാണ് നമ്മൾ പൊതുവെ പ്രവർത്തിക്കുന്നത്. സാമ്രാജ്യങ്ങൾ തകരുന്നത് വരെ അവർക്കുണ്ടായിരുന്ന സാധാരണ വികാരവും ഇതുതന്നെ ആയിരുന്നുവെന്ന് എലോൺ മസ്‌ക് പറഞ്ഞു.  
കൂടുതൽ നൂതനമായ ആയുധങ്ങൾ യുദ്ധക്കളത്തിൽ എത്തിക്കുകയാണ് യഥാർഥത്തിൽ കൃത്രിമ ബുദ്ധി ചെയ്യാനിരിക്കുന്നത്. ഏതൊരു മനുഷ്യനും കഴിയുന്നതിനേക്കാൾ വേഗത്തിൽ പ്രതികരിക്കാൻ കഴിയുന്നവയായിരിക്കും ഈ ആയുധങ്ങൾ.
കൃത്രിമ ബുദ്ധി ഒരു സാമ്രാജ്യത്തിന്റെ അന്ത്യത്തിലേക്ക് മുന്നേറുകയാണോ എന്ന ചോദ്യത്തിന് അങ്ങനെ തന്നെയാണെന്നും നമ്മൾ ചെയ്യുന്ന എല്ലാത്തിനും കൃത്രിമ ബുദ്ധി ആവശ്യമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 
കൃത്രിമബുദ്ധി ഒന്നുകിൽ സ്ഥിതി മെച്ചപ്പെടുത്തും, അല്ലെങ്കിൽ മനുഷ്യരാശിയുടെ വളർച്ച ഇല്ലാതാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യും. ഇത്തരമൊരു അപകടസാധ്യതയുണ്ട്. സൂപ്പർ ഇന്റലിജൻസിന്റെ ഘടകം പരിഗണിക്കുമ്പോൾതന്നെ ഇരുതല മൂർച്ചയുള്ള വാളാണിതെന്നും അദ്ദേഹം പറഞ്ഞു.  
സർക്കാരുകൾ ആയുധങ്ങൾക്കുവേണ്ടിയാകും കൃത്രിമബുദ്ധി വ്യാപകമായി ഉപയോഗിക്കുകയെന്ന് ഞാൻ കരുതുന്നു. ഏതൊരു മനുഷ്യനും കഴിയുന്നതിനേക്കാൾ വേഗത്തിൽ പ്രതികരിക്കാൻ കഴിയുന്ന കൂടുതൽ നൂതനമായ ആയുധങ്ങൾ അത് യുദ്ധക്കളത്തിൽ എത്തിക്കും. 
വികസിത രാജ്യങ്ങൾ തമ്മിൽ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് ഡ്രോൺ ശേഷിയുള്ള രാജ്യങ്ങൾ തമ്മിലുള്ള ഭാവിയിലെ യുദ്ധങ്ങൾ ഡ്രോൺ യുദ്ധങ്ങളായിരിക്കും -മസ്‌ക് പറഞ്ഞു.
കൃത്രിമ ബുദ്ധി എവിടെ ഉപയോഗിക്കുന്നുവെന്ന് ആദ്യം ശ്രദ്ധിക്കേണ്ട സ്ഥലങ്ങളിലൊന്ന് പൊതുജനാഭിപ്രായം കൈകാര്യം ചെയ്യുന്നതിന് ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയാണ്. അവിടെയാണ് അഭിപ്രായങ്ങൾ നിർമിക്കുന്നതും വിശ്വാസ്യത നേടിയെടുക്കുന്നതും. വരാനിരിക്കുന്ന യു.എസ് തെരഞ്ഞെടുപ്പിൽ ഇത് എത്ര വലിയ മാറ്റം സൃഷ്ടിക്കുമെന്ന ചോദ്യത്തിന് എ.ഐ കൃത്രിമത്വത്തിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള വഴികൾ തേടേണ്ടിയിരിക്കുന്നുവെന്നായിരുന്നു മസ്‌കിന്റെ മറുപടി. 
ട്വിറ്ററിൽ ഇത് ഗൗരവമായി എടുക്കുന്നുണ്ടെന്നും വലിയ തോതിലുള്ള കൃത്രിമത്വം കണ്ടെത്തുന്നതിന് എല്ലാ പരിരക്ഷകളും ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Latest News