ആത്മഹത്യ ചെയ്ത പ്രവാസിയുടെ മൃതദേഹം പത്ത് മാസം സൗദി മോര്‍ച്ചറിയില്‍; ഒടുവില്‍ നാട്ടിലെത്തിച്ചു

ഖമീസ് മുശൈത്ത്-സൗദിയിലെ തന്തഹയില്‍ ജോലി സ്ഥലത്ത് ആത്മഹത്യചെയ്ത ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി അമര്‍ സിംഗ് ഓംപാലിന്റെ  (25) മൃതദേഹം നാട്ടിലെത്തിച്ചു. പത്തു മാസം മുന്‍പാണ് അമര്‍ സിംഗ് ജോലിസ്ഥലത്ത് ആത്മഹത്യ ചെയ്തത്. നാട്ടില്‍നിന്നെത്തി രണ്ട് മാസമേ ആയിരുന്നുള്ളൂ.  നാട്ടില്‍നിന്ന് ഒരേ കമ്പനിയിലെക്ക് ഒരുമിച്ചു വന്ന ബന്ധു അറിയിച്ചതിനെ തുടര്‍ന്നു വീട്ടുകാര്‍ മൃതദേഹം നാട്ടിലേക്കയക്കുന്നതിന്നു വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്നു തൊഴിലുടമയുടെ പേരില്‍ സമ്മതപത്രം അയച്ചു കൊടുത്തെങ്കിലും നടപടികളൊന്നുമുണ്ടായിരുന്നില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും മൃതദേഹം നാട്ടില്‍ എത്താതായപ്പോള്‍ കുടുംബം സഹായ മഭ്യര്‍ത്ഥിച്ചു ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജീവകാരുണ്യ വിഭാഗത്തെ ബന്ധപ്പെടുകയയിരുന്നു. തുടര്‍ന്നു കോണ്‍സുലേറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരം ഒ.ഐ.സി.സി സൗദി ദക്ഷിണമേഖലാ കമ്മറ്റി പ്രസിഡണ്ടും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജീവകാരുണ്യ വിഭാഗം പ്രതിനിധിയുമായ അഷ്‌റഫ് കുറ്റിച്ചല്‍ ഇടപെട്ട്  പുതിയ സമ്മത പത്രം വരുത്തിയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.  മൃതദേഹം കഴിഞ്ഞ ദിവസം  സൗദി എയര്‍ ലൈന്‍സ് വിമാനത്തില്‍ അബഹയില്‍ നിന്നും ജിദ്ദ വഴി ദല്‍ഹിയിലെത്തിച്ചു.  
അവിവാഹിതനായ അമര്‍ സിംഗിനു നാട്ടില്‍ അച്ഛനും അമ്മയും മാത്രമാണ് ഉള്ളത്. ഇഖാമ ഉണ്ടാക്കിയിരുന്നില്ല. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ചെലവു വഹിക്കാന്‍ തൊഴിലുടമ വിസമ്മതം പ്രകടിപ്പിച്ചുവെങ്കിലും കൗണ്‍സുലേറ്റിന്റെ നിര്‍ബന്ധത്ത്ന്നു വഴങ്ങി ഒടുവില്‍ സമ്മതിക്കുകയായിരുന്നു.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി   റോയി മുത്തേടവും സഹായത്തിനുണ്ടായിരുന്നു.

 

Latest News