കല്‍പറ്റ-വയനാട്ടില്‍ സ്ഥിരം കുറ്റവാളിയെ വീണ്ടും കാപ്പ(കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) ചുമത്തി ജയിലിലാക്കി. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനില്‍ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ട തരിയോട് എട്ടാംമൈല്‍ കാരനിരപ്പേല്‍ ഷിജുവിനെതിരെയാണ്(43)നടപടി. വധശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പിടിച്ചുപറി, അതിക്രമിച്ചുകടക്കല്‍, അടിപിടി, മോഷണം, ഭീഷണിപ്പെടുത്തല്‍, ഒദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ഡോ.രേണുരാജാണ് ഷിജുവിനെതിരെ കാപ്പ ചുമത്തി ഉത്തരവായത്. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ചചെയ്യാന്‍ സംസ്ഥാനതലത്തില്‍ നടപ്പിലാക്കിയ ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി മുന്‍ ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2022 ഏപ്രില്‍ 30ന് ഷിജുവിനെതിരെ അന്നത്തെ ജില്ലാ കലക്ടര്‍ എ.ഗീത 'കാപ്പ' ചുമത്തിയിരുന്നു. ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഇയാള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തിലാണ് വീണ്ടും കാപ്പ ശിപാര്‍ശ ചെയ്തത്. ഷിജുവിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
പടം-ഷിജു-