ഇൻസ്റ്റ റീൽസിനായി മയിലിന്റെ പീലികൾ പറിച്ച് കൊടുംക്രൂരത; പ്രതിക്കായി തിരച്ചിൽ

ഭോപ്പാൽ - ഇൻസ്റ്റാഗ്രാം റീൽസിനായി മയിലിന്റെ പീലി പറിച്ച് യുവാവിന്റെ കൊടും ക്രൂരത. മദ്ധ്യപ്രദേശിലെ കട്‌നി ജില്ലയിലാണ് സംഭവം. 
 കുറച്ച് ദിവസം മുമ്പ് ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് വനംവകുപ്പ് കേസെടുത്തത്.
 ഒരു യുവാവ് മയിലിനെ പിടിച്ച് അതിന്റെ പീലികളും തൂവലും പറിച്ചു കളയുന്നതാണ് വീഡിയോയിലുള്ളത്. മനുഷ്യത്വമില്ലാത്ത ഈ കടുംകൈ സോഷ്യൽ മീഡിയയിൽ വലിയ വിമർശങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതരുടെ നടപടി. 
 റീത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് മയിലിനെ ഉപദ്രവിച്ചത്. യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടനെ പിടിയിലാകുമെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡി.എഫ്.ഒ) ഗൗരവ് ശർമ്മ പറഞ്ഞു. 
 കട്‌നിയിലെ റീത്തി പ്രദേശവാസിയായ അതുൽ എന്ന യുവാവിനെതിരെയാണ് കേസെടുത്തത്. ഇയാളെ പിടികൂടാൻ പോലീസ് സംഘം വീട്ടിൽ എത്തിയപ്പോഴേക്കും പ്രതി അവിടുന്ന് മുങ്ങിയിരുന്നു. പ്രതിയ്ക്കായി ഊർജിത അന്വേഷണം തുടരുകയാണെന്നും ഇൻസ്റ്റഗ്രാം റീൽസിനായാണ് പ്രതി ഈ പാതകം ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

Latest News