മലപ്പുറം - മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കരുവാരക്കുണ്ടില്‍ മലയില്‍ കുടുങ്ങിപ്പോയ രണ്ടു പേരെയും താഴെ എത്തിച്ചു. മലയില്‍ കുടുങ്ങിപ്പോയ കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജല്‍ എന്നിവരെയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. ഇവരും സുഹൃത്തായ ഷംനാസും ചേര്‍ന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് കേരളകുണ്ട് വെള്ളച്ചാട്ട ത്തിന് മുകളിലുള്ള മലയിലേക്ക് ട്രക്കിങ്ങിനു പോയത്. വൈകുന്നേരത്തോടെയാണ് വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്തുള്ള കൂമ്പന്‍ മലയില്‍ കുടുങ്ങിയത്ത്. ശക്തമായ മഴയില്‍ നീര്‍ച്ചാലുകള്‍ നിറഞ്ഞതോടെയാണ് സംഘത്തിന് വഴിതെറ്റിയത്. ഇതിനിടയില്‍ ഷംനാസ് ഒരു വിധത്തില്‍ താഴെയത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും രക്ഷാ പ്രവര്‍ത്തകരും ചേര്‍ന്ന് ഇവര്‍ കുടുങ്ങിയ സ്ഥലം കണ്ടെത്തുകയും രാത്രിയോടെ സുരക്ഷാ സന്നാഹങ്ങളുമായി മല കയറുകയുമായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലാണ് ഇരുവരെയും താഴെയെത്തിച്ചത്.






