അഴിമതിക്കാരായ ജീവനക്കാര്‍ ഇനി പടിക്ക് പുറത്താകും, ശക്തമായ നടപടികളുമായി റവന്യൂ വകുപ്പ്

തിരുവനന്തപുരം - അഴിമതിക്കേസുകളില്‍ പ്രതികളാകുന്ന സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള നടപടികളെക്കുറിച്ച് റവന്യൂ വകുപ്പ് ആലോചിക്കുന്നു. ഇത് സംബന്ധിച്ച് നിയമ വശങ്ങള്‍ പരിശോധിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ നിര്‍ദേശം നല്‍കി. പാലക്കാട് മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യൂ അദാലത്തിന്റെ പരിസരത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ വി സുരേഷ് കുമാര്‍ കഴിഞ്ഞ ദിവസം വിജിലന്‍സിന്റെ പിടിയിലായിരുന്നു. ഇയാളില്‍ നിന്ന് പണവും നിക്ഷേപവുമായി ഒരു കോടിയിലേറെ രൂപയുടെ സമ്പാദ്യം കണ്ടെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ശക്തമായ നടപടികള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. നിലവില്‍ അഴിമതിക്ക് പിടിക്കപ്പെടുന്ന ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയാണ് പതിവ്. ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ അവര്‍ക്ക് തിരിച്ച് ജോലിയില്‍ പ്രവേശിക്കാനാകും. റവന്യൂ വകുപ്പിലെ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കാനും മന്ത്രി കെ രാജന്‍ നിര്‍ദേശം നല്‍കി. മൂന്ന് വര്‍ഷം തുടര്‍ച്ചയായി വില്ലേജ് ഓഫീസുകളില്‍ സേവനമനുഷ്ഠിച്ച വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥലം മാറ്റും.  എല്ലാ മാസവും ലാന്‍ഡ് റവന്യൂ കമ്മീഷണറും റവന്യൂ സെക്രട്ടറിയും മന്ത്രിയും അടങ്ങുന്ന സംഘം ഓരോ ജില്ലയിലും മിന്നല്‍ പരിശോധന നടത്തുന്നതിനും  തീരുമാനിച്ചിട്ടുണ്ട്.

 

Latest News