യുവാവിനെ വെട്ടി കൊലപ്പെടുത്തി രക്ഷപ്പെട്ട കേസിലെ പ്രതി 20 വര്‍ഷത്തിനുശേഷം പിടിയില്‍

തൃശൂര്‍ - ഇരുപത് വര്‍ഷം മുന്‍പ് ചാമക്കാലയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തി രക്ഷപ്പെട്ട കേസിലെ പ്രതി പോലീസ് പിടിയില്‍.
2003 ഡിസംബര്‍ ചാമക്കാല സ്വദേശിയായ ശ്രീനാഥിനെ ചാമക്കാല ഹൈസ്‌കൂളിന്റെ പരിസരത്തുവെച്ച് ചാമക്കാലയിലെ ക്രിമിനലായ ഷിജിലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ആക്രമിച്ച് വാളു കൊണ്ട് വെട്ടി മൃതപ്രായനാക്കി എടുത്തുകൊണ്ടുപോയി തോട്ടിലെ വെള്ളത്തില്‍ താഴ്ത്തി കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട ബാലന്‍ എന്നറിയപ്പെടുന്ന റെജിയാണ് രണ്ടു പതിറ്റാണ്ടിനു ശേഷം പോലീസിന്റെ പിടിയിലായത്.
സംഭവ   ശേഷം പോലീസിന് പിടി കൊടുക്കാതെ  കോയമ്പത്തൂരിലുള്ള ഉക്കടത്തേക്ക് രക്ഷപ്പെടുകയും, അവിടെ നിന്നും മാറി തമിഴ്‌നാടിന്റെ വിവിധ സ്ഥലങ്ങളില്‍ പലവിധ പേരുകളില്‍ ഒളിവില്‍ താമസിച്ചു വരികയുമായിരുന്നു.
തൃശൂര്‍ റൂറല്‍  ജില്ല പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്‌റെയുടെ   നിര്‍ദ്ദേശാനുസരണം കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍  ശങ്കറിന്റെ നേതൃത്വത്തിലുള്ള   അന്വേഷണസംഘമാണ് തമിഴ്‌നാട് രാമനാഥപുരത്തുനിന്ന്  പ്രതിയെ  പിടികൂടിയത്.
 റെജി സംഭവശേഷം ചാമക്കാലയില്‍ നിന്ന് രക്ഷപ്പെട്ട് കോയമ്പത്തൂര്‍ ഉക്കടത്ത് എത്തി ചായക്കടയില്‍ ജോലി ചെയ്യുകയായിരുന്നു.
പോലീസ് അന്വേഷിച്ച് എത്തിയ സമയം അവിടെ നിന്ന് രക്ഷപ്പെട്ട് തിരുപ്പൂരിലേക്ക് പോകുകയുമായിരുന്നു. തുടര്‍ന്ന് പ്രതി വിവിധ ജോലികളില്‍ ഏര്‍പ്പെടുകയും ശേഷം കോയമ്പത്തൂരിലെ രാമനാഥപുരത്ത് എത്തി അവിടുത്തെ ഇറച്ചി വെട്ടുകടയില്‍ ജോലി ചെയ്യുകയുമായിരുന്നു.
 തുടര്‍ന്ന് അവിടെയുള്ള തമിഴ്‌നാട്ടുകാരിയെ വിവാഹം കഴിച്ച് വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെ ജീവിച്ചു വരികയുമായിരുന്നു.
ഇതിനിടെ  പ്രതിയെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നാട്ടുകാരില്‍ ആരോ കണ്ടതായുള്ള  വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം നിരവധി സി സി ടി വി കള്‍ പരിശോധിച്ചതില്‍  പ്രതി കോയമ്പത്തൂര്‍ ബസ്സില്‍ കയറുന്നത് കണ്ടെത്തി.തുടര്‍ന്ന് ബസ് കണ്ടക്ടറെ കണ്ട് ചോദിച്ചതില്‍ പ്രതി കോയമ്പത്തൂരിലെ രാമനാഥപുരത്ത് ഇറങ്ങിയതായി  മനസ്സിലായി.
ശേഷം നടത്തിയ അന്വേഷണത്തില്‍  പ്രതിക്ക് രാമനാഥപുരത്തുള്ള ബന്ധങ്ങളെ കുറിച്ച് സൂചന ലഭിക്കുകയും അന്വേഷണസംഘം വേഷപ്രഛന്നരായി റെജി ജോലി ചെയ്തിരുന്ന ഇറച്ചിക്കടയില്‍ എത്തി ഇറച്ചി വാങ്ങുകയും തന്ത്രപൂര്‍വ്വം പ്രതിയുടെ വിവിധ ഫോട്ടോകള്‍ എടുത്ത് നാട്ടില്‍ റെജിയെ പരിചയമുള്ള ആളുകള്‍ക്ക് അയച്ചുകൊടുത്ത് പ്രതി തന്നെയാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം   ഇറച്ചിക്കട വളഞ്ഞ്   പ്രതിയെ  പിടികൂടുകയുമായിരുന്നു.

 

Latest News