Sorry, you need to enable JavaScript to visit this website.

16കാരിയെ വനത്തില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു; യുവാവ് പിടിയില്‍

തൊടുപുഴ- പ്രണയം നടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി വനത്തിനുള്ളിലെത്തിച്ച് പീഡിപ്പിച്ച 19കാരന്‍ പോലീസ് പിടിയില്‍. തൊമ്മന്‍കുത്ത് പുത്തന്‍പുരയ്ക്കല്‍ യദുകൃഷ്ണനെയാണ് കരിമണ്ണൂര്‍ എസ്.എച്ച്.ഒ കെ.ജെ ജോബിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 15 മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ പോലീസില്‍ പരാതി നല്‍കി.
പോലീസ് അന്വേഷണത്തില്‍ യദുകൃഷ്ണനുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടെന്ന് കണ്ടെത്തി. ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ രഹസ്യമായി പാര്‍പ്പിച്ചിരിക്കുന്നതായി വെളിപ്പെടുത്തിയത്. പിന്നാലെ ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
തൊമ്മന്‍കുത്ത് തേക്ക് പ്ലാന്റേഷനിലെ ഇടിഞ്ഞുപൊളിഞ്ഞ വീട്ടിലാണ് യദുകൃഷ്ണന്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡനത്തിന് വിധേയയാക്കിയത്. പെണ്‍കുട്ടിയെ വന്യമൃഗങ്ങളുള്ള കാട്ടിനുള്ളിലിരുത്തിയ ശേഷം തൊമ്മന്‍കുത്ത് ടൗണിലെത്തി ദോശ വാങ്ങി എത്തിച്ച് നല്‍കിയിരുന്നു. കാണാതായ ശേഷം രണ്ട് തവണയാണ് പെണ്‍കുട്ടി ആഹാരം കഴിച്ചത്. പോലീസ് കണ്ടെത്തിയപ്പോള്‍ പെണ്‍കുട്ടി അവശനിലയിലായിരുന്നു.
പെണ്‍കുട്ടി പീഡനത്തിന് വിധേയയായതായി വൈദ്യ പരിശോധനയില്‍ വ്യക്തമായി. ഇതോടെ യദുകൃഷ്ണനെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പട്ടിക ജാതി-വര്‍ഗ പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പും ചുമത്തി.  കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചിത്രം-യദുകൃഷ്ണന്‍

 

Latest News