തൊടുപുഴ- മാതാപിതാക്കളില്ലാത്ത സമയം വീട്ടില്‍ കയറി പതിനഞ്ചുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ മുടിയ്ക്കല്‍ പാലക്കാട്ടുതാഴം മുക്കാട വീട്ടില്‍ മൈതീനെ(46) ആണ് തൊടുപുഴ എസ്ഐ അജയകുമാറും ഡിവൈ.എസ്.പി സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. മണക്കാട് നെല്ലിക്കാവില്‍ കഴിഞ്ഞ ഏഴിനായിരുന്നു സംഭവം.
തുണി ഇന്‍സ്റ്റാള്‍മെന്റില്‍ വില്‍പ്പന നടത്തുന്ന പ്രതി ഇതിന്റെ പണം പിരിക്കാനെത്തിയപ്പോഴായിരുന്നു അതിക്രമം നടത്തിയത്. വീട്ടിലെത്തിയ അമ്മയോട് കുട്ടി വിവരം പറയുകയായിരുന്നു. കഴിഞ്ഞ 21ന് വീണ്ടുമെത്തിയപ്പോഴും ഇതേ രീതിയില്‍ കുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിനു മുതിര്‍ന്നപ്പോള്‍ മാതാവ് കാണുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. ഇവര്‍ നിര്‍ദേശിച്ചതനുസരിച്ച് കുട്ടി പോലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.






