തിരുവനന്തപുരം - സ്വകാര്യ ബസ്സുടമകളുടെ സംയുക്ത സമര സമിതി പ്രഖ്യാപിച്ച ജൂണ്‍ ഏഴ് മുതല്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്ന് ഒരു വിഭാഗം ബസ്സുടമകള്‍ പിന്മാറി. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനാണ് പണിമുടക്കിയുള്ള സമരത്തിന് ഇല്ലെന്നു നിലപാടെടുത്തത്. പകരം സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തും. ഗതാഗത മന്ത്രി ആന്റണി രാജുവുമായി ബസ് ഉടമാ സംഘടനാ നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരിന്നില്ല. വിദ്യാര്‍ഥികളുടെ കണ്സഷന് ചാര്‍ജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കുക, മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ തുടരാന്‍ അനുവദിക്കുക, നിലവിലെ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമരസമിതി മുന്നോട്ടുവെച്ചിട്ടുള്ളത്.