Sorry, you need to enable JavaScript to visit this website.
Wednesday , May   31, 2023
Wednesday , May   31, 2023

പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ താരിഖ് റമദാനെ ബലാത്സംഗ കേസില്‍ കുറ്റവിമുക്തനാക്കി

ജനീവ- പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ താരിഖ് റമദാനെ ബലാത്സംഗ കേസില്‍ സ്വിസ് കോടതി കുറ്റവിമുക്തനാക്കി. 2008ല്‍ ജനീവയിലെ ഹോട്ടലില്‍ വെച്ച് തന്നെ താരിഖ് റമദാന്‍ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് സ്വിസ് യുവതിയാണ് കേസ് ഫയല്‍ ചെയ്തിരുന്നത്.
താരിഖ് റമദാന്റെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടയായി ഇസ്ലാം മതം സ്വീകരിച്ച യുവതി  ക്രൂരമായ ലൈംഗികാതിക്രമത്തിനും മര്‍ദനത്തിനും അപമാനത്തിനും ഇരയായെന്നാണ് കോടതിയില്‍ പറഞ്ഞിരുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റ് പ്രൊഫസറായിരുന്ന താരിഖ് ഒരു കോണ്‍ഫറന്‍സിന് ശേഷം കോഫി കുടിക്കാന്‍ ക്ഷണിച്ചതിന് ശേഷമാണ് പീഡിപ്പിച്ചതെന്നും അവര്‍ മൊഴി നല്‍കിയിരുന്നു. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി താരിഖ് റമദാനെ കുറ്റവിമുക്തനാക്കിയത്.
കുറ്റം തെളിഞ്ഞാല്‍ അറുപതുകാരനായ ഇദ്ദേഹത്തിന് മൂന്ന് വര്‍ഷം വരെ തടവ് വിധിക്കുമായിരുന്നു. യുവതിയെ കണ്ടുമുട്ടിയതായി സമ്മതിച്ച താരിഖ് റമദാന്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു.
ഒരിക്കല്‍ ഇസ്‌ലാമിക ചിന്തയിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന താരിഖ് റമദാന്‍ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമാണ് നേരിട്ടത്. 2004ല്‍ ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാളായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
2007ല്‍ ഓക്‌സ്‌ഫോര്‍ഡ് സെന്റ് ആന്റണീസ് കോളേജില്‍ ഇസ്‌ലാമിക് സ്റ്റഡീസ് പ്രൊഫസറായി. ഫ്രാന്‍സില്‍, നിരവധി പ്രമുഖ അക്കാദമിക് വിദഗ്ധര്‍ യഹൂദ വിരുദ്ധത ആരോപിച്ച് താരിഖ് റമദാനെതിരെ രംഗത്തുവന്നിരുന്നു.

 

 

 

Latest News