ദല്‍ഹിയിലെ ഇരുനില വീട്ടില്‍ 11 മൃതദേഹങ്ങള്‍ കണ്ടെത്തി

ന്യൂദല്‍ഹി- തലസ്ഥാനത്തെ ബുരാരി പ്രദേശത്തെ ഒരു വീട്ടില്‍ 11 മൃതദേഹങ്ങള്‍ കണ്ടെത്തി. ഏഴു സ്ത്രീകളേയും നാല് പുരുഷന്മാരേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എല്ലാവരും ബന്ധുക്കളാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഏതാനും മൃതദേഹങ്ങള്‍ തൂങ്ങിയനിലയിലും ചിലരുടെ കൈകള്‍ ബന്ധിച്ച നിലയിലുമാണ്. അയല്‍ക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. മരിച്ചവരില്‍ കുട്ടികളുമുണ്ട്. പോലീസ് കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി മരിച്ചവരുടെ ബന്ധുക്കളെ വിളിച്ചിരിക്കയാണെന്ന് പോലീസ് പറഞ്ഞു.

 
 
ബുരാരി പ്രദേശത്തെ സന്ത് നഗറില്‍ 24-ാം നമ്പര്‍ സ്ട്രീറ്റിലെ ഇരുനില വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടത്. കൂട്ടആത്മഹത്യയാണോ മറ്റുള്ളവരെ കൊലപ്പെടുത്തി ഒരാള്‍ തൂങ്ങിമരിച്ചതാണോയെന്ന് സംശയിക്കുന്നു.
കുടുംബത്തിന് സമീപത്തെ ഗുരുദ്വാരക്ക് സമീപം  ഒരു കടയുണ്ട്. ഫര്‍ണിച്ചര്‍ വ്യാപാരമുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Latest News