പ്രതീക്ഷിച്ച തിരിച്ചുവിളി

എല്ലാവരും പ്രതീക്ഷിച്ചത് തന്നെ  സംഭവിച്ചു. നിരവധി സവിശേഷതകളുമായി ജന്മം കൊണ്ട 2000 ന്റെ നോട്ടുകൾ നമ്മെ വേർപിരിയുകയാണ്. ഇതിൽ അതിശയിക്കാനൊന്നുമില്ലെന്നതാണ് സത്യം. മൂപ്പർ കുറച്ചുകാലമായി അതിനുള്ള തയാറെടുപ്പിലായിരുന്നു. പല ബാങ്ക് ശാഖകളിലും ഇടപാടുകാർക്ക് ഇത് കൊടുക്കാതെയായിട്ട് മാസങ്ങളായി. എടിഎമ്മുകളിൽ അഞ്ഞൂറിന്റെ സർവാധിപത്യമാണ്. 
2000 ഒഴിഞ്ഞു പോകുന്നതിനെ കുറിച്ച് പല കഥകളും അന്തരീക്ഷത്തിലുണ്ട്. കർണാടകയിലെ പരാജയം മറച്ചു വെക്കാനാണിത് ചെയ്തതെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അഭിപ്രായപ്പെട്ടത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ചെലവാക്കാൻ പ്രതിപക്ഷം ഗോഡൗണുകളിൽ നിറച്ച പണം ഉപയോഗ ശൂന്യമാക്കാനുള്ള അടവായും ചിലർ വ്യാഖ്യാനിച്ചു. സോഷ്യൽ മീഡിയയിൽ കണ്ട രസകരമായ പ്രയോഗം കർണാടകയിൽ രണ്ടായിരം വാങ്ങി വോട്ട് നൽകാതിരുന്നുവർക്കുള്ള പണിയാണിതെന്നാണ്. ഇൻസ്റ്റ റീലിൽ വന്ന് ഒരു ചേച്ചി അടുത്തിടെ നൽകിയ സാരോപദേശം വൈറലായിരുന്നു. അതിലവർ പറഞ്ഞത് നമ്മുടെ കൈവശമുള്ള രഹസ്യമായി സൂക്ഷിച്ച ആ ചുവന്ന വലിയ നോട്ട് പുറത്തെടുക്കുക. ഭാവിയെ പറ്റിയൊന്നും തല പുകഞ്ഞാലോചിക്കാതെ ഈ പണമുപയോഗിച്ച് ഏറ്റവും ഇഷ്ടമുള്ള സ്ഥലത്തേക്ക് യാത്ര ചെയ്യുക, താൽപര്യമുള്ള ഭക്ഷണം കഴിക്കുക എന്നൊക്കെയായിരുന്നു. പെരുന്നാൾ പൈസയായും വിഷുക്കൈനീട്ടമായും ലഭിച്ച 2000 നോട്ടുകൾ സ്വകാര്യമായി സൂക്ഷിച്ചവർക്ക് ഒരുണർത്തു പാട്ടായി ഇൻസ്റ്റഗ്രാമിലെ മുന്നറിയിപ്പ്. 
2016 ൽ പുറത്തിറങ്ങിയ 2000 രൂപ നോട്ട് വെറും  ഏഴ് വർഷം കൊണ്ടാണ് റിസർവ് ബാങ്ക് തിരിച്ചുവിളിച്ചത്. 2000 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് ഉടൻ തന്നെ നിർത്താൻ ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 21,000 കോടി രൂപ ചെലവിട്ടാണ് 2000 ന്റെ നോട്ടുകൾ റിസർവ് ബാങ്ക് അടിച്ചിറക്കിയത്. ജനങ്ങൾക്ക് കൈവശമുള്ള 2000 രൂപ നോട്ടുകൾ മാറ്റാനോ ബാങ്കിൽ നിക്ഷേപിക്കാനോ നാല് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടായ ഈ തീരുമാനത്തെ 2016 ലെ നോട്ടുനിരോധനത്തോട് താരതമ്യം ചെയ്യേണ്ടതില്ല എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഇപ്പോഴത്തെ തീരുമാനത്തിൽ ആളുകൾ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും ഇവർ വ്യക്തമാക്കുന്നുണ്ട്. 
രാജ്യത്ത് പ്രചാരത്തിലുള്ള കറൻസിയുടെ 86 ശതമാനത്തോളം വരുന്ന 500, 1000 രൂപ നോട്ടുകൾ ഒറ്റ രാത്രി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി അസാധുവായി പ്രഖ്യാപിച്ചതായിരുന്നു 2016 ലെ നോട്ടുനിരോധനം. 2016 നവംബർ എട്ടിന് രാത്രി എട്ട് മണിക്ക് അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോൾ 500, 1000 നോട്ടുകളുടെ നിരോധനം ആണെന്ന് ബോധ്യപ്പെട്ടതോടെ എല്ലാവരും നെഞ്ചത്ത് കൈവെച്ചുപോയി. പിന്നീടുള്ള ദിവസങ്ങൾ രാജ്യം കണ്ടത് സമാനതകളില്ലാത്ത കാഴ്ചകളായിരുന്നു. കൈയിലുള്ള ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ മാറ്റിയെടുക്കാൻ ജനം പൊരിവെയിലത്ത് ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിന്നു. ഇതിനിടയിൽ നിരവധി പേർ കുഴഞ്ഞ് വീണ് മരണങ്ങൾ വരെയുണ്ടായെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. സർക്കാർ വലിയ അവകാശവാദങ്ങൾ തുടക്കത്തിൽ ഉയർത്തിയിരുന്നെങ്കിലും സാമ്പത്തിക വിദഗ്ധർ അടക്കം രാജ്യം കണ്ട ഏറ്റവും മണ്ടൻ തീരുമാനമായി നോട്ട് നിരോധനത്തെ വിലയിരുത്തി. 
ഇപ്പോൾ ആർബിഐയോ സർക്കാരോ ഇത്തവണ 2000 രൂപ നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും മൂല്യമുള്ള കറൻസി നോട്ടും 2000 ത്തിന്റേതായിരുന്നു. നിലവിൽ മൊത്തം കറൻസിയുടെ 10.8 ശതമാനം മാത്രമാണ് 2000 രൂപ നോട്ടുകൾ എന്നാണ് റിസർവ് ബാങ്കിന്റെ വിശദീകരണം. അതിനാൽ തന്നെ 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് ജനങ്ങൾക്ക് വലിയ ആഘാതമുണ്ടാക്കില്ല എന്നാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറയുന്നത്.
നിലവിൽ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ 89 ശതമാനവും 2017 മാർച്ചിന് മുമ്പാണ് അച്ചടിച്ചത്. നാലോ അഞ്ചോ വർഷത്തേക്ക് എന്ന് കണക്കാക്കിയാണ് 2000 രൂപ നോട്ടുകൾ പ്രിന്റ് ചെയ്തിരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. 2018 മാർച്ച് 31 ന് പ്രചാരത്തിലുള്ള നോട്ടുകൾ 37.3% ആയിരുന്നെങ്കിൽ 2023 മാർച്ചിൽ അത് 10.8% മാത്രമാണ് എന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. ഇവ ഇപ്പോഴും നിയമപരമായി തുടരുമെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇടപാടുകൾക്കായി 2000 രൂപ നോട്ട് ഉപയോഗിക്കാം. നോട്ടുകളുടെ മൂല്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ 2016 ലെ നോട്ടുനിരോധന സമയത്ത് 500, 1000 രൂപ നോട്ടുകൾക്ക് ഒറ്റ രാത്രികൊണ്ട് മൂല്യം നഷ്ടപ്പെട്ടിരുന്നു. അതിനാൽ ഇത് രണ്ടും വ്യത്യസ്തങ്ങളായ സാഹചര്യങ്ങളാണ്. 
പൊതുജനങ്ങൾക്ക് മികച്ച നിലവാരമുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാൻ ആർബിഐ സ്വീകരിച്ച നയമാണിത്. ക്ലീൻ നോട്ട് നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് വശദീകരണം. അങ്ങനെയെങ്കിൽ മുഷിഞ്ഞ വയലറ്റ് കളറിലെ നൂറ്, ഇളം പച്ച നിറത്തിലെ അമ്പത് നോട്ടുകളെ ക്ലീനാക്കിയെടുക്കേണ്ടതാണ്. 
2016 ലെ നോട്ട് നിരോധനത്തിൽ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും തന്നെ വലിയ തോതിൽ നടപ്പിലായില്ലെന്നുള്ളതാണ് സത്യം. 15.44 ലക്ഷം കോടി രൂപ മൂല്യമുള്ള കറൻസികൾ നിരോധനം വഴി പിൻവലിച്ചപ്പോൾ, 15.28 ലക്ഷം കോടി രൂപയും ബാങ്കുകളിൽ തിരികെയെത്തി. ഇതോടെ കള്ളപ്പണ നിരോധനമെന്ന അവകാശവാദം തകർന്നടിഞ്ഞു. രണ്ടു ലക്ഷം രൂപയിൽ കൂടുതൽ പണം നിക്ഷേപിക്കപ്പെട്ട അക്കൗണ്ടുകൾ കണ്ടെത്താൻ കഴിഞ്ഞു എന്ന് സർക്കാർ അവകാശപ്പെട്ടെങ്കിലും ഇതിൽ കള്ളനോട്ടുകാരുടേത് എത്രയെന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് ആർക്കും ഉത്തരമില്ല. കള്ളനോട്ട് തടയുക എന്നായിരുന്നു മറ്റൊരു അവകാശവാദമെങ്കിൽ 1000, 500 നോട്ടുകൾക്ക് പകരമായി ഇറങ്ങിയ 2000 ന്റെ നോട്ടുകൾ കള്ളനോട്ട് അടിക്കാരുടെ പണി കൂടുതൽ എളുപ്പമാക്കിയെന്ന് വേണം വിലയിരുത്താൻ. 2015 - 2016 സാമ്പത്തിക വർഷത്തിൽ പിടിച്ചതിനേക്കാൾ കള്ളനോട്ട് 2016 - 2017 സാമ്പത്തിക വർഷത്തിൽ പിടിച്ചുവെന്നാണ് കണക്ക്. പിന്നീടുള്ള വർഷങ്ങളിലും ഇത് കൂടി വന്നു. അക്കൂട്ടത്തിൽ ഏറിയ പങ്കും പുതിയ 500, 2000 നോട്ടുകളായിരുന്നു.  2021 - 22 സാമ്പത്തിക വർഷത്തിൽ കള്ളനോട്ടുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചെന്നാണ് ആർബിഐ പറയുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 500 രൂപയുടെ വ്യാജനോട്ടിൽ 101.9 ശതമാനവും 2000 രൂപയുടെ വ്യാജ നോട്ടിൽ 54.16 ശതമാനവും വർധനയുണ്ടായി എന്നാണ് ആർ ബി ഐ കണ്ടെത്തിയത്. 
ഇന്ത്യയിലിപ്പോഴും വ്യാപകമായി കള്ളനോട്ടുകൾ പ്രചരിക്കുന്നു. 137 കോടി രൂപയുടെ കള്ളനോട്ടുകളാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പിടികൂടിയത്. ഇതിൽ ഭൂരിഭാഗവും രണ്ടായിരത്തിന്റേതായിരുന്നു. അഞ്ഞൂറിന്റെ നോട്ടുകളിൽ വ്യാജൻ കൂടുതലാണ്. വടക്കൻ കേരളത്തിലെ പ്രധാന നഗരത്തിലെ ഷെഡ്യൂൾഡ് ബാങ്ക് ശാഖയിലെ കാഷ്യർ മേഖല ഓഫീസിൽ വിളിച്ച് കൗണ്ടറിൽ ലഭിച്ച നോട്ടുകളിലെ കള്ളനോട്ട് സാന്നിധ്യത്തെ കുറിച്ച് പറഞ്ഞിരുന്നു. 
ക്ലീൻ പോളിസിയുടെ ഭാഗമായി അഞ്ഞൂറിന്റെ നോട്ടുകളെയും തിരിച്ചുവിളിക്കാൻ സാധ്യതയേറെയാണ്. പ്രചാരത്തിലുള്ള പ്രധാന കറൻസികൾ ഇടക്കിടെ മാറ്റുന്നത് ആരോഗ്യകരമായി മുന്നേറുന്ന സമ്പദ്ഘടനക്ക് ദോഷമേ ചെയ്യൂ.

Latest News