സൗദിയില്‍ കാലാവധി അവസാനിച്ച് മൂന്നാംദിവസം വരെ ഫാമിലി വിസിറ്റ് വിസ ദീര്‍ഘിപ്പിക്കാം

ജിദ്ദ - ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി ഫാമിലി വിസിറ്റ് വിസകള്‍ ദീര്‍ഘിപ്പിക്കാനുള്ള അപേക്ഷകള്‍ എളുപ്പത്തില്‍ നല്‍കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുമെന്ന് അബ്ശിര്‍ പറഞ്ഞു. കാലാവധി അവസാനിക്കുന്നതിനു ഏഴു ദിവസം മുമ്പു മുതല്‍ കാലാവധി അവസാനിച്ച് മൂന്നാം ദിവസം വരെ ഓണ്‍ലൈന്‍ വഴി ഫാമിലി വിസിറ്റ് വിസകള്‍ ദീര്‍ഘിപ്പിക്കാന്‍ സാധിക്കും.
അബ്ശിറില്‍ തങ്ങളുടെ അക്കൗണ്ടില്‍ പ്രവേശിച്ച് ഫാമിലി മെമ്പേഴ്‌സ് ടാബില്‍ നിന്ന് സേവനങ്ങള്‍ (ഖിദ്മാത്ത്), ഫാമിലി വിസിറ്റ് വിസ ദീര്‍ഘിപ്പിക്കല്‍ എന്നിവ യഥാക്രമം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കിയും രേഖകള്‍ അറ്റാച്ച് ചെയ്തും ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കുകയാണ് വേണ്ടതെന്ന് അബ്ശിര്‍ പറഞ്ഞു.
അതേസയമം, രണ്ടര ലക്ഷത്തിലേറെ സൗദി തിരിച്ചറിയല്‍ രേഖകള്‍ അബ്ശിര്‍ വഴി ഇതുവരെ പുതുക്കി നല്‍കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാരുടെ മുഖങ്ങള്‍ തിരിച്ചറിയാനുള്ള ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സേവനം സിവില്‍ അഫയേഴ്‌സ് ഓഫീസുകളെ നേരിട്ട് സമീപിക്കേണ്ടതില്ലാതെ തിരിച്ചറിയല്‍ രേഖകള്‍ പുതുക്കാനുള്ള അപേക്ഷകള്‍ നല്‍കാന്‍ സ്വദേശികളെ സഹായിക്കുന്നു. കാലാവധി അവസാനിക്കാന്‍ 180 ഉം അതില്‍ കുറവും ദിവസം ശേഷിക്കെ അബ്ശിര്‍ വഴി സൗദി തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഓണ്‍ലൈന്‍ ആയി പുതുക്കാന്‍ സാധിക്കും.
ഗുണഭോക്താവ് അബ്ശിറിലെ തന്റെ അക്കൗണ്ട് വഴി വ്യവസ്ഥകളുമായി ഒത്തുപോകുന്ന ഫോട്ടോ സമര്‍പ്പിച്ചും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതുക്കുന്ന തിരിച്ചറിയല്‍ രേഖ സ്വന്തം വിലാസത്തില്‍ തപാല്‍ മാര്‍ഗം എത്തിക്കാന്‍ അപേക്ഷ നല്‍കിയുമാണ് തിരിച്ചറിയല്‍ രേഖ പുതുക്കാന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.

 

 

Latest News