Sorry, you need to enable JavaScript to visit this website.

മുഴുവൻ വിസകൾക്കും വിരലടയാളം നിർബന്ധമാക്കുന്നത് വി.എഫ്.എസ് കേന്ദ്രങ്ങളിൽ തിരക്ക് കൂട്ടും

റിയാദ് - ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്കുള്ള എല്ലാ വിസകളും സ്റ്റാമ്പ് ചെയ്യുന്നതിന് ബയോമെട്രിക് (വിരലടയാളം) രജിസ്ട്രേഷൻ നിർബന്ധമാക്കിയതോടെ വി.എഫ്.എസ് കേന്ദ്രങ്ങളിൽ തിരക്കേറി. തൊഴിൽ, സന്ദർശനം അടക്കമുള്ള എല്ലാ വിസകളും സ്റ്റാമ്പ് ചെയ്യുന്നതിന് അപേക്ഷകർ നേരിട്ട് വി.എഫ്.എസ് കേന്ദ്രങ്ങളിൽ ചെന്ന് ബയോമെട്രിക് രേഖപ്പെടുത്തണമെന്നും അതിന് ശേഷമേ വിസ നടപടികളിലേക്ക് പ്രവേശിക്കുകയുള്ളൂവെന്നും മുംബൈ കോൺസുലേറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തൊഴിൽവിസ അപേക്ഷകർക്ക് ഈ മാസം 29 മുതലാണ് ബയോമെട്രിക് രേഖപ്പെടുത്തൽ നിർബന്ധമാക്കിയത്. 
ബയോമെട്രിക് എടുക്കാത്ത ഏത് വ്യക്തിയുടെ പേരിലും വിസ സ്റ്റാമ്പ് ചെയ്യില്ലെന്ന് കോൺസുലേറ്റ് വ്യക്തമാക്കി. വിരലടയാളം രേഖപ്പെടുത്താനുള്ള സൗകര്യം വി.എഫ്.എസ് കേന്ദ്രങ്ങളിൽ മാത്രമാണുളളത്. കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ലഖ്നൗ, അഹമ്മദാബാദ്, കൊൽക്കത്ത, ദൽഹി എന്നിവിടങ്ങളിലായി ആകെ ഒമ്പത് കേന്ദ്രങ്ങളാണ് വി.എഫ്.എസിനുള്ളത്. ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വിസ അപേക്ഷകൻ വിരലടയാളം നൽകണം. ശേഷം വിസ നടപടികൾക്ക് തുടക്കമാകും.
സൗദിയിലേക്കുള്ള സന്ദർശക വിസക്കാർ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് വി.എഫ്.എസ് കേന്ദ്രങ്ങളിൽ നേരിട്ടെത്തി വിരലടയാളമെടുക്കണമെന്ന വ്യവസ്ഥ പ്രാബല്യത്തിലായത് ഈ മാസം ആദ്യം മുതലാണ്. വി.എഫ്.എസിന്റെ കൊച്ചി ശാഖയാണ് കേരളത്തിൽനിന്നുള്ളവർക്ക് സൗകര്യപ്രദമായത്. ഓൺലൈനിൽ ബുക്ക് ചെയ്ത സമയത്ത് മാത്രമേ വി.എഫ്.എസിൽ പ്രവേശനം നൽകുകയുള്ളൂ. വി.എഫ്.എസിന്റെ താശീർ എന്ന വെബ്സൈറ്റ് വഴിയാണ് സമയം ബുക്ക് ചെയ്യേണ്ടത്. റഗുലർ, ലോഞ്ച് എന്നിങ്ങനെ രണ്ടുതരം അപോയിൻമെന്റുകളുണ്ട്. ഇതിൽ ലോഞ്ച് സർവീസിൽ ബുക്ക് ചെയ്യാൻ പാസ്പോർട്ടൊന്നിന് 15000 രൂപ വേണം. അവർക്ക് വി.ഐ.പി സർവീസ് ലഭിക്കും. നോർമൽ വിഭാഗത്തിന് 10000 രൂപയാണ് ചാർജ്.
ഒറിജിനൽ പാസ്പോർട്ട്, വിസ അപേക്ഷ ഫോം, വെള്ള പ്രതലത്തിലുള്ള രണ്ട് ഫോട്ടോ, പാസ്പോർട്ടിന്റെ ഫസ്റ്റ്, ലാസ്റ്റ് പേജുകളുടെ കോപ്പി, വിസ നൽകിയ ആളുടെ ഇഖാമ കോപ്പി, ബന്ധുക്കളുടെ ബന്ധം തെളിയിക്കുന്ന രേഖ, പാസ്പോർട്ടിൽ ഭാര്യയുടെ പേരില്ലെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് എന്നിവയുമായി നിശ്ചിത ദിവസം 15 മിനുട്ട് മുമ്പേ വി.എഫ്.എസ് കൗണ്ടറിലെത്തി ടോക്കണെടുക്കണം. പാസ്പോർട്ടും രേഖകളും കൗണ്ടറിൽ സബ്മിറ്റ് ചെയ്തതിന്റെ റസീപ്റ്റ് കൈപ്പറ്റണം. ദിവസങ്ങൾക്ക് ശേഷം കൊറിയർ ഓഫീസിലെത്തുന്ന രേഖകൾ സ്വീകരിക്കാൻ ഈ റസീപ്റ്റ് കാണിച്ചുകൊടുക്കേണ്ടിവരും. ഓൺലൈനിൽനിന്ന് വിസയുടെ പ്രിന്റൗട്ട് ലഭിക്കുകയും ചെയ്യും.
അതേസമയം ഒരുദിവസം 50 പേർക്ക് മാത്രമേ ഓൺലൈനിൽ സമയം ബുക്ക് ചെയ്യാനാകുന്നുള്ളൂ. നിസാരകാര്യങ്ങളുടെ പേരിൽ കൊച്ചിയിലെ വി.എഫ്.എസ് കൗണ്ടറുകളിൽനിന്ന് തിരിച്ചയക്കുന്നതായി പരാതിയുണ്ട്. കഴിഞ്ഞ ദിവസം ബുക്കിംഗെടുത്ത് കൗണ്ടറിലെത്തിയ കോഴിക്കോട് സ്വദേശിയെ കുട്ടിയുടെ ആദ്യപാസ്പോർട്ടില്ലെന്ന പേരിൽ തിരിച്ചയച്ചു. എന്നാൽ വി.എഫ്.എസ് നിയമാവലിയിൽ ഇക്കാര്യം ആവശ്യപ്പെടുന്നില്ല. ഇങ്ങനെ തിരിച്ചയക്കപ്പെടുകയോ സമയം ബുക്ക് ചെയ്ത് ഹാജരാകാതിരിക്കുകയോ ചെയ്യുന്നവർക്ക് ഒരാഴ്ച കഴിഞ്ഞ് മാത്രമേ മറ്റൊരു തിയ്യതി ബുക്ക് ചെയ്യാനാവുകയുള്ളൂ. ഇത് വരെ സൗദി വിസകൾക്ക് 4ത6 സൈസ് ഫോട്ടോയാണ് അപേക്ഷയോടൊപ്പം നൽകിയിരുന്നത്. ഇത്തരം ഫോട്ടോയുമായി എത്തുന്നവരോട് പാസ്പോർട്ട് സൈസ് ഫോട്ടോ കൊണ്ടുവരാനാണ് ആവശ്യപ്പെടുന്നത്. പുതിയ സ്റ്റാഫ് ആയതിനാലുള്ള പരിചയക്കുറവും അപേക്ഷ സ്വീകരിക്കുന്നതിൽ പ്രകടമാണെന്നാണ് വിലയിരുത്തൽ.
തൊഴിൽ വിസ അപേക്ഷകർ ഈ മാസം 29 മുതൽ വി.എഫ്.എസ് കേന്ദ്രങ്ങളിൽ ചെന്ന് വിരലടയാളമെടുക്കണമെന്ന് സൗദി കോൺസുലേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. വിരലടയാളമെടുത്ത ശേഷമാണ് വിസ നടപടികൾ തുടങ്ങുക. വിരലടയാളം എടുത്തശേഷം തിരിച്ചുവന്ന് മെഡിക്കൽ പരിശോധന പൂർത്തിയാക്കി പാസ്പോർട്ടും വിസ രേഖകളും ട്രാവൽ ഏജൻസികൾക്ക് നൽകാമെന്നും മറ്റു നടപടികൾ ട്രാവൽ ഏജൻസികൾ പൂർത്തിയാക്കുമെന്നുമാണ് നിലവിൽ ലഭ്യമായ വിവരമെന്ന് സഫിയ ട്രാവൽസ് സൗദി മാനേജർ അനസ് മലയാളം ന്യൂസിനോട് പറഞ്ഞു. ഫാമിലി സന്ദർശക വിസകൾ വി.എസ്.എഫിലേക്ക് മാറ്റിയപ്പോൾ തൊഴിൽ വിസയെ അതിൽനിന്ന് ഒഴിവാക്കിയിരുന്നു. ഏജൻസികളിൽനിന്ന് മുംബൈ കോൺസുലേറ്റ് നേരിട്ട് സ്വീകരിച്ച് സ്റ്റാമ്പിംഗ് പൂർത്തിയാക്കുകയായിരുന്നു. എന്നാൽ പെട്ടെന്നാണ് 29 മുതൽ നിയമം മാറുകയാണെന്ന് കോൺസുലേറ്റ് അറിയിച്ചത്.
സൗദി അറേബ്യയിൽ ക്രിമിനൽ കേസുകളിലോ മറ്റോ അകപ്പെട്ട് നാടുകടത്തൽ കേന്ദ്രങ്ങൾ വഴി നാട്ടിലേക്ക് പോയവർക്ക് തിരിച്ചുവരാൻ സാധിക്കില്ല. നിലവിൽ അത്തരക്കാർ സൗദിയിൽ പുതിയ വിസയിലെത്തിയാൽ വിമാനത്താവളത്തിൽ വിരലടയാളമെടുക്കുമ്പോൾ പിടിക്കപ്പെടുകയും അവരെ തിരിച്ചയക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ഇനി മുതൽ വി.എഫ്.എസിൽ വിരൽ വെക്കുമ്പോൾ തന്നെ അവർക്ക് സൗദിയിലേക്ക് പ്രവേശന വിലക്കുണ്ടോയെന്ന് മനസ്സിലാക്കാനാകും. പ്രവേശന വിലക്കില്ലെങ്കിൽ മാത്രം വിസ നടപടികൾ തുടർന്നാൽ മതി.
വിരലടയാളം നിർബന്ധമാക്കുന്നത് വിസ നടപടികളിൽ സുതാര്യത വരുത്താനാണെങ്കിലും വി.എഫ്.എസ് കേന്ദ്രങ്ങൾ കൂടുതൽ തുറക്കുന്നില്ലെങ്കിൽ വിസ അപേക്ഷകരെ അത് പ്രതികൂലമായി ബാധിച്ചേക്കും. നിലവിൽ തന്നെ മാസങ്ങളാണ് അപോയിൻമെന്റിന് എടുക്കുന്നത്. വിസ കാലാവധി അവസാനിച്ചാൽ പിന്നീട് പലർക്കും വിസ ലഭിക്കില്ല. അതേസമയം അഞ്ഞൂറിലധികം ട്രാവൽ ഏജൻസികൾ കൈകാര്യം ചെയ്ത വിസ സ്റ്റാമ്പിംഗ് നടപടികൾ ഒറ്റയടിക്ക് ഒമ്പത് വി.എഫ്.എസ് കേന്ദ്രങ്ങൾക്ക് ചെയ്യാനാകുമോയെന്നതാണ് ഉയർന്നുവരുന്ന ചോദ്യം. വിസ നടപടികളിലെ കാലതാമസം ഒഴിവാക്കാൻ നടപടികളെടുക്കാൻ സൗദി വിദേശകാര്യവകുപ്പിനോട് ഉന്നതതലങ്ങളിൽ ആവശ്യമുയരേണ്ടതുണ്ട്. പ്രവാസി സംഘടനകൾക്ക് ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്താനാകും.

Latest News