കോഴിക്കോട് - മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവം മലബാറിലെ വിദ്യാർഥികളോടുള്ള വിവേചനമാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
വലിയ നിരുത്തരവാദിത്തമാണ് ഇടതുപക്ഷ സർക്കാർ കാണിക്കുന്നത്. രണ്ട് പതിറ്റാണ്ടിലധികമായി കേരളത്തിലെ പൊതുസമൂഹവും വിദ്യാർഥികളും രക്ഷിതാക്കളും ഉന്നയിക്കുന്ന വിഷയമാണ് ഹയർ സെക്കണ്ടറി പഠനത്തിനും ഉന്നത വിദ്യാഭ്യാസത്തിനും കേരളത്തിലെ വടക്കൻ ജില്ലകളിൽ ആവശ്യത്തിന് സൗകര്യമില്ലെന്ന വസ്തുത. ഇത് സർക്കാറിനും ബോധ്യപ്പെട്ടതാണ്. എന്നാൽ അതാത് വർഷങ്ങളിൽ പരിമിതമായ അധിക സീറ്റുകൾ അനുവദിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
ഹയർ സെക്കണ്ടറി പ്രവേശനത്തിലെ പ്രശ്‌നങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കാൻ നിയോഗിക്കപ്പെട്ട വി.കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് ആഴ്ചകൾ പിന്നിട്ടു. മലബാറിൽ പുതിയ സ്ഥിരം ബാച്ചുകളും സ്‌കൂളുകളും അനുവദിക്കുക, വിദ്യാർഥികളുടെ എണ്ണം 50ൽ പരിമിതപ്പെടുത്തുക തുടങ്ങിയ മലബാറിലെ പ്രതിസന്ധിക്ക് പരിഹാരമായേക്കാവുന്ന ശിപാർശകളിൻമേൽ ഇതുവരെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. അധ്യായന വർഷാരംഭത്തിന് മുമ്പേ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിറ്റിക്ക് സർക്കാർ നിർദേശം നൽകിയത് ജനങ്ങളെ കബളിപ്പിക്കാൻ മാത്രമാണെന്ന് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നു.
ഉന്നതവിദ്യാഭ്യാസ മേഖലയിലും മലബാറിൽ പുതിയ കോളജുകൾ അനുവദിക്കുകയും കോഴ്‌സുകൾക്ക് സീറ്റുകൾ വർധിപ്പിക്കുകയും ചെയ്യണമെന്ന ശ്യാം പി മേനോൻ കമ്മീഷൻ ശിപാർശകളിലും സർക്കാർ നടപടിയെടുത്തിട്ടില്ല. കേരളത്തിലെ വടക്കൻ ജില്ലകളിൽ വിദ്യാഭ്യാസ സൗകര്യമേർപ്പെടുത്തുന്നതിൽ ഇടതുപക്ഷ സർക്കാറിനും അതിന് നേതൃത്വം നൽകുന്ന സി.പി.എമ്മിനും നയപരമായമായ വിയോജിപ്പോ സമ്മർദമോ ഉണ്ടെങ്കിൽ അക്കാര്യം കേരളത്തോട് തുറന്നു പറയുകയാണ് വേണ്ടത്. തുടരുന്ന വിവേചനം ഒരിക്കലും അനുവദിക്കാനാവില്ലെന്നും സംസ്ഥാന സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി.
കേരള അമീർ പി. മുജീബ്‌റഹ്മാൻ അധ്യക്ഷത വഹിച്ചു. എം.ഐ അബ്ദുൽ അസീസ്, വി.ടി അബ്ദുല്ലക്കോയ തങ്ങൾ, ശൈഖ് മുഹമ്മദ് കാരക്കുന്ന്, എം.കെ മുഹമ്മദലി, കെ.എ യൂസുഫ് ഉമരി, ശിഹാബ് പൂക്കോട്ടൂർ, അബ്ദുൽ ഹകീം നദ്‌വി എന്നിവർ സംസാരിച്ചു.