Sorry, you need to enable JavaScript to visit this website.

കുടംപുളി മുതല്‍ പടക്കം വരെ, എന്ത് കിട്ടിയാലും സുരേഷ്‌കുമാര്‍ കൈക്കൂലിയായി വാങ്ങും

പാലക്കാട് - കുടം പുളി മുതല്‍ പടക്കം വരെ കൈക്കൂലിയായി എന്ത് കിട്ടിയാലും വാങ്ങുന്നയാളാണ് കഴിഞ്ഞ ദിവസം വിജിലന്‍സിന്റെ പിടിയിലിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ്‌കുമാര്‍. ഇയാളുടെ മുറിയില്‍ പരിശോധന നടത്തിയ വിജിലന്‍സ് സംഘം ഇയാള്‍ കൈക്കൂലിയായി വാങ്ങിയ സാധനങ്ങള്‍ കണ്ട് ഞെട്ടിപ്പായി. പണത്തിന് പുറമെ, ഷര്‍ട്ട്, തേന്‍, കുടംപുളി, പടക്കം, പേന തുടങ്ങിയ സാധനങ്ങളും കണ്ടെടുത്തു. പണം മാത്രമല്ല എന്ത് കൈക്കൂലിയായി നല്‍കിയാലും സ്വീകരിക്കുന്ന പ്രകൃതക്കാരനാണ് സുരേഷ്‌കുമാറെന്ന് വിജിലന്‍സ് പറയുന്നു. കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകള്‍, മുണ്ടുകള്‍, ചാക്കില്‍ കെട്ടിയ കുടംപുളി 10 ലിറ്റര്‍ തേന്‍, പടക്കങ്ങള്‍, കെട്ടു കണക്കിന് പേനകള്‍ എന്നിവ സുരേഷ് കുമാറിന്റെ മുറിയില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. കൈക്കൂലി വാങ്ങി ലക്ഷങ്ങള്‍ സമ്പാദിച്ചിട്ടും വളരെ ലളിത ജീവിതമാണ് സുരേഷ്‌കുമാര്‍ നയിച്ചത്. 2500 രൂപ മാസവാടകയുള്ള മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിന്റെ എതിര്‍വശത്തുള്ള കെട്ടിടത്തിലെ മുറിയിലാണ് തിരുവനന്തപുരം സ്വദേശിയായ സുരേഷ്‌കുമാര്‍ താമസിച്ചിരുന്നത്. കാര്‍ഡ് ബോര്‍ഡ് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെ അലക്ഷ്യമായാണ് നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. കവറുകളും കടലാസ് പെട്ടികളും പൊടിയും മാറാലയും പിടിച്ചിരുന്നു. മാസങ്ങളായി വാങ്ങുന്ന പണം ചെലവഴിക്കാതെ ഇത്തരത്തിലാണ് 35 ലക്ഷം സൂക്ഷിച്ചിരുന്നത്. മുറിയില്‍ സൂക്ഷിച്ച പണത്തിന് പുറമെ, സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉള്‍പ്പെടെ 1.05 കോടി രൂപയുടെ രേഖയും കണ്ടെടുത്തു. 17 കിലോ നാണയവും കണ്ടെടുത്തിരുന്നു. മഞ്ചേരി സ്വദേശിയില്‍ നിന്ന് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സിന്റെ പിടിയിലായത്.

 

Latest News